വീഡിയോയിൽ വിദേശത്ത് നിന്നുള്ള യുവാവ് അവിടെ വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ പെറുക്കി മാറ്റുന്നത് കാണാം.
ഇന്ത്യയിലെ പല നഗരങ്ങളും പല വിനോദസഞ്ചാരകേന്ദ്രങ്ങളും ഒക്കെ നേരിടുന്ന പ്രധാന പ്രശ്നമാണ് മാലിന്യം വലിച്ചെറിയുക എന്നത്. പല സ്ഥലങ്ങളിലും വലിയ മാലിന്യക്കൂനകൾ തന്നെ കാണാം. എത്ര പറഞ്ഞാലും ആരും അതൊന്നും നീക്കം ചെയ്യാനോ, എന്തിന് വലിച്ചെറിയാതിരിക്കാനോ ശ്രമിക്കാറില്ല. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ഹിമാചൽ പ്രദേശിൽ നിന്നും വൈറലായി മാറുന്നത്.
ഇവിടെ വിനോദസഞ്ചാരകേന്ദ്രത്തിൽ വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ ഒരു വിദേശി യുവാവ് നീക്കം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. എന്നാലും നമ്മുടെ നാട്ടിൽ വന്ന്, നമ്മുടെ നാട്ടുകാർ വലിച്ചെറിയുന്ന മാലിന്യം നീക്കം ചെയ്യാൻ വിദേശത്ത് നിന്നെത്തിയ ഒരാൾ വേണ്ടിവന്നു എന്നത് ലജ്ജാകരം തന്നെയാണ് എന്നാണ് മിക്കവരും വീഡിയോയോട് പ്രതികരിച്ചത്.
നിഖിൽ സൈനി എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'നമ്മുടെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് വിദേശികളായ ടൂറിസ്റ്റുകൾ കൂടുതൽ ആശങ്കപ്പെടുമ്പോൾ നാട്ടുകാരായ ടൂറിസ്റ്റുകൾ ഇത്തരം മനോഹരമായ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ലജ്ജാകരമാണ്. ഇതിൽ സർക്കാരിനെയോ ഭരണകൂടത്തെയോ കുറ്റപ്പെടുത്തേണ്ടതില്ല. നമുക്ക് വൃത്തിയുള്ളൊരു രാജ്യം വേണമെങ്കിൽ മാറേണ്ടത് ജനങ്ങൾ തന്നെയാണ്. ഹിമാചലിലെ കാംഗ്രയിൽ നിന്നുള്ള ദൃശ്യങ്ങൾ' എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ വിദേശത്ത് നിന്നുള്ള യുവാവ് അവിടെ വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ പെറുക്കി മാറ്റുന്നത് കാണാം. 'സല്യൂട്ട് ബ്രോ' എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
ഇതുപോലെ നിരവധി പ്രശസ്തമായ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്ന വീഡിയോകൾ ആളുകൾ കമന്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിന്താഗതി മാറേണ്ടത് അനിവാര്യമാണെന്നും അനേകങ്ങൾ കമന്റ് നൽകി.
