ലോകത്ത് വീണ്ടും കൊവിഡ് വ്യാപിക്കുകയാണ്. ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതിയും മറിച്ചല്ല. ജനങ്ങളെ വീണ്ടും ആശങ്കയിൽ ആഴ്ത്തിക്കൊണ്ട് കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നു. ഒപ്പം തന്നെ വാക്സിനും എടുക്കുന്നുണ്ട്. എന്നാൽ, പലർക്കും വാക്സിനെടുക്കുന്നതിനോട് ഒരു വിമുഖതയുണ്ട്. വാക്സിനെടുത്താൽ മറ്റ് ആരോ​ഗ്യപ്രശ്‍നങ്ങളുണ്ടാകുമോ, അത് രോ​ഗം തടയില്ലേ തുടങ്ങി ഒരുപാട് കാരണങ്ങളാണ് അതിന് പറയപ്പെടുന്നത്. എന്നാൽ, ലോകത്തിൽ ആദ്യമായിട്ടല്ല വാക്സിനോട് ആളുകൾക്ക് ഇങ്ങനെ വിമുഖത തോന്നുന്നത്. അമേരിക്കയിൽ വസൂരി പടർന്നുപിടിച്ചപ്പോൾ വാക്സിൻ വിരുദ്ധരുടെ വലിയ കൂട്ടം തന്നെ രൂപപ്പെട്ടു. വാക്സിനെടുക്കാതിരിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുന്നതായിരുന്നു ഇവരുടെ രീതി. ഇത് ആരോ​ഗ്യവകുപ്പിനും മറ്റുമുണ്ടാക്കിയ തലവേദന ചില്ലറയല്ല.

 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്, അമേരിക്ക വസൂരി പകർച്ചവ്യാധിയുടെ പിടിയിലാകുന്നത്. 1899 മുതൽ 1904 വരെയുള്ള അഞ്ചുവർഷത്തിനിടെ 164,283 വസൂരി കേസുകളാണ് സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. എന്നാല്‍, യഥാർത്ഥ സംഖ്യ ഇതിന്‍റെ  അഞ്ചിരട്ടിയായിരിക്കാം എന്നും പറയപ്പെടുന്നു. മാരകമായ ഈ വൈറസിന്‍റെ വ്യാപനം മന്ദഗതിയിലാക്കാൻ, വസൂരി കുത്തിവയ്പ്പിനായി രാജ്യവ്യാപകമായി ശ്രമങ്ങൾ നടന്നു. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച നഗരങ്ങളിലും സംസ്ഥാനങ്ങളിലും വാക്സിനേഷൻ നിർബന്ധമായിരുന്നു. ജോലിക്ക് പോകാനോ പൊതുവിദ്യാലയത്തിൽ ചേരാനോ ട്രെയിനുകളില്‍ കയറാനോ തീയറ്ററിൽ പോകാനോ വാക്സിനേഷന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ആവശ്യമായി വന്നു. 

എന്നാല്‍, നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന തീരുമാനം നിരവധി അമേരിക്കക്കാരെ പ്രകോപിച്ചു. ഇവരെന്ത് ചെയ്‍തെന്നോ ആന്‍റി-വാക്സിനേഷന്‍ സംഘം തന്നെ രൂപീകരിച്ചു. വാക്സിനേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി വീടുതോറും പൊലീസ് അകമ്പടിയോടെപോലും പോയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടായി. ചിലരാവട്ടെ, വ്യാജ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി. വാക്സിനേഷന്‍ എടുത്തതിന്‍റെ അടയാളം ശരീരത്തില്‍ കാണണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടേണ്ടി വന്നു. 

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഡ്വേർഡ് ജെന്നര്‍ ആദ്യമായി വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യ പിന്തുടർന്ന്, 1900 -ൽ വസൂരി കുത്തിവയ്പ്പ് എടുത്ത് തുടങ്ങി. കത്തിയോ മറ്റോ ഉപയോഗിച്ച് ഒരു മുറിവുണ്ടാക്കി അതിലേക്ക് വൈറസ് നിക്ഷേപിക്കുക എന്നതായിരുന്നു രീതി. എന്നാല്‍, വാക്സിനെടുക്കുക എന്നത് ചിലർക്ക് അം​ഗീകരിക്കാനായില്ല. ശരീരത്തിലെ സ്വാഭാവികപ്രതികരണമെന്നോണം ചിലർക്ക് പനിയും മറ്റും പിടിപ്പെട്ടിരുന്നു. വാക്സിനെടുക്കുന്ന സ്ഥലങ്ങളില്‍ ചൊറിയാനും അസ്വസ്ഥതയുണ്ടാകാനും തുടങ്ങി. ഈ സ്ഥലത്ത് പിന്നീടൊരു പാട് ശേഷിക്കും. ഇതാണ് വാക്സിനേഷന്‍ നടത്തിയതിന്‍റെ അടയാളം. 

വാക്സിനെടുക്കുന്നതിലൂടെ ടെറ്റനസും സിഫിലിസും പകരുമെന്ന് വാക്സിനേഷന്‍ വിരുദ്ധരായവര്‍ പറഞ്ഞു പരത്തി. ഒപ്പം തന്നെ വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരക്കെയുണ്ടായി. 1940 -ല്‍ ദ ന്യൂയോര്‍ക്ക് ടൈംസ് 'വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ അഴിമതി' എന്ന പേരില്‍ ഒരു വാര്‍ത്ത വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടെ എല്ലാ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാക്സിനെടുത്തു എന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍, വാക്സിന്‍ വിരുദ്ധര്‍ ഡോക്ടറില്‍ നിന്നും കുട്ടി വാക്സിനെടുക്കാന്‍ അണ്‍ഫിറ്റാണ് എന്ന രേഖകളുണ്ടാക്കി. ഡോക്ടര്‍മാര്‍ക്ക് ഇതിനായി പണം കൊടുക്കാനില്ലാത്തവര്‍ സ്വന്തമായി അത്തരം ഒരു രേഖ ചമച്ചെടുത്തു. 

രോഗം അതിഭീകരമായി വ്യാപിക്കാന്‍ തുടങ്ങിയതോടെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പൊലീസുകാരുടെ സഹായം തേടിത്തുടങ്ങി. വ്യാജസര്‍ട്ടിഫിക്കറ്റുകളെ കുറിച്ച് ബോധ്യമുണ്ടായതിനാല്‍ നേരിട്ട് വടുക്കള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. 1901 -ല്‍ ഫിസിഷ്യനായ ഡോ. ജെയിംസ് ഹൈഡേ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് വാക്സിനെടുപ്പിക്കാന്‍ തങ്ങളെ കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യാനാവശ്യപ്പെട്ടു. എവിടെയും പ്രവേശിക്കണമെങ്കില്‍ ശരീരത്തില്‍ വാക്സിനെടുത്തതിന്‍റെ അടയാളം ഉണ്ടായേ തീരൂവെന്ന അവസ്ഥയുണ്ടാക്കി. 

സ്കൂളിലും ഫാക്ടറികളിലും ഇമിഗ്രന്‍റ് ഷിപ്പുകളിലും എല്ലാം കര്‍ശന പരിശോധന നടന്നു. വാക്സിനെടുത്തതിന്‍റെ പാടുകള്‍ ഇല്ലാത്തവരെ ഉടനടി പിടിച്ച് വാക്സിനെടുപ്പിച്ചു. വലിയ വലിയ സ്ഥാപനങ്ങളും ഫാക്ടറികളുമെല്ലാം വാക്സിനെടുക്കാത്തവരെ ജോലിക്ക് അനുവദിക്കില്ല എന്ന് അറിയിച്ചു. ജീവനക്കാര്‍ മാത്രമല്ല അവരുടെ കുടുംബവും വാക്സിനെടുത്തേ തീരൂ എന്ന അവസ്ഥ വന്നു. എങ്കിലും വാക്സിനേഷൻ വിരുദ്ധ വികാരങ്ങൾ ഒരിക്കലും പൂർണമായും വിട്ടുപോയില്ല, ചില അമേരിക്കക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ്പുകളുടെ അടയാളങ്ങള്‍ വ്യാജമായി ഉണ്ടാക്കാൻ പോലും ശ്രമിച്ചു. അതിനായി നൈട്രിക് ആസിഡുപയോഗിച്ച് ശരീരത്തില്‍ വടുക്കളുണ്ടാക്കി. ഏതായാലും ആ മഹാമാരിയെ തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് വാക്സിനെതിരെ അന്നുണ്ടായത്. എല്ലായിടത്തും എല്ലാക്കാലത്തും ഇങ്ങനെ ചില ആളുകൾ ഉണ്ടായിരുന്നു എന്ന് മനസിലാക്കി തരുന്നതാണ് അമേരിക്കയിലെ അന്നത്തെ വാക്സിൻ വിരുദ്ധരുടെ പിന്തിരിപ്പൻ പ്രവർത്തനങ്ങൾ.