കഠാരയുമേന്തി, 'അള്ളാഹു അക്ബർ' എന്നുറക്കെ വിളിച്ചുകൊണ്ട് ഒരു അക്രമി ഫ്രാൻസിലെ നൈസ് പട്ടണത്തിലുള്ള ഒരു പള്ളിയിലെത്തി  മൂന്നുപേരുടെ ജീവനെടുത്തതിന്റെ നടുക്കം മാറുന്നതിനു മുമ്പ്, 'മുസ്ലിംകൾക്ക് ഫ്രഞ്ചുകാരെ ശിക്ഷിക്കാൻ അവകാശമുണ്ട്' എന്ന് പ്രഖ്യാപിക്കുന്ന ഒരു വിവാദ ട്വീറ്റുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതിർ ബിൻ മുഹമ്മദ് രംഗത്ത്. ഇന്ത്യ, തുർക്കി, ബ്രിട്ടൻ, നെതർലൻഡ്സ്, വത്തിക്കാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഏറെ നിഷ്ഠുരമായ ഈ ആക്രമണത്തെ അപലപിച്ചുകൊണ്ട് കൊണ്ടിരിക്കെയാണ് അതിനു വിപരീതമായി, ഇത്തരത്തിലുള്ള ആക്രമണങ്ങളെ പരോക്ഷമായി  ന്യായീകരിച്ചു കൊണ്ട് മഹാതിർ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

"നൈസ് ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന്റെ സങ്കടത്തിൽ ഇന്ത്യൻ ജനതയും പങ്കുചേരുന്നു. ഈ സങ്കട സന്ധിയിൽ ഇന്ത്യ ഫ്രാൻസിനൊപ്പമുണ്ട്" എന്നായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ട്വീറ്റ്. 

 

ഹാതിർ മുഹമ്മഡിന്റെ സുദീർഘമായ ട്വീറ്റ് ത്രെഡ് ഇങ്ങനെ : 

"ഫ്രാൻസിലെ ഒരു അധ്യാപകനെ പതിനെട്ടു വയസ്സുള്ള ഒരു ചെച്ചനിയക്കാരൻ പയ്യൻ കഴുത്തറുത്തു കൊന്നു എന്നറിഞ്ഞു. പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിക്കുന്ന കാർട്ടൂൺ തന്റെ മുസ്ലിങ്ങൾ അടങ്ങിയ വിദ്യാർത്ഥികൾക്ക് മുന്നിൽ ഈ അധ്യാപകൻ പ്രദർശിപ്പിച്ചതായിരുന്നു പയ്യനെ പ്രകോപിപ്പിച്ചത്. പ്രവാചകനെ അപമാനിക്കുന്ന തരത്തിലുള്ള ഒരു കാർട്ടൂൺ തന്റെ വിദ്യാർത്ഥികളെ കാണിക്കുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നാണ് അധ്യാപകൻ ധരിച്ചുവെച്ചിട്ടുള്ളത്.  

 

 

കൊലപാതകം ഒരിക്കലും ഒരു മുസ്ലിം എന്ന നിലക്ക് എനിക്ക് സമരസപ്പെടാനോ അനുകൂലിക്കാനോ കഴിയുന്ന പ്രവൃത്തിയാണ്. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം എന്നത് മറ്റുള്ളവരെ പരിഹസിക്കാനും അപമാനിക്കാനുമുള്ള സ്വാതന്ത്ര്യമാണ് എന്നും ഞാൻ കരുതുന്നില്ല. വിവിധ ജാതി മതസ്ഥർ ഒരുമിച്ച് കഴിഞ്ഞുകൂടുന്ന രാജ്യങ്ങളിൽ മറ്റുള്ള മതങ്ങളുടെ വികാരങ്ങൾ മാനിക്കാതെ പറയുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്താൽ അത് കലാപങ്ങളിലേക്കാവും നയിക്കുക. 

പല കാര്യങ്ങളിലും പാശ്ചാത്യ ലോകത്തെ അനുകരിക്കാനുള്ള ഒരു ത്വര എല്ലാ നാടുകളിലുമുണ്ട്. അത് പലപ്പോഴും ദോഷമാണ് ചെയ്യുന്നത്. പൊതുജനമധ്യത്തിലുള്ള നഗ്നതയുടെ കാര്യത്തിൽ പോലും പാശ്ചാത്യ ലോകം ഇന്ന് കൂടുതൽ അധപതിച്ചു വരികയാണ്. ചില ബീച്ചുകളിൽ അവർ പൂർണ നഗ്നരായി ഇറങ്ങി നടക്കുന്നുപോലുമുണ്ട്. ഇതൊക്കെ സ്വാഭാവികമാണ് എന്നാണ് പാശ്ചാത്യ ലോകം ചിന്തിക്കുന്നത്. പക്ഷെ, തങ്ങൾ സ്വാഭാവികം എന്ന് ധരിക്കുന്നതൊക്കെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കും മുമ്പ് പാശ്ചാത്യർ രണ്ടു വട്ടം ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് പലരുടെയും സ്വാതന്ത്ര്യത്തിന്റെ ഉല്ലംഘനമാകും. 

പാശ്ചാത്യർ ഇപ്പോൾ വന്നുവന്ന് മതവിശ്വാസം നഷ്ടപ്പെട്ടവർ ആയിട്ടുണ്ട്. പേരിനു മാത്രം ക്രിസ്ത്യാനികളാണ് ഇന്ന് അവർ. സ്വന്തം മതത്തെ തള്ളിപ്പറയാൻ അവർക്ക് അവകാശമുണ്ട്. പക്ഷേ, മറ്റുള്ളവരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നത് പ്രത്യാഘാതങ്ങളും ക്ഷണിച്ചു വരുത്തും. 

താൻ സംസ്കാരശൂന്യനാണ് എന്നാണ് തന്റെ പ്രസ്താവനകളിലൂടെയും പ്രവൃത്തിയോലൂടെയും മാക്രോൺ തെളിയിച്ചു കൊണ്ടിരിക്കുന്നത്. മുസ്ലിങ്ങളെ ഒന്നടങ്കം അക്രമികളാക്കി ചിത്രീകരിച്ച്, ആ അധ്യാപകന്റെ കൊലപാതകത്തിന് ഇസ്ലാമും, മുസ്ലിങ്ങളുമാണ് ഉത്തരവാദികൾ എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് പറയുന്നത്. അതേ ന്യായം വെച്ച് മുമ്പ് ഫ്രഞ്ചുകാർ മുസ്ലിങ്ങളെ കൊന്നിട്ടുള്ളതിന് ഇന്ന് ഫ്രഞ്ചുകാരെ ശിക്ഷിക്കാൻ മുസ്ലീങ്ങൾക്കും അവകാശമുണ്ട്. 

മതം ഏതുമാവട്ടെ, മനുഷ്യരെ അനാവശ്യമായി പ്രകോപിപ്പിച്ചത് അവർ കുപിതരാകും. കുപിതനായ മനുഷ്യൻ ചിലപ്പോൾ കൊന്നെന്നും ഇരിക്കും. ചരിത്രത്തിൽ ഇങ്ങനെ കൊന്നിട്ടുള്ളതിന്റെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ കൊലകൾ നടത്തിയിട്ടുള്ളവർ ഫ്രഞ്ചുകാർ തന്നെയാണ്. കോടിക്കണക്കിനു പേരെ അവർ കൊന്നുതള്ളിയിട്ടുണ്ട്. അതിൽ ഭൂരിഭാഗം മുസ്ലീങ്ങളുമാണ്. 

എന്നാൽ അതിനൊക്കെ പകരം കൊല്ലാൻ മുസ്ലീങ്ങൾ മുതിർന്നിട്ടില്ല. 'കണ്ണിനുപകരം കണ്ണ്' എന്നത് മുസ്ലീങ്ങളുടെ രീതിയല്ല. ഫ്രഞ്ചുകാരും അത് ശീലിക്കരുത്. എത്രയും പെട്ടെന്ന് ഫ്രഞ്ച് പൗരന്മാരെ മറ്റുള്ളവരുടെ ഹൃദയ വികാരങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കുകയാണ് ഫ്രഞ്ച് സർക്കാർ ചെയ്യേണ്ടത്." തന്റെ ട്വീറ്റ് ത്രെഡ് അവസാനിപ്പിച്ചുകൊണ്ട് മഹതിർ മുഹമ്മദ് എഴുതി നിർത്തി.

ഇത് ഫ്രാൻസിൽ കഴിഞ്ഞ നാലുവർഷത്തിനിടെ നടക്കുന്ന ഒമ്പതാമത്തെ ഒറ്റപ്പെട്ട തീവ്രവാദി ആക്രമണമാണ്. ലോകം മുഴുവൻ നൈസിൽ നടന്ന കത്തി ആക്രമണത്തെ അപലപിക്കുന്ന അവസരത്തിൽ മഹാതിർ മുഹമ്മദിൽ നിന്ന് ഇങ്ങനെ ഒരു വിപരീത പ്രസ്താവം പുറത്തുവന്നത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ കോലാഹലങ്ങൾക്ക് കാരണമായിട്ടുണ്ട്.