ഒരുകാലത്ത് കോടികളുടെ ആസ്തിയുള്ള ഹു ക്വിൻ എന്ന 44-കാരി ബിസിനസ് തകർച്ചയെ തുടർന്ന് കടക്കെണിയിലായി. ഇന്ന്, ആറര കോടിയോളം രൂപയുടെ കടം വീട്ടാനായി ഭർത്താവിനൊപ്പം വുഹാനിലെ താമരപ്പാടത്ത് വേരുകൾ ശേഖരിച്ച് വിൽക്കുകയാണ് അവർ.
ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള 44 -കാരിയായ ഹു ക്വിൻ ഇന്ന് ഗ്രാമത്തിലെ വിശാലമായ താമരപ്പാടത്ത് നിന്നും മറ്റ് ഗ്രാമവാസികൾക്കൊപ്പം താമര വേരുകൾ ശേഖരിക്കുകയാണ്. അവര്‍ ജീവിതത്തിലൊരിക്കും ശാരീരികമായി അധ്വാനമുള്ള ജോലികൾ ചെയ്തിട്ടില്ല. ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു ജീവിതം. അതിന് കാരണം, തന്‍റെ പേരിലുള്ള ആറര കോടി രൂപയോളം വരുന്ന കടം വീട്ടണം. ചാങ്ജിയാങ് ഡെയ്‌ലിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഹു ക്വിന്‍റെ ജീവിതം റിപ്പോര്‍ട്ട് ചെയ്തത്.
അതിസമ്പന്നയിൽ നിന്നും ദാരിദ്രത്തിലേക്ക്
സമ്പത്തിന്‍റെ ഉന്നതിയില്‍ നിന്നും ദാരിദ്രത്തിന്‍റെയും കടത്തിന്‍റെ പടുകുഴിയിലേക്കുള്ള വീഴ്ചയായിരുന്നു ഹു ക്വിന്‍റെത്. 2012 -ൽ ഭർത്താവിനൊപ്പം ഹു ക്വിൻ ഒരു പഴ ബിസിനസ്സ് ആരംഭിച്ചു. പിന്നാലെ അവരുടെ സമ്പത്ത് ഗണ്യമായി വർദ്ധിച്ചു. ബിസിനസിന്‍റെ ഏറ്റവും ഉയർച്ചയിൽ രാജ്യത്തുടനീളം ഹു ക്വിന്നിന് മുപ്പതിലധികം കടകളുണ്ടായിരുന്നു. അവരുടെ ആസ്തി അതിനകം പന്ത്രണ്ടര കോടി രൂപയ്ക്കും മുകളിലായിരുന്നു.
സിയാങ് നദിക്കരയിലുള്ള അത്യാഡംബര വില്ലയിലായിരുന്നു ഹു ക്വിനും ഭർത്താവും താമസിച്ചിരുന്നത്. ഡ്രൈവറെയും ഒന്നിലധികം വീട്ടുജോലിക്കാരുമായി വീട് എന്നും സജീവം. ധാരാളം യാത്രകൾ. എന്നാല്‍ ആ സമ്പന്നത 2019 -ൽ കീഴ്മേൽ മറിഞ്ഞു. അക്കാലത്ത് അവരെടുത്ത ചില മോശം മാനേജ്മെന്‍റ് തീരുമാനങ്ങൾ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ബിസിനസ് ഒന്നാകെ തകർന്നു, ജീവിതശൈലി പെട്ടെന്ന് മാറി. ഇന്ന് ഹു ക്വിൻറെയും ഭർത്താവിന്‍റെയും പേരിലുള്ളത് ആറര കോടി രൂപയോളം വരുന്ന കടം.
വുഹാനില്‍ നിന്ന് വീണ്ടുമെരു തുടക്കം
ആഡംബര വീട് വിറ്റു. പിന്നീടങ്ങോട്ട് ചൈനയിലുടനീളം വാടക വീടുകളിലായി ജീവിതം. ഇക്കാലത്ത് കൃഷി ചെയ്ത് ഉപജീവനം നടത്തി. ഒടുവിൽ ഒരു സുഹൃത്ത് ഇരുവരോടും ഹുബെയ് പ്രവിശ്യയിലെ വുഹാൻ സന്ദർശിക്കാൻ ആവശ്യപ്പെട്ടു. അവിടെ വച്ച് അവർ ഒരു പ്രാദേശിക പന്നിയിറച്ചി അടങ്ങിയ താമര വേരിന്‍റെ സൂപ്പ് കഴിച്ചു. ഹുബെയ് താമര വേരുകൾക്ക് ചൈനയിലുടനീളം വലിയ ആരാധകരാണുള്ളത്. ഇതിന് വാർദ്ധക്യം മന്ദഗതിയിലാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അറിവ് ഹു ക്വിനിനെയും ഭർത്താവിനെയും വുഹാനില്‍ സ്ഥിരമായി നില്‍ക്കാന്‍ പ്രേരിപ്പിച്ചു.

ദമ്പതികൾ. താമര വേരുകൾ കൊണ്ട് വിവിധ ഭക്ഷണങ്ങളുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ വീഡിയോ ചെയ്തു. ആദ്യമൊക്കെ ഹു ക്വിന്‍റെ ഭർത്താവാണ് താമര വേരുകൾ ശേഖരിച്ചിരുന്നത്. എന്നാല്‍ ശരീരമനങ്ങാതിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് ശാരീരി ജോലികൾ ചെയ്യേണ്ടിവന്നതോടെ ശക്തമായ നടുവേദന തുടങ്ങി. പിന്നാലെ പാചകവും മറ്റ് വീട്ടു ജോലികളിലേക്കും ഭർത്താവ് ഏറ്റെടുത്തപ്പോൾ ഹു ക്വിന്‍ താമര വേരുകൾ ശേഖരിക്കാന്‍ ആരംഭിച്ചു.
താമര വേരുകൾ
അതിരാവിലെ അഞ്ച് മണിക്ക് അരയോളം വെള്ളത്തില്‍ മുങ്ങി ചളിയില്‍ നിന്നും ഹു ക്വിന്‍ താമര വേരുകൾ ശേഖരിക്കുന്നതിന്‍റെ വീഡിയോകൾ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഒരിക്കൽ ഗ്ലാമറസ് ജീവിതം ജീവിച്ചിരുന്നു. ജീവിത്തത്തില്‍ ആദ്യമായാണ് മണ്ണിൽ, ചളയില്‍ ഇറങ്ങി പണിയെടുക്കുന്നത്. ഇത് തുടർന്നാല്‍ തനിക്ക് പതുക്കെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന താന്‍ വിശ്വസിക്കുന്നതായി അവര്‍ പറയുന്നു.
ഇന്ന് ഹു ക്വിന്‍റെ ലൈവ് വീഡിയോകൾക്ക് ആയിരക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. നല്ല വിളവെടുപ്പുള്ള ദിവസങ്ങളില്‍ തനിക്ക് നാലായിരത്തി അഞ്ഞൂറ് കിലോഗ്രാം വരെ താമര വേര് വില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഹു അവകാശപ്പെടുന്നു. താമര വേര് വില്പനയിൽ നിന്നും വീഡിയോകളില്‍ നിന്നുമായി ഇതിനകം ഒന്നേകാൽ കോടി രൂപയുടെ കടം തിരിച്ചടച്ചെന്ന് ഹു വിന്‍റെ ഭർത്താവ് പറയുന്നു. രണ്ട് ആണ്‍ മക്കൾക്കൊപ്പം ഇരുവരും ഇന്ന് വുഹാനിലെ ഒരു ചെറിയ ഫ്ലാറ്റില്‍ വാടകയ്ക്ക് ജീവിതം നയിക്കുന്നു. സമ്പന്നതയുടെ ഉയരത്തിൽ നിന്നും ദാരിദ്രത്തിന്‍റെ പടുകുഴിയിലേക്ക് വീണിട്ടും ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഇരുവരുടെയും പോരാട്ടം ഇന്ന് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.


