പ്രിയങ്ക എന്ന യുവതിയുടെ രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള ഓട്ടോറിക്ഷ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ, ഒറ്റ രാത്രികൊണ്ട് ലഭിച്ച അപ്രതീക്ഷിത പ്രശസ്തിയും അതിനെത്തുടർന്നുണ്ടായ നെഗറ്റീവ് അനുഭവങ്ങളും കാരണം അവർ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടി. 

പ്രവചനങ്ങൾ അസാധ്യമായ ഒന്നാണ് സമൂഹ മാധ്യമങ്ങളിലെ 'ട്രന്‍റിംഗ്' വിഷയങ്ങൾ. ട്രന്‍റിംഗ് ആകണമെന്ന ആഗ്രഹത്തോടെ അതിന്‍റെ എല്ലാ വശങ്ങളും നോക്കി ചെയ്യുന്ന വീഡിയോകൾ ചിലപ്പോൾ നൂറ് പേര് പോലും കാണണെന്നുമില്ല. എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെ ചെയ്യുന്ന സ്റ്റോറികൾ അമ്പരപ്പിക്കുന്ന 'റീച്ചിലേക്ക്' എത്തുന്നു. അത്തരമൊരു സ്റ്റോറി ചെയ്ത് ഒടുവില്‍ തന്‍റെ സമൂഹ മാധ്യമ അക്കൗണ്ട് തന്നെ പൂട്ടി, 'ബന്ദാനാ ഗേള്‍' എന്ന് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്ന പ്രിയങ്ക എന്ന യുവതി.

വെറും രണ്ട് സെക്കന്‍റിന്‍റെ വീഡിയോ

ഓട്ടോ റിക്ഷയില്‍ വച്ച് എടുക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമ ഉപയോക്താക്കൾ ഇതിനകം കണ്ടിട്ടാകും. ബന്ദനാ ഗേളും അത്തരമൊരു വീഡിയോയാണ് ചെയ്തത്. അതിന് വെറും രണ്ട് സെക്കന്‍റ് ദൈർഘ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോയില്‍ യാത്ര ചെയ്യവേ, തലയില്‍ പല നിറത്തിലുള്ള വർണ്ണത്തൂവാല കെട്ടി നിഷ്ക്കളങ്കമായി ചിരിച്ച് കൊണ്ട് അവളൊരു സെൽഫി വീഡിയോ എടുത്ത് @w0rdgenerator എന്ന തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു. 'makeup ate today' അടിക്കുറിപ്പും അവൾ ആ വീഡിയോയ്ക്ക് നല്‍കി.

Scroll to load tweet…

ഒറ്റ രാത്രിയിലെ അത്ഭുതം

വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ സമാന വീഡിയോകൾ ചിത്രീകരിക്കുകയും പ്രിയങ്കയെ മെന്‍ഷന്‍ ചെയ്ത് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ മറ്റ് ചിലര്‍ സമാനമായ മീമുകളും റിക്രിയേഷനുകളുമായി രംഗത്തെത്തി. ഇതോടെ പ്രിയങ്കയുടെ വീഡിയോ നാല് കോടി എണ്‍പത് ലക്ഷം ആളുകൾ കണ്ടു. ഒറ്റ രാത്രി കൊണ്ട് തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിന് ലഭിച്ച റീച്ച് പ്രിയങ്കയെ അസ്വസ്ഥമാക്കി. താനൊരു ചെറിയ സെലിബ്രിറ്റിയായത് അവളിൽ ചെറുതല്ലാത്ത ആശങ്ക നിറച്ചു. ഇതിനിടെ ദി ജഗ്ഗർനോട്ട് എന്ന വെബ് സൈറ്റ്, യഥാര്‍ത്ഥ വീഡിയോ കണ്ടെത്തി യുവതിയുടെ പേര്‍ പ്രിയങ്കയാണെന്ന് വെളിപ്പെടുത്തി. ഇതോടെ പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് നിരവധി പേരാണ് എത്തിയത്.

അക്കൗണ്ട് ഉപേക്ഷിക്കുന്നു

ജഗ്ഗർനോട്ടിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ 1000 ലൈക്ക് മാത്രമാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ വീഡിയോ തന്‍റെ കൈവിട്ട് പോയെന്നും പ്രിയങ്ക പറഞ്ഞു. തന്‍റെ മുഖം തന്നെ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കുന്നത് മടുപ്പുളവാക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു. തന്‍റെ സമ്മതമില്ലാതെ തന്‍റെ ഐഎ ചിത്രങ്ങൾ വരെ നിർമ്മിക്കപ്പെടുന്നെന്നും അതിനാല്‍ ഇത് തന്‍റെ അവസാന പോസ്റ്റ് ആയിരിക്കുമെന്നും താന്‍ സമൂഹ മാധ്യമം ഉപേക്ഷിക്കുകയാണെന്നും പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. പിന്നാലെ അവര്‍ തന്‍റെ സമൂഹ മാധ്യമ അക്കൗണ്ട് പൂട്ടുകയും ചെയ്തു.