ദില്ലിയിലെ പൊലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ, കഴിഞ്ഞ ദിവസം തന്റെ സേനയിലെ വനിതാ ഹെഡ് കോൺസ്റ്റബിൾ ആയ സീമാ ഥാക്കക്ക് താൻ ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ(OTP) നൽകുകയാണ് എന്ന വിവരം വെളിപ്പെടുത്തിക്കൊണ്ട് ഒരു ട്വീറ്റ് ഇട്ടു. അപ്പോൾ എല്ലാവരും ചോദിച്ച ഒരു ചോദ്യം, ഇങ്ങനെ 'ഔട്ട് ഓഫ് ടേൺ' ആയി സ്ഥാനക്കയറ്റം കൊടുക്കാൻ മാത്രം എന്താണ് ഹെഡ് കോൺസ്റ്റബിൾ സീമ ചെയ്തത് എന്നായിരുന്നു. ചെയ്തത് ചില്ലറക്കാര്യം ഒന്നുമല്ല. ദില്ലി ഔട്ടർ നോർത്ത് ജില്ലയിൽ നിയുക്തയായിട്ടുള്ള സീമ 'മിസ്സിംഗ്' കേസുകളിൽ നടത്തിയത് സ്തുത്യർഹമായ പ്രകടനമാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ, സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതെ പോയ 76 കുഞ്ഞുങ്ങളെ കണ്ടെത്തി തിരികെ അവരുടെ വീടുകളിൽ എത്തിക്കാൻ സീമയ്ക്കായി. അതിൽ 56 പേരും പതിനാലുവയസ്സിൽ താഴെ പ്രായമുള്ളവരാണ്.

കാണാതെ പോകുന്ന കുട്ടികളെ കണ്ടെത്താൻ ദില്ലി പൊലീസിന് ഒരു ഇന്റെൻസീവ് സ്‌കീം ഉണ്ട്. അതിലെ സേവനത്തിനുള്ള അംഗീകാരമായി ഔട്ട് ഓഫ് ടേൺ പ്രൊമോഷന് അർഹയാകുന്ന ആദ്യത്തെ  ഉദ്യോഗസ്ഥയാണ് സീമ. ഈ കുട്ടികളെ സീമ കണ്ടെത്തി തിരിച്ചു കൊണ്ടുവന്നത് ദില്ലിക്കുള്ളിൽ നിന്ന് മാത്രമല്ല. തെളിവുകളുടെ തുമ്പ് പിടിച്ചു സീമ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുപോലും കുട്ടികളെ വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. 

ദില്ലി പൊലീസ് കമ്മീഷണർ കഴിഞ്ഞ ഓഗസ്റ്റിൽ ആണ്, അമ്പതിൽ അധികം കുട്ടികളെ തിരിച്ചു പിടിക്കുന്ന കോൺസ്റ്റബിളിന് ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ നൽകും എന്ന് പ്രഖ്യാപിച്ചത്. കുട്ടികളെ കാണാനില്ല എന്ന പേരിൽ ഫയൽ ചെയ്യപ്പെടുന്ന പരാതികളുടെ എണ്ണം ദില്ലിയിൽ വളരെ അധികമായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു അസാധാരണ നീക്കം കമ്മീഷണറുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. 2019 -ൽ മാത്രം ദില്ലിയിൽ കാണാതായിട്ടുള്ളത്, 5412 കുട്ടികളെയാണ്. ഇതിൽ തിരികെ കിട്ടിയിട്ടുള്ളത്  3336 കുട്ടികളെ മാത്രം. 2020 -ൽ ജനുവരി ഒന്ന് മുതൽ ഒക്ടോബർ 31 വരെ കാണാതായ 3507 കുട്ടികളിൽ ഇതുവരെ തിരികെ കിട്ടിയത്, 2629 പേരെ മാത്രം. അതായത് റിക്കവറി റേറ്റ് 74.96 ശതമാനം. ഈ സാഹചര്യത്തിൽ ദില്ലി പൊലീസ് തുടങ്ങിയ ഈ ഇന്റൻസീവ് സ്‌കീം പ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടെ തിരികെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞത്  1222 പേരെയാണ്.