ലോകം ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധികളിൽ ഒന്നാണ് അന്തരീക്ഷ മലിനീകരണം. ഇന്ത്യയുടെ തലസ്ഥാനം അനുഭവിക്കുന്ന മാരകമായ മലിനീകരണം വലിയ ആശങ്ക തന്നെയാണ് ഉയർത്തുന്നത്. ഡൽഹി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ദുഷിച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയത് നമ്മെ ഒരുപാടു കാര്യങ്ങൾ ചിന്തിപ്പിക്കുന്നു. നമ്മൾ മുതിർന്നവർക്ക് പലപ്പോഴും വഴികാട്ടികളാകുന്നത് കുഞ്ഞുങ്ങളാണ്. അവിടുത്തെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതിവരുത്താൻ അവരിൽ പലരും  മുന്നോട്ടുവരുന്നത് പുതിയ തലമുറ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയുണർത്തുന്നു.

അഭിര്‍ ഭല്ല

 

അത്തരം മാറ്റങ്ങളുടെ വക്താക്കളായി മാറുകയാണ് ഈ നാല് കുട്ടികൾ. അതിലൊരാളാണ് അഭിര്‍. അഭിർ ഭല്ലക്കു 18 വയസുണ്ട്. ഒരു പരിസ്ഥിതി പ്രവർത്തകനായ അഭിർ സോണിപട്ടിലെ അശോക സർവകലാശാലയിൽ പഠിക്കുന്നു. മലിനീകരണത്തിന്‍റെ പ്രശ്‍നങ്ങള്‍ നേരിട്ടനുഭവിച്ച ഒരാളെന്ന നിലയില്‍ അഭിറിന് പറയാനുള്ളത് ഇതാണ്, “എനിക്ക് ഒരുതരം ബ്രോങ്കൈറ്റിസ് ഉണ്ട്. അതുകൊണ്ട് എല്ലാ വർഷവും നെബുലൈസർ ഉപയോഗിക്കേണ്ടിവരുന്നു” അഭിർ പറയുന്നു. ആറാം ഗ്രേഡിലായിരിക്കുമ്പോഴാണ്, ഒരു സ്കൂൾ വർക്ക് ഷോപ്പിനിടെ, ആഗോളതാപനത്തെക്കുറിച്ചും അത് നമ്മിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവൻ മനസിലാക്കിയത്. വിവിധ ബോധവൽക്കരണ പരിപാടികളിൽ സജീവ പങ്കാളിയാകാൻ അത് അഭിറിനെ പ്രേരിപ്പിച്ചു. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം (യുനെപ്), ദില്ലി മെട്രോ, വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) എന്നിവയുമായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്” ആ കൗമാരക്കാരൻ പറയുന്നു. “ഞാൻ ആരംഭിച്ച ഏറ്റവും വലിയ പ്രോജക്റ്റുകളിലൊന്നാണ് 'സ്വച്ച് ചെത്ന'. ഞങ്ങൾ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മെട്രോ സ്റ്റേഷനുകളിൽ ശുചിത്വ പരിപാടികളും മരംനടൽ  പദ്ധതികളും ഏറ്റെടുത്തു" എന്നും അവൻ പറഞ്ഞു.

ഹാസിക് കാസി

 

12 -ാം വയസ്സിൽ ഹാസിക് കാസി ഒരു ടെഡ്-എഡ് ക്ലബ്ബിൽ പ്രസംഗിക്കുകയുണ്ടായി. അന്ന് അവൻ പറഞ്ഞത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ പ്രശ്നങ്ങൾ പരിഹരിക്കുന്ന ആളുകളുടെ വിഭാഗത്തിലാണ് താൻ പെടുന്നതെന്നാണ്. 2013 ജൂലൈയിൽ ഒരു തിമിംഗലം വടക്കൻ നെതർലാന്റ് തീരത്ത് കിടക്കുന്ന വീഡിയോ പുറത്തു വന്നു. ആ തിമിംഗലത്തിന്റെ അസാധാരണമായ വീർത്ത വയറു കണ്ട ആളുകൾ അത്  തുറന്നു നോക്കിയപ്പോൾ കണ്ടത് ഹോസ് പൈപ്പുകള്‍, 9 മീറ്റർ കയര്‍, 37 പൗണ്ട് പ്ലാസ്റ്റിക്ക് എന്നിവയെല്ലാമാണ്. ഈ വീഡിയോയാണ് കാസിയെ ഒരു പുതിയ ആളാക്കിയത്, കാലാവസ്ഥാ വ്യതിയാന പ്രവർത്തകനുമാക്കി മാറ്റിയത്. സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് പ്ലാസ്റ്റിക് വലിച്ചെടുക്കാൻ കഴിയുന്ന ഒരു പ്രോട്ടോടൈപ്പ് ഓഷ്യൻ ക്ലീനർ കപ്പലാണ് കാസിയുടെ ആദ്യ കണ്ടുപിടുത്തമായ ERVIS. മാലിന്യങ്ങൾ സംസ്‌കരിക്കാനും മാലിന്യ എണ്ണ ശേഖരിക്കാനും വിവിധ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്ക് വിശകലനം ചെയ്യാനും വേർതിരിക്കാനും കഴിയുന്ന കമ്പാർട്ടുമെന്റുകളുള്ള ഒരു വലിയ വാക്വം ക്ലീനറാണത്.

അമാന്‍ ശര്‍മ്മ

 

അമാൻ ശർമ്മ എന്ന 16 വയസ്സുകാരന് പക്ഷികളെ എറെ ഇഷ്ടമാണ്. “ലോകത്തിലെ ഏറ്റവും പക്ഷി സമ്പന്നമായ രണ്ടാമത്തെ നഗരമാണ് ദില്ലി എന്ന് നിങ്ങൾക്കറിയാമോ?” അവൻ ചോദിക്കുന്നു. മനുഷ്യന്റെ അജ്ഞതയാണ് ഈ ജീവികളുടെ നാശത്തിനു വഴിയൊരുക്കുന്നതെന്ന് അവൻ പറയുന്നു. നാം അനുഭവിക്കുന്ന ഈ പാരിസ്ഥിതിക ആശങ്കകൾ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് 2019 മെയ് മാസത്തിൽ അമാൻ പ്രധാനമന്ത്രിക്കും കേന്ദ്ര ഭവന, നഗരവികസന മന്ത്രിക്കും അപേക്ഷ നൽകി. അതിനായി ഏകദേശം 3.3 ലക്ഷം ഒപ്പുകൾ ശേഖരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിച്ചു. വിലകുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക, പുറത്തേക്കിറങ്ങുമ്പോൾ കുപ്പിവെള്ളം കരുതുക, ഷോപ്പിംഗിന് പോകുമ്പോൾ ഒരു തുണിബാഗ് കരുതുക എന്നിവ അമാനില്‍നിന്നും നാം കണ്ടുപഠിക്കേണ്ട ചില നല്ല ശീലങ്ങളാണ്.

ആദിത്യ ദുബൈ

 

രണ്ട് പ്രധാന സാമൂഹ്യ സേവനത്തിന്റെ പ്രചാരകനാണ് ആദിത്യ ദുബെ എന്ന കൗമാരക്കാരൻ. പ്ലാന്റ് എ മില്യൺ ട്രീസ് ഇനിഷ്യേറ്റീവ് എന്നതാണ് ഒന്ന്. വൃക്ഷത്തൈ നടുക അതുവഴി വായു മലിനീകരണം കുറക്കുക, വിലകുറഞ്ഞ പ്ലാസ്റ്റിക്ക് ഉപയോഗം നിയന്ത്രിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാമത്തേത് തെരുവ് കുട്ടികളുടെ സംരക്ഷണമാണ്. തെരുവിൽ നിരാലംബരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു ഇവര്‍.

ഈ കുട്ടികളെല്ലാം ചെറുപ്രായത്തിൽ തന്നെ ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയവരാണ്. 'ഇതൊക്കെ കുഞ്ഞുങ്ങളല്ലേ ഇവരില്‍നിന്നു നാമെന്ത് പഠിക്കാനാണ്' എന്ന ചിന്ത മാറ്റിവെച്ചേ തീരൂ. കാരണം ഇവര്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ അത്ര ചെറുതല്ല. നമുക്കും ഇവരെ മാതൃകയാക്കാം.