ഇറാന്റെ ശരിയ നിയമമവനുസരിച്ച് വധശിക്ഷ വരെ കിട്ടിയേക്കാവുന്ന കുറ്റം ചുമത്തിയ 21 പേരിൽ പെട്ടവരാണ് ഇപ്പോൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈ അഞ്ചുപേരും എന്ന് കരുതുന്നു.

ഇറാനിൽ നിലയ്ക്കാതെ പ്രതിഷേധം. അതിനെതിരെയുള്ള സർക്കാർ അടിച്ചമർത്തലുകളും മയമില്ലാതെ തുടരുകയാണ്. നിരവധിപ്പേരാണ് കൊല്ലപ്പെട്ടതും അറസ്റ്റിലായതും. മൂന്നുമാസം മുമ്പ് ശരിയായി ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22 -കാരി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. 

ഇപ്പോഴിതാ അവിടെ നാല് പ്രതിഷേധക്കാർക്ക് കൂടി വധശിക്ഷ വിധിച്ചിരിക്കുകയാണ്. ​ടെഹ്റാനിലെ റെവല്യൂഷണറി കോടതി പറയുന്നത്, അതിൽ ഒരാൾ തന്റെ കാറുപയോ​ഗിച്ച് ഒരു പൊലീസുകാരനെ ഇടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ്. രണ്ടാമത്തെയാളുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം കയ്യിൽ കത്തിയും തോക്കും കരുതി എന്നതാണ്. മൂന്നാമത്തെയാൾ ​ഗതാ​ഗതം തടസപ്പെടുത്തി എന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നും പറയുന്നു. നാലാമത്തെയാളുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം കത്തിയുപയോ​ഗിച്ച് ആക്രമം കാട്ടി എന്നതാണ്. 

മനുഷ്യാവകാശ പ്രവർത്തകർ വധശിക്ഷയെ ശക്തമായി തന്നെ അപലപിച്ചു. ഞായറാഴ്ച മുതൽ നോക്കിയാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ അഞ്ചുപേരായിരിക്കുകയാണ്. അന്യായമായ വിചാരണകളുടെ ഫലമാണ് ഇത് എന്ന് മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു. 

Scroll to load tweet…

"പ്രതിഷേധകർക്ക് ചോദ്യം ചെയ്യൽ ഘട്ടത്തിൽ അഭിഭാഷകരെ കാണാനോ സഹായം തേടാനോ അവകാശമില്ല. ചെയ്യാത്ത കുറ്റം സമ്മതിക്കുന്നതിന് വേണ്ടി ആളുകളെ മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയരാക്കുന്നു. അങ്ങനെ കുറ്റസമ്മതം നേടിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കുകയും ചെയ്യുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്" എന്ന് നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദം പറഞ്ഞു.

ആരൊക്കെയാണ് ഇപ്പോൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന ആ അഞ്ചുപേർ എന്നത് ഇതുവരെയും വെളിപ്പെടുത്തിയിട്ട് പോലുമില്ല. മുഹമ്മദ് ഗൊബാദ്‌ലൂ, മനോചെഹർ മെഹ്‌മാൻ നവാസ്, മഹാൻ സെദാരത്ത് മദനി, മുഹമ്മദ് ബൊറൂഗാനി, സഹന്ദ് നൂർമുഹമ്മദ് സാദെ എന്നിവരാകാം അവരെന്ന് മനുഷ്യാവകാശപ്രവർത്തകർ വിശ്വസിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.

ഇറാന്റെ ശരിയ നിയമമനുസരിച്ച് വധശിക്ഷ വരെ കിട്ടിയേക്കാവുന്ന കുറ്റം ചുമത്തിയ 21 പേരിൽ പെട്ടവരാണ് 
ഇപ്പോൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈ അഞ്ചുപേരും എന്ന് കരുതുന്നു. സുരക്ഷാസേനയുടെ അടിച്ചമർത്തലിൽ കുറഞ്ഞത് 348 പ്രതിഷേധക്കാരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 15900 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. ഈ പ്രതിഷേധത്തെ ഇറാൻ നേതാക്കൾ ചിത്രീകരിക്കുന്നത് 'വിദേശപിന്തുണയുള്ള കലാപങ്ങൾ' എന്നാണ്. 

Scroll to load tweet…

ഇറാനിലെ ഈ രക്തരൂക്ഷിതമായ‌ അടിച്ചമർത്തലുകളെ തുടർന്ന് പ്രതിഷേധക്കാർ 'Bloody November' ആചരിക്കുകയും വിവിധ പ്രതിഷേധങ്ങൾക്കും പരിപാടികൾക്കും ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനൊപ്പം തന്നെ പെട്ടെന്ന് ഇന്ധനവില അമിതമായി വർധിച്ചതിനെ ചൊല്ലിയും ഇറാനിൽ ആളുകൾ രോഷാകുലരാണ്. ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും ജനക്കൂട്ടം ആയത്തുള്ള അലി ഖമേനിക്കെതിരെ 'ഡെത്ത് ടു ദ ഡിക്ടേറ്റർ' എന്നിവയടക്കമുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്നതും കാണാം.