അമ്മയെ കുറിച്ച് ചോദിക്കുമ്പോൾ 'അവരെന്നെ ഇഷ്ടപ്പെടുന്നില്ല എന്നാണ് ഞാൻ കരുതുന്നത്' എന്നാണ് കുട്ടിയുടെ മറുപടി. പിന്നാലെ, 'ഒരു നിമിഷം പ്ലീസ്...' എന്നു പറഞ്ഞ് അവൻ തന്റെ കരച്ചിലടക്കാൻ പാടുപെടുകയാണ്.

കുട്ടികൾക്ക് ജന്മം നൽകുക എന്നത് വളരെ അധികം ആലോചിച്ചു ചെയ്യേണ്ട കാര്യമാണ്. ഈ ലോകത്തിലെ പല മനുഷ്യരെയും പലതരത്തിലും മാറ്റിത്തീർത്തത് അവരനുഭവിച്ച് തീർത്ത ബാല്യകാലത്തിന്റെ യാതനകളാണ്. തങ്ങളുടെ പ്രശ്നങ്ങളും പരിഭവങ്ങളുമെല്ലാം കുഞ്ഞുങ്ങളുടെ മേൽ തീർക്കുന്ന എത്രയോ മാതാപിതാക്കളുണ്ട്. അവർക്ക് അർഹതയുള്ള സ്നേഹമോ പരി​ഗണനയോ ശ്രദ്ധയോ നൽകാതെ കടുത്ത വിഷാദത്തിലേക്കും അനാഥത്വത്തിലേക്കും അവരെ തള്ളിവിടുന്ന എത്രയെത്ര മാതാപിതാക്കളാണ് നമുക്ക് ചുറ്റും. വളർന്നു വരുമ്പോൾ പലരും തങ്ങൾ നേരിട്ട ടോക്സിക് പാരന്റിം​ഗിനെ കുറിച്ച് വെളിപ്പെടുത്താറുണ്ട്. 

എന്നാൽ, വെറും നാല് വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി. ഇപ്പോൾ തന്നെ അവന് തന്റെ മാതാപിതാക്കളിൽ നിന്നും താൻ നേരിടുന്ന യാതനകളെ കുറിച്ചും അവ​ഗണനകളെ കുറിച്ചും നല്ല ബോധ്യമുണ്ട്. കണ്ണ് നനയാതെ നമുക്കവന്റെ വീഡിയോ കാണാൻ സാധിക്കില്ല. ഇങ്ങനെയൊരു കുഞ്ഞിനെ ആ മാതാപിതാക്കൾ അർഹിക്കുന്നില്ല എന്നേ നമുക്ക് അവന്റെ വാക്കുകൾ കേൾക്കുമ്പോൾ പറയാൻ സാധിക്കൂ. കൊറിയൻ റിയാലിറ്റി ഷോ ആയ 'മൈ ​ഗോൾഡൻ കിഡ്സി'ന്റെ അടുത്തിടെ ഇറങ്ങിയ എപ്പിസോഡിലാണ് നാലുവയസുകാരൻ മനസു തുറന്നത്. 

നാലുവയസുകാരനോട് അച്ഛനെയാണോ അമ്മയേയാണോ കൂടുതലിഷ്ടം എന്ന് ചോദിക്കുമ്പോൾ തനിക്കതറിയില്ല എന്നാണ് കുട്ടി പറയുന്നത്. ഒപ്പം താൻ എപ്പോഴും തനിച്ചാണ് വീട്ടിൽ. തന്റെ കൂടെ കളിക്കാനാരുമില്ല എന്നും അവൻ പറയുന്നുണ്ട്. പിന്നാലെ, വീട്ടിൽ അവൻ തനിച്ച് കളിക്കുന്നതിന്റെ വീഡിയോയും കാണാം. ഒപ്പം തന്നെ അച്ഛനെ തനിക്ക് പേടിയാണ് എന്നും അച്ഛൻ തന്നോട് കുറച്ച് കൂടി മൃദുവായും ഹൃദ്യമായും പെരുമാറുമാറണമെന്ന് താൻ ആ​ഗ്രഹിക്കുന്നു എന്നും കുട്ടി പറയുന്നുണ്ട്. 

അമ്മയെ കുറിച്ച് ചോദിക്കുമ്പോൾ 'അവരെന്നെ ഇഷ്ടപ്പെടുന്നില്ല എന്നാണ് ഞാൻ കരുതുന്നത്' എന്നാണ് കുട്ടിയുടെ മറുപടി. പിന്നാലെ, 'ഒരു നിമിഷം പ്ലീസ്...' എന്നു പറഞ്ഞ് അവൻ തന്റെ കരച്ചിലടക്കാൻ പാടുപെടുകയാണ്. അമ്മയൊരിക്കലും തന്നെ കേൾക്കാൻ തയ്യാറാവാറില്ല എന്നും ആ നാലുവയസുകാരൻ പറയുന്നു. 

Scroll to load tweet…

ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ലോകമെമ്പാടുമുള്ള ആളുകളെ ഇത് രോഷം കൊള്ളിച്ചു. ആ കുഞ്ഞിനെ അവന്റെ മാതാപിതാക്കൾ അർഹിക്കുന്നില്ല എന്നായിരുന്നു ഭൂരിഭാ​ഗത്തിന്റെ അഭിപ്രായം. അവനെ ദത്തെടുക്കാൻ താൻ തയ്യാറാണ് എന്നു പറഞ്ഞുകൊണ്ടും നിരവധിപ്പേർ മുന്നോട്ട് വന്നു. 

നിങ്ങൾക്കൊരു കുഞ്ഞില്ലെങ്കിൽ ഈ ലോകത്തിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ, ഒരു കുഞ്ഞുവേണം എന്ന് തീരുമാനിക്കുമ്പോൾ അവർക്ക് വേണ്ടി ചെലവഴിക്കാൻ സമയം കണ്ടെത്തണം. സ്നേഹവും കരുതലും നൽകണം. വിവാഹിതരായ ഉടനെ ആളുകളെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ പ്രേരിപ്പിക്കുന്നവർ കൂടി അത് ചിന്തിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം