Russia Ukraine War: ഇത്തവണ അദ്ദേഹം തന്റെ വീട് ആര്‍ക്കും വാടകയ്ക്ക് കൊടുത്തില്ല. പകരം, ഫ്രാന്‍സിലെ തന്റെ വീട്ടില്‍നിന്നും നാലു ദിവസം ഡ്രൈവ് ചെയ്ത് സ്‌ലൊവാക്യ യുക്രൈന്‍ അതിര്‍ത്തിയിലെത്തി

കരയിലും ആകാശത്തും നിന്ന് റഷ്യന്‍ സൈന്യം (Russian Army) ആക്രമണം തുടരുന്നതിനിടെ സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ് യുക്രൈന്‍ (Ukraine) ജനത. അയല്‍രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി (Refugees) പ്രവഹിക്കുന്ന യുക്രൈന്‍കാരെ സഹായിക്കാന്‍ മുമ്പൊരിക്കലും ഇല്ലാത്തവിധമാണ് യൂറോപ്യന്‍ (European Union) രാജ്യങ്ങളിലെ ജനങ്ങള്‍ രംഗത്തുവരുന്നത്. യുദ്ധത്തെ തുടര്‍ന്ന് തെരുവിലകപ്പെട്ടവരെ സഹായിക്കാന്‍ സ്വന്തം വീട് തുറന്നുകൊടുക്കാന്‍ പലരും മടികാണിക്കുന്നില്ല. അത്തരം ഒരാളുടെ കഥയാണ് ഇന്നലെ റോയിട്ടേഴ്‌സ് (Reuters) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 

അദ്ദേഹത്തിന്റെ പേര് ഇൗവ് ഴിനെസ്‌തെ (Vysne Nemecke) . ഫ്രാന്‍സിലെ മെഡിക്കല്‍ ഗവേഷണ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍. എഴുപതുകാരനായ പ്രൊഫ. ഈവ് തെക്കന്‍ ഫ്രാന്‍സിലെ പെര്‍പിനാനിലാണ് താമസിക്കുന്നത്. വര്‍ഷത്തില്‍ ആറു മാസം അദ്ദേഹം ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷണ പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കും. ബാക്കി സമയം വീട്ടില്‍ തന്നെ കഴിയും. ജോലി ചെയ്യുന്ന ആറുമാസം, തന്റെ വീട് അദ്ദേഹം വാടകയ്ക്ക് കൊടുക്കും. 

ഇത്തവണ അദ്ദേഹം തന്റെ വീട് ആര്‍ക്കും വാടകയ്ക്ക് കൊടുത്തില്ല. പകരം, ഫ്രാന്‍സിലെ തന്റെ വീട്ടില്‍നിന്നും നാലു ദിവസം ഡ്രൈവ് ചെയ്ത് സ്‌ലൊവാക്യ യുക്രൈന്‍ അതിര്‍ത്തിയിലെത്തി. അവിടെ ഒരു സന്നദ്ധ സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഒരു കാര്‍ഡ് ബോര്‍ഡ് പരസ്യപ്പലകയുമായി അദ്ദേഹം അതിര്‍ത്തിയില്‍ കാത്തുനിന്നു. ''ഫ്രാന്‍സില്‍ ഒരു വീടുണ്ട്. ഒരു കുടുംബത്തിന് താമസവും യാത്രയും സൗജന്യം''-ഇതായിരുന്നു ബോര്‍ഡിലെ വാചകം. യുക്രൈനില്‍നിന്നും കിട്ടിയതെല്ലാമെടുത്ത് വരുന്ന ഒരു കുടുംബത്തിന് ഫ്രാന്‍സിലെ തന്റെ വീട്ടില്‍ താമസം വാഗ്ദാനം ചെയ്യാനാണ് നാലു ദിവസം വണ്ടിയോടിച്ച് അദ്ദേഹം എത്തിയത്. 

''ഇത് അടിയന്തിര ആവശ്യമാണ്. പിന്നെയൊരു ദിവസത്തേക്ക് വെച്ചാല്‍ പറ്റില്ല. വീടില്ലാത്ത ഒരു കുടുംബത്തിന് വീട് കൊടുക്കേണ്ട സമയമാണിത്.''-സ്‌ലൊവാക്യന്‍ അതിര്‍ത്തിയില്‍നിന്നും അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

ആ കാത്തിരിപ്പിന് വൈകാതെ ഫലം കണ്ടു. യുക്രൈനില്‍നിന്നുള്ള ഒരു ബ്യൂട്ടിഷനും കുട്ടികളും ഒരു സുഹൃത്തുമൊത്ത് അവിടെ എത്തി. ബ്യൂട്ടിഷനായ 26 കാരി നാസ്തിയ കിസല്യോവ, മകള്‍, മരുമകള്‍, സുഹൃത്ത് എന്നിവര്‍. അവര്‍ക്കാവശ്യം താമസിക്കാന്‍ ഒരിടമായിരുന്നു. സന്തോഷത്തോടെ അത് നല്‍കാന്‍ കാത്തുനില്‍ക്കുകകയായിരുന്നു ഈവ്‌സ്. അവര്‍ കൊണ്ടുവന്ന സാധനങ്ങള്‍ തന്റെ വാനില്‍ നിറച്ചശേഷം, അവരെയെും കൊണ്ട് അദ്ദേഹം രണ്ടായിരം കിലോ മീറ്റര്‍ അകലെ തെക്കന്‍ ഫ്രാന്‍സിലുള്ള തന്റെ വീട്ടിലേക്ക് സന്തോഷത്തോടെ വണ്ടിയോടിച്ചു പോയി. 

റഷ്യ യുക്രൈന്‍ അധിനിവേശം നടത്തുന്നു എന്നു കേട്ടപ്പോള്‍ ആദ്യമെനിക്ക് വിശ്വസിക്കാനായില്ല. അതെങ്ങനെ ഇക്കാലത്ത് സംഭവിക്കും എന്നായിരുന്നു എന്റെ സംശയം. എന്നാല്‍, അതു സത്യമാണെന്ന് പിന്നാലെ വന്ന വാര്‍ത്തകള്‍ തെളിയിച്ചു. അതിനാല്‍, എനിക്കിവിടെ വരാതിരിക്കാന്‍ കഴിയില്ലായിരുന്നു.''-ഈവ്‌സ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

''പെട്ടെന്നു തന്നെ പോവാനാണ് ഞാന്‍ തീരുമാനിച്ചത്. ഉടന്‍ തന്നെ എന്തെങ്കിലും ചെയ്യണം. നാം നമ്മുടെ മൂല്യങ്ങളെ ആദരിക്കണം. നമ്മളെല്ലാം സഹോദരങ്ങളാണ് എന്നതാണ് എന്റെ മൂല്യം.''-പ്രൊഫ. ഈവ്‌സ് പറഞ്ഞു. 

റഷ്യയുടെ അധിനിവേശം തുടങ്ങിയ ശേഷം ഏതാണ്ട് പത്തു ലക്ഷത്തിലേറെ പേരാണ് യുക്രൈനില്‍നിന്നും അതിര്‍ത്തി കടന്നത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. യുക്രൈനില്‍ ഇപ്പോഴും റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്. 

എന്തു ചെയ്യുമെന്ന ഒരു പിടിയുമില്ലാതായപ്പോഴാണ് കുട്ടികളുമായി യുക്രൈന്‍ വിട്ടോടി സ്‌ലോവാക്യന്‍ അതിര്‍ത്തിയിലെ യഴുറൂദിലേക്ക് വന്നതെന്ന് പ്രൊഫസറുടെ അതിഥിയായി എത്തിയ നാസ്തിയ പറഞ്ഞു. ''ഞങ്ങള്‍ എട്ടു മണിക്കൂറിലേറെയാണ് കീവ് റെയില്‍വേ സ്‌റ്റേഷനില്‍ െ്രടയിന്‍ കാത്തു നിന്നത്. അവസാനം ട്രെയിന്‍ വന്നപ്പോള്‍ അതില്‍ കുത്തിനിറച്ച് ആളുകളായിരുന്നു. ട്രെയിനില്‍നിന്നു നോക്കിയാല്‍, ഞങ്ങളുടെ നഗരമാകെ ഷെല്ലാക്രമണം നടക്കുന്നത് കാണാമായിരുന്നു. ട്രെയിനിന്റെ വിന്‍ഡോ കര്‍ട്ടനുകളെല്ലാം ഇടാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ട്രെയിനിന്റെ വെളിച്ചം പുറത്തു കണ്ടാല്‍ അവര്‍ മിസൈല്‍ അയക്കുമെന്നായിരുന്നു ഭയം.''-അവര്‍ പറയുന്നു.

മാതാപിതാക്കളെ കീവില്‍ ഉപേക്ഷിച്ചാണ് തങ്ങള്‍ അവിടെനിന്നും േപാന്നതെന്ന് നാസ്തിയ പറയുന്നു. പിതാവ് അവിടെ സൈനിക ഉദ്യോഗസ്ഥനാണ്. മാതാവ് ൈസെനിക ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നു. അതിനാല്‍ അവരെ കൂട്ടാന്‍ പറ്റില്ല. അവരുടെ കൂടെ കുട്ടികളുമായി നില്‍ക്കാനുമാവില്ല. അതിര്‍ത്തിയില്‍ എത്തിയാല്‍ സ്‌പെയിനിലെ ഒരു പരിചയക്കാരിയുടെ അടുത്ത് പോവാനായിരുന്നു പദ്ധതി. അന്നേരമാണ് പ്രൊഫസറിനെ പരിചയപ്പെടുന്നത്. ഫ്രാന്‍സിലെ വീട്ടില്‍ കുറച്ചുകാലം താമസിച്ചശേഷം സ്‌പെയിനിലേക്ക് പോവാമെന്നാണ് ഇപ്പോള്‍ ഇവരുടെ കണക്കുകൂട്ടല്‍. 

നാട്ടിലേക്ക് മടങ്ങിപ്പോവുന്ന കാര്യം പറയുമ്പോള്‍ നാസ്തിയ കരഞ്ഞുപോയി. ''അവിടെ ഒന്നും ബാക്കിയുണ്ടാവുമെന്ന് തോന്നുന്നില്ല. എല്ലാം അവര്‍ തകര്‍ക്കുകയാണ്. കളിസ്ഥലങ്ങള്‍, സ്‌കൂളുകള്‍ എല്ലാം. തന്ത്രപ്രധാനമായ സ്ഥലങ്ങളല്ല, വീടുകളും കെട്ടിടങ്ങളുമെല്ലാം അവര്‍ നശിപ്പിക്കുന്നുണ്ട്.''-അവര്‍ പറയുന്നു.