താനാകെ ഞെട്ടിപ്പോയി, കാരണം അന്നേവരെ അത്തരത്തിലുള്ള അനുഭവം തനിക്കുണ്ടായിട്ടില്ല. ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ഫെസ്റ്റിവലുകൾ ആഘോഷിക്കുകയും ഭക്ഷണം പങ്കുവയ്ക്കുകയും യാത്രകൾ പ്ലാൻ ചെയ്യുകയും ഒക്കെ ചെയ്യുന്നു.
ഇന്ത്യക്കാർ അയൽക്കാരുമായി സൗഹൃദം സൂക്ഷിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. അത് വെളിപ്പെടുത്തുന്ന പോസ്റ്റുമായി എത്തിയിരിക്കയാണ് ഒരു വിദേശ വനിത. ഇന്ത്യയിൽ താമസിക്കുന്ന ഒരു ഫ്രഞ്ച് വനിതയാണ് ഗുജറാത്തികളായ തന്റെ അയൽക്കാരുമായുള്ള സൗഹൃദത്തിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് വർഷം മുമ്പ് അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ ജൂലിയ ചൈഗ്നോ പറയുന്നത് ഇവരുടെ ഈ സൗഹൃദം ഏറെ ഹൃദയസ്പർശിയാണ്, അവരുടെ ഈ ആതിഥ്യം തനിക്ക് വീട്ടിലാണ് എന്ന തോന്നലുണ്ടാക്കുകയും, തനിക്കിവിടെ ഒരു കുടുംബമുള്ളത് പോലെ തോന്നിക്കുകയും ചെയ്യുന്നു എന്നാണ്.
യൂറോപ്പുമായിട്ടാണ് ജൂലിയ ഇതിനെ താരതമ്യം ചെയ്യുന്നത്. അവിടെ അയൽക്കാരുടെ പേര് അറിയുന്നതിന് പോലും ആർക്കും താല്പര്യമില്ല എന്നാണ് അവൾ പറയുന്നത്. ജീവിതത്തിലെ ഭൂരിഭാഗം നേരവും തനിക്ക് തന്റെ അയൽക്കാരുടെ പേരുകൾ പോലും അറിയില്ലായിരുന്നു. തന്റെ മാതാപിതാക്കൾക്കും അറിയില്ലായിരുന്നു. യൂറോപ്പിൽ, പരസ്പരം ഹായ് പറയുന്നിടത്ത് ബന്ധം തീരുന്നു എന്നും ജൂലിയ പറയുന്നു. എന്നാൽ, ഇന്ത്യയിലേക്ക് താമസം മാറിയപ്പോൾ അവളുടെ അയൽക്കാർ അവളുടെ അപാർട്മെന്റിന്റെ വാതിൽ മുട്ടുകയും വീട് ഒരുക്കിവയ്ക്കാനോ, ഭക്ഷണത്തിനോ ഒക്കെ എന്തെങ്കിലും സഹായം വേണോ എന്ന് ആവർത്തിച്ച് ചോദിക്കുകയും ചെയ്തിരുന്നു.
താനാകെ ഞെട്ടിപ്പോയി, കാരണം അന്നേവരെ അത്തരത്തിലുള്ള അനുഭവം തനിക്കുണ്ടായിട്ടില്ല. ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ഫെസ്റ്റിവലുകൾ ആഘോഷിക്കുകയും ഭക്ഷണം പങ്കുവയ്ക്കുകയും യാത്രകൾ പ്ലാൻ ചെയ്യുകയും ഒക്കെ ചെയ്യുന്നു. ഓരോ ദിവസവും ഇത് തന്റെ ജീവിതത്തെ കൂടുതൽ സംതൃപ്തമാക്കുന്നു എന്നും ജൂലിയയുടെ പോസ്റ്റിൽ കാണാം. നിങ്ങൾ പോലും പ്രതീക്ഷിക്കാതെ നിങ്ങൾക്കൊരു കുടുംബത്തെ കിട്ടിയതുപോലെയുള്ള അനുഭവമാണിത് എന്നാണ് ജൂലിയ പറയുന്നത്. ഒരുപാടുപേർ അവളുടെ പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. ജൂലിയ പറഞ്ഞത് വളരെ ശരിയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.


