തന്റെ പോസ്റ്റിൽ അടുത്ത അഞ്ച് മുതൽ ആറ് വർഷത്തേക്ക് ഫ്രഷർമാർ പ്രതിദിനം 18 മണിക്കൂർ ജോലി ചെയ്യണം എന്നതിന് ദേശ്പാണ്ഡെ ഊന്നൽ നൽകി. തുടർന്ന് കാര്യങ്ങൾ അവരുടെ സ്വന്തം വഴിക്ക് പോകും. എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഹാർഡ് വർക്കിനെക്കാൾ കൂടുതലായി സ്മാർട്ട് വർക്കിന്റെ കാലമാണ് ഇത്. ജോലി സമയം എങ്ങനെ സ്മാർട്ട് വർക്കിലൂടെ കുറയ്ക്കാമെന്നും ജീവിതം എങ്ങനെ കൂടുതൽ ആയാസരഹിതമാക്കാമെന്നും ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് ചില പ്രസ്താവനകൾ നെറ്റിസൺസിനെ ചൂടുപിടിപ്പിക്കുന്നത്. ഫ്രഷേഴ്സ് ഒരു ദിവസം 18 മണിക്കൂർ ജോലി ചെയ്യണമെന്ന വാദഗതിയുമായി എത്തിയ ബോംബെ ഷേവിങ്ങ് കമ്പനി സിഇഒയ്ക്കെതിരെയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ രൂക്ഷ വിമർശനം. ഏതായാലും പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് തോന്നുന്നുണ്ടാകും ഇപ്പോൾ സിഇഒയ്ക്ക്
കഴിഞ്ഞ ദിവസമാണ് തന്റെ ലിങ്ക്ഡ്ഇൻ പേജിൽ ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ശാന്തനു ദേശ്പാണ്ഡെ ഒരു പോസ്റ്റിട്ടത്. ഫ്രഷേഴ്സ് തങ്ങളുടെ ജോലിയുടെ തുടക്ക കാലഘട്ടങ്ങളിൽ ദിവസത്തിൽ 18 മണിക്കൂർ ജോലി ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതുകേട്ട് രോഷം കൊണ്ട് ദേശ്പാണ്ഡെയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് നെറ്റിസൺസ്. കമ്പനികളിലെ ദൈർഘ്യമേറിയ ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്ന സമയത്താണ് ദേശ്പാണ്ഡെയുടെ ഈ അഭിപ്രായ പ്രകടനം. ഏതായാലും സംഗതി വൈറലായി കഴിഞ്ഞു.
തന്റെ പോസ്റ്റിൽ അടുത്ത അഞ്ച് മുതൽ ആറ് വർഷത്തേക്ക് ഫ്രഷർമാർ പ്രതിദിനം 18 മണിക്കൂർ ജോലി ചെയ്യണം എന്നതിന് ദേശ്പാണ്ഡെ ഊന്നൽ നൽകി. തുടർന്ന് കാര്യങ്ങൾ അവരുടെ സ്വന്തം വഴിക്ക് പോകും. എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കൂടാതെ, "തൊഴിൽ ജീവിതം, കുടുംബം" എന്നിവയെല്ലാം ഒരുപോലെ കൊണ്ടുപോകണം എന്ന് കരുതുന്ന യുവ പ്രൊഫഷണലുകളെ പരിഹസിക്കുകയും ചെയ്തു അദ്ദേഹം. അത് വളരെ നേരത്തെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിന് പിന്നീട് സമയം കണ്ടെത്താമെന്നും അദ്ദേഹം പരിഹസിച്ചു.
ഏതായാലും ഈ അഭിപ്രായപ്രകടനം ചില്ലറയൊന്നുമല്ല നെറ്റിസൺസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇത്തരം മണ്ടൻ വർത്തമാനങ്ങളുമായി മേലിൽ ഇതുവഴി വന്നുപോകരുതെന്നാണ് കമന്റ് ബോക്സിൽ നിറയുന്ന രോഷപ്രകടനങ്ങളിൽ കൂടുതലായും കാണുന്നത്.
