ഇന്ന് കൊവിഡ് അതിന്റെ ഒരു വർഷം തികയ്ക്കാനൊരുങ്ങുന്ന ഈ വേളയിൽ, മഹാമാരിയുടെ തുടക്കത്തിലെ ലോക്ക് ഡൗണും മറ്റും കാരണം സ്വന്തം മേഖലയിലെ തൊഴിൽ നഷ്ടപ്പെട്ട പലരും, പിടിച്ചു നില്ക്കാൻ വേണ്ടി മറ്റു പല രംഗങ്ങളിലേക്കും കടന്നു ചെല്ലുകയുണ്ടായി. വിദേശ രാജ്യങ്ങളിൽ ഫൈവ് സ്റ്റാർ ഷെഫുകൾ ആയിരുന്ന പലരും നാട്ടിലെത്തി റോഡരികിൽ തട്ടുകട നടത്തുന്നതും, മൈക്ക് സെറ്റുകാരൻ പച്ചക്കറിക്കട നടത്തുന്നതും പലരും മാസ്കും ബിരിയാണിയും ഒക്കെ വിൽക്കാനിരിക്കുന്നതും നമ്മൾ കണ്ടു. പലരും വീട്ടിൽ അടുപ്പെരിയാൻ വേണ്ടി യൂബർ ഡ്രൈവർമാരും, ഓൺലൈൻ ഫുഡ്/കൊറിയർ ഡെലിവറി ഏജന്റുമാരും ആയി മാറി. 

 

 

അത്തരത്തിലൊരു വാർത്തയാണ് അങ്ങ് ജപ്പാനിൽ നിന്നും വരുന്നത്. അവിടെ തൊഴിൽ നഷ്ടമുണ്ടായ ജപ്പാൻ എയർലൈൻസിൽ എയർ ഹോസ്റ്റസുമാർ, ഈ പുതുവർഷത്തോടടുപ്പിച്ച് മാറിയിരിക്കുന്നത് രാജ്യത്തെ ഷിന്റോ ബുദ്ധ വിഹാരങ്ങളിലെ, 'മിക്കോ' അഥവാ പരിചാരികമാരുടെ വേഷത്തിലേക്കാണ്. പുതിയ വർഷം തുടങ്ങുന്ന അവസരത്തിൽ ജപ്പാനിലെ ഷിന്റോ ബുദ്ധ വിഹാരങ്ങളിലേക്ക് അനുഗ്രഹം തേടിയും മറ്റുമുള്ള തീർത്ഥാടകരുടെ കുത്തൊഴുക്കുണ്ടാകാറുണ്ട്. 

 

 

സാമാന്യം തരക്കേടില്ലാത്ത ശമ്പളം ഓഫർ ചെയ്യുന്ന ഈ 'മിക്കോ' പോസ്റ്റിലേക്ക് തിരഞ്ഞെടുക്കാനുള്ള ഒരു പ്രധാന യോഗ്യത അപേക്ഷിക്കുന്ന യുവതികൾ അവിവാഹിതകൾ ആയിരിക്കണം എന്നതുമാത്രമാണ്. ഈ തൊഴിലവസത്തെ ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയയായി കാണാനാണ് ജപ്പാൻ എയർലൈസിന്റെ കാബിൻ ക്രൂ കരുതുന്നത്. ഷിന്റോ ബുദ്ധ വിഹാരങ്ങളിലേക്ക് ജാപ്പനീസ് എയർലൈൻസിന്റെ ഉന്നത നിലവാരത്തിലുള്ള കസ്റ്റമർ സർവീസ് പരിചയിക്കാൻ ഒരു അവസരം. അതേ സമയം ഈ സ്റ്റാഫിന് ബുദ്ധവിഹാരങ്ങളിലെ ഭക്തിസാന്ദ്രവും ധ്യാനലീനവുമായ അന്തരീക്ഷത്തിൽ കൊവിഡ് കാല ആശങ്കകളെ മറികടക്കാൻ വേണ്ട മാനസികപിന്തുണയും പരിശീലനവും ഈ വിഹാരങ്ങളിലെ ഭിക്ഷുക്കളിൽ നിൻ സ്വീകരിക്കുകയുമാകാം. ഈ വർഷം, ജപ്പാനിലെ ഷിന്റോ ബുദ്ധ വിഹാരങ്ങൾക്ക് വന്നുപോകുന്ന തീർത്ഥാടകരെക്കൊണ്ട് കൊവിഡ് പ്രോട്ടോക്കോൾ പാലിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി ഉള്ളതുകൊണ്ടാവാം, ജപ്പാൻ എയർലൈൻസിന്റെ പരിചയ സമ്പന്നരായ ഹോസ്റ്റസുമാരെത്തന്നെ അവർ അത് നിർവഹിക്കാൻ തെരഞ്ഞെടുത്തത് എന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.