ഡോണൾഡ്‌ ട്രംപ് എന്ന രാഷ്ട്രീയ നേതാവിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ അമേരിക്കൻ ജനതയ്ക്കു മുന്നിലേക്ക് ഉയർത്തിക്കാണിക്കപ്പെട്ട പ്രധാനഗുണമെന്നത് അദ്ദേഹത്തിന്റെ ബിസിനസ് ബുദ്ധിയായിരുന്നു. നിരവധി മേഖലകളിലായി, നിരവധി സംരംഭങ്ങൾ നടത്തി വിജയിപ്പിച്ച വ്യവസായധിഷണയ്ക്ക് അമേരിക്കയെ വീണ്ടും അതിന്റെ പ്രോജ്ജ്വല കാലഘട്ടത്തിലേക്ക് കൈപിടിച്ച് നടത്താനാകും എന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ വാഗ്ദാനങ്ങളിൽ മയങ്ങിയാണ് അമേരിക്കൻ ജനത മൂന്നുവർഷം മുമ്പ് ട്രംപിനെ പ്രസിഡന്റ് കസേരയിലേക്ക് കയറ്റിയിരുത്തിയത്. എന്നാൽ, അതിൽ എത്രമാത്രം വാസ്തവമുണ്ട്? അവനവന്റേതായി ലോകത്തിനുമുന്നിൽ ട്രംപ് കെട്ടിപ്പടുത്ത പ്രതിച്ഛായയും, ബാലൻസ് ഷീറ്റിലെ കണക്കുകളും തമ്മിൽ എത്രമാത്രം പൊരുത്തമുണ്ട്? തുടക്കത്തിൽ ഉണ്ടായ ചില ഹൈ പ്രൊഫൈൽ റിയൽ എസ്റ്റേറ്റ് ഡീലുകൾക്കപ്പുറം ട്രംപ് എന്ന ബിസിനസുകാരൻ, പ്രതിഭയുടെയും ഇച്ഛാശക്തിയുടെയും സ്ഥിരോത്സാഹത്തിന്റെയുമൊക്കെ അളവുകോലുകളിൽ, ലോകത്തെ മറ്റേതെങ്കിലും ബിസിനസ് ടൈക്കൂണുമായി താരതമ്യം അർഹിക്കുന്ന ജീനിയസാണോ?

നരേന്ദ്ര മോദിയും ഡോണൾഡ്‌ ട്രംപും തമ്മിലുള്ളത് അപാരമായ ഈ സാമ്യങ്ങൾ

ട്രംപിന്റെ ചീറ്റിപ്പോയ ബിസിനസുകളുടെ പട്ടിക ഏറെ നീണ്ടതാണ്. ട്രംപ് സ്റ്റീക്, ട്രംപ് വിമാനക്കമ്പനി, ട്രംപ് വോഡ്‍ക, ട്രംപ് പണമിടപാട് സ്ഥാപനം, ട്രംപ് മാഗസിൻ, ട്രംപ് യൂണിവേഴ്‍സിറ്റി എന്നിങ്ങനെ നീളുന്നു നഷ്‍ടക്കച്ചവടങ്ങളുടെ ആ പട്ടിക. അതിലൊക്കെ കൊണ്ടുപോയി പണം നിക്ഷേപിച്ച് കൈപൊള്ളിയവർ എത്രയോപേരുണ്ട്. എന്നാൽ, ബിസിനസിലെ ഈ പടക്കങ്ങളൊക്കെയും ഒന്നിനുപിറകെ ഒന്നായി ചീറ്റിക്കൊണ്ടിരുന്നപ്പോഴും, അതൊക്കെ തന്റെ പ്രതിച്ഛായയ്ക്ക് കരുത്തുപകരുന്ന, തന്റെ ബിസിനസ് ജീവിതത്തെ മുകളിലേക്ക് തന്നെ കൊണ്ടുപോകുന്ന ഒന്നായി ട്രംപ് മാറ്റിയെടുത്തു. തന്നെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങളിൽ നിലനിർത്തുന്നതിൽ ട്രംപ് എന്നും വിജയം കണ്ടിരുന്നു. ജനങ്ങളെ വൈകാരികമായി എന്നും ട്രംപ് തന്റെ പിന്നിൽ തന്നെ അണിനിരത്തി. നേട്ടങ്ങളുടെ തലപ്പത്തു നിൽക്കുന്ന ഒരു ബിസിനസുകാരനായി എന്നും ജനങ്ങൾക്കുമുന്നിൽ നില്ക്കാൻ സാധിച്ചതാണ് ട്രംപിനെ പ്രസിഡന്റ് പദവി വരെ എത്തിച്ചത്.

 

ട്രംപ് എന്നും സംസാരിച്ചത് താൻ അതുവരെ നേടിയതിനെപ്പറ്റി ആയിരുന്നില്ല. ഭാവിയിൽ താൻ നാടിനു നേടിക്കൊടുക്കാൻ പോകുന്ന പുരോഗതിയെപ്പറ്റിയായിരുന്നു. അമേരിക്കൻ ജനതയുടെ ഒരു ദൗർബല്യമായി നാടിൻറെ മഹത്വത്തിലാണ് ട്രംപ് പിടിച്ചത്. 'മേക്കിങ് അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്ന ഹിറ്റ് മുദ്രാവാക്യത്തെയാണ് അമേരിക്കക്കാർ ഏറ്റെടുത്തത്. ആ പ്രതീക്ഷയിലാണ് ട്രംപിനെ അവർ ഭരണമേല്പിച്ചത്. അമേരിക്കൻ ജനതയുടെ അന്നോളമുള്ള അസുരക്ഷിതത്വബോധങ്ങളെ ഒക്കെ ട്രംപ് ഏറ്റെടുത്തു. അതൊക്കെ തന്നെ തന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ചു. അമേരിക്കക്കാർക്ക് സ്വകാര്യമായെങ്കിലും ഈർഷ്യയുണ്ടായിരുന്ന മെക്സിക്കൻ കുടിയേറ്റക്കാർ, മുസ്ലിങ്ങൾ, ഭീകരവാദികൾ എന്നിങ്ങനെ പലരെയും ട്രംപ് പരസ്യമായി തന്റെ പ്രസംഗങ്ങളിൽ കടന്നാക്രമിച്ചു. ആക്രമണങ്ങളുടെ ഭാഷ കടുക്കും തോറും ട്രംപിന്റെ ആരാധകരുടെ എണ്ണവും ഇരട്ടിച്ചുവന്നു.

ട്രംപ് വന്ന വഴികൾ

1946 ജൂൺ 14 -ന് ന്യൂയോർക്കിലെ ക്വീൻസിൽ ആയിരുന്നു ഡോണൾഡ്‌ ജോൺ ട്രംപിന്റെ ജനനം. ജർമ്മൻ കുടിയേറ്റക്കാർക്ക് ജനിച്ച അച്ഛൻ ഫ്രഡറിക്ക് ക്രൈസ്റ്റ് ട്രംപ് ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരുന്നു. അമ്മ സ്‌കോട്ടിഷ് വംശജയായ ഒരു ഹൗസ് വൈഫ് ആയിരുന്നു. ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിലും, ഫോർധാം യൂണിവേഴ്സിറ്റിയിലുമായി പ്രാഥമിക വിദ്യാഭ്യാസം. ശേഷം പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൻ സ്‌കൂളിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം. പതിനഞ്ചാം വയസ്സുമുതൽ തന്നെ തന്റെ കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യമായ 'ഇ ട്രംപ് ആൻഡ് സൺസി'ൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു ട്രംപ്. 1977 ചെക്ക് മോഡൽ ഇവാന സെൽനിക്കോവയുമായി ആദ്യ വിവാഹം. അതിൽ ഇവാങ്ക, എറിക് എന്നിങ്ങനെ രണ്ടു മക്കൾ, പത്ത് കൊച്ചുമക്കൾ. ചലച്ചിത്രതാരം മാർല സ്റ്റേപ്പിൾസുമായി ട്രംപിനുണ്ടായിരുന്ന രഹസ്യബന്ധത്തിന്റെ പേരിൽ ആദ്യവിവാഹം വേർപിരിയുന്നു. മാർലയുമായി 1992 -ൽ രണ്ടാം വിവാഹം. അതിൽ ടിഫാനി എന്നൊരു കുട്ടി. 1999 രണ്ടാമതും വിവാഹമോചനം. 2005 -ൽ മെലാനിയാ നോസ് എന്ന സ്ലോവേനിയൻ മോഡലുമായി മൂന്നാം വിവാഹം. അതിൽ ബാരൺ എന്ന പേരിൽ ഒരു ആൺകുട്ടി. അകാലത്തിൽ കുടിച്ചു മരിച്ച അച്ഛന്റെ അനുഭവം ഉള്ളിൽ തട്ടിയതുകൊണ്ട് മദ്യം കൈകൊണ്ടുപോലും തൊടുന്ന ശീലമില്ലെന്നാണ് ട്രംപിന്റെ വാദം. സിഗരറ്റോ കഞ്ചാവോ അടുപ്പിക്കാറില്ല. ഫാസ്റ്റ് ഫുഡ് ഏറെ ഇഷ്ടമാണ് അമേരിക്കൻ പ്രസിഡന്റിന്. ഒരു ദിവസത്തിൽ ആകെ ഉറങ്ങാറുള്ളത് മൂന്നോ നാലോ മണിക്കൂർ നേരം മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഗോൾഫ് കളിയാണ് ഇഷ്ടവിനോദം.

ട്രംപ് ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയും പതനവും ഉയിർത്തെഴുന്നേൽപ്പും
 
1978 -ലാണ് ഡോണൾഡ്‌ ട്രംപ് എന്ന പേര് അമേരിക്കൻ ബിസിനസ് വൃത്തങ്ങളിൽ മുഴങ്ങുന്നത്. അക്കൊല്ലമാണ്, മൻഹാട്ടനിൽ അദ്ദേഹം ഒരു ഹോട്ടൽ ഏറ്റെടുക്കുന്നത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന കമ്മഡോർ ഹോട്ടൽ, അച്ഛൻ ഏർപ്പാടാക്കിക്കൊടുത്ത സാമ്പത്തിക സഹായത്തോടെ ഏറ്റെടുത്ത ട്രംപ്, 1980 -ൽ അതിനെ നവീകരിച്ച് ഗ്രാൻഡ് ഹയാത്ത് എന്ന പേരിൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. അതേവർഷം തന്നെ മാൻഹട്ടനിൽ ട്രംപ് ടവർ എന്നപേരിൽ മറ്റൊരു ബഹുനിലക്കെട്ടിടം വാങ്ങുന്നു.  1982 -ൽ ഫോർബ്‌സ് മാസികയുടെ ധനികന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ആളാണ് ട്രംപ്. അന്ന് അദ്ദേഹത്തിന്റെ പക്കൽ കുടുംബ സ്വത്തിന്റെ ഓഹരിയായി 200 മില്യൺ ഡോളറോളം വിലമതിക്കുന്ന സ്ഥാവരജംഗമ വസ്‍തുക്കളുണ്ടായിരുന്നു. എൺപതുകളിലുണ്ടായ കനത്ത ബിസിനസ് പരാജയങ്ങൾ കാരണം തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ ഫോർബ്‌സ് പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നു. അതിനിടെ ട്രംപ് ഷട്ടിൽ എന്ന പേരിലൊരു വിമാനക്കമ്പനി, ട്രംപ് പ്രിൻസസ് എന്നൊരു  മെഗാ ലക്ഷ്വറി യാട്ട്, ട്രംപ് പ്ലാസാ, ട്രംപ് താജ്‍മഹൽ തുടങ്ങിയ ഹോട്ടലുകൾ, നിരവധി കാസിനോകൾ അങ്ങനെ പലതിലും ട്രംപ് എന്ന ബിസിനസുകാരൻ കൈവെക്കുന്നുണ്ട് എങ്കിലും തുടങ്ങി അധികനാൾ കഴിയും മുമ്പുതന്നെ ആ കച്ചവടങ്ങൾ പലതും നഷ്ടത്തിൽ കലാശിക്കുകയും, പല സ്ഥാപനങ്ങളും പാപ്പർസ്യൂട്ടടിക്കുകയും ഒക്കെ ചെയ്യുന്നു. 1985 -നും 1994 -നുമിടയിൽ ട്രംപിന് നഷ്ടമാകുന്നത് ഏകദേശം 117 കോടിയോളം ഡോളറാണ്. നിരന്തരമുള്ള ഈ പാപ്പർസ്യൂട്ട് അടിക്കിടയിലും തൊണ്ണൂറുകളുടെ അവസാനത്തോടെ ട്രംപ് ഗോൾഫ് കോഴ്‌സുകളുടെ ഒരു ചെയിൻ തുടങ്ങുന്നു. എൺപതുകളിലും തൊണ്ണൂറുകളിലുമുണ്ടായ സാമ്പത്തിക പരാജയങ്ങളിൽ നിന്ന് കരകയറുന്ന ട്രംപിനെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മൾ കാണുന്നത്.    

2003 -ൽ ദി അപ്രന്റീസ് എന്ന പേരിൽ ട്രംപ് നിർമിച്ച ഷോ വളരെ ജനപ്രിയമായി. ട്രംപ് ഓർഗനൈസഷനിൽ ഒരുവർഷത്തെ അപ്രന്റീസ്ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികളുടെ പ്രകടനമായിരുന്നു ഷോ. ഇതിൽ ട്രംപിന്റെ 'യൂ ആർ ഫയേർഡ്'  എന്ന പിരിച്ചുവിടൽ ലൈൻ ഏറെ ജനപ്രിയമായിരുന്നു. 2015 -ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള മോഹമുദിച്ചതോടെയാണ് ട്രംപ് ആ ഹിറ്റ് പരിപാടിയിൽ നിന്ന് ഒഴിവാക്കുന്നത്.

ട്രംപിന്റെ രാഷ്ട്രീയ വ്യവഹാരങ്ങൾ

1987 -ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ പ്രവേശം. 1999 -ൽ റിഫോം പാർട്ടിയിലേക്ക് കളം മാറ്റിച്ചവിട്ടുന്നു. 2001 -ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കൂടെ. 2009 -ൽ വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക്. 1999 -ൽ റിഫോം പാർട്ടിയിലിരിക്കെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജോർജ് ബുഷിനും ഡെമോക്രാറ്റിക് പാർട്ടിയുടെ അൽ ഗോറിനും എതിരെ മത്സരിക്കാൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും അത് എങ്ങുമെത്തിയില്ല. 2009 -ൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ എത്തിയ ശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ലോബിയിങ്ങ് ശക്തമാക്കി. 2011 -ൽ നടന്ന കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗമാണ് ട്രംപിനെ ഒരു പ്രസിഡന്റ് സ്ഥാനാർഥി എന്ന നിലയിൽ അടയാളപ്പെടുത്തുന്നത്. എന്നാൽ, പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അദ്ദേഹം ഒഴിവായി. പകരം മിറ്റ് റോംനിയെ പിന്തുണച്ചു.

 

2015 ജൂൺ 16 -ന് ട്രംപ് തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നു. അനധികൃത കുടിയേറ്റം തടയൽ, അമേരിക്കൻ തൊഴിൽ മേഖലയിലെ സ്വദേശി സംവരണം, ഇസ്ലാമിക് ടെററിസം തുടങ്ങിയവയായിരുന്നു ടിബറ്റിൽ ട്രംപിന്റെ പ്രധാന വിഷയങ്ങൾ. പണ്ട് റീഗൻ പറഞ്ഞുവെച്ച് പ്രസിദ്ധമാക്കിയിരുന്ന, "മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ" എന്ന മുദ്രാവാക്യവും ഉയർത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രചാരണം. 2016 നവംബറിൽ 227 -നെതിരെ 304 വോട്ടുനേടിക്കൊണ്ട് ഹിലരി ക്ലിന്റനുമേൽ വിജയം നേടി ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നു. പോപ്പുലർ വോട്ടുകളിൽ ഹിലരി ക്ലിന്റനെക്കാൾ ഏറെ പിന്നിലായിട്ടും ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2020 -ൽ രണ്ടാമതും പ്രസിഡന്റായി മത്സരിക്കാനിരിക്കുകയാണ് ട്രംപ്.  കഴിഞ്ഞ വർഷം വരെയുള്ള ട്രംപിന്റെ ആസ്തി 310 കോടി ഡോളർ ആയിരുന്നു. ഇന്ന് അമേരിക്കയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനും പ്രസിഡന്റും ഒക്കെ ട്രംപാണ്.