Asianet News MalayalamAsianet News Malayalam

എൽഐസി ഗുമസ്തനിൽ നിന്ന് കോടിപതിയായ ആൾദൈവത്തിലേക്ക്, കൽക്കി ഭഗവാന്റെ ദുരൂഹജീവിതം

സ്‌കൂൾ സാമ്പത്തികമായി പരാജയപ്പെട്ടതോടെ, 1989 -ൽ 'കൽകി ഭഗവാന്റെ അവതാരമാണ്' താനെന്നവകാശപ്പെട്ടുകൊണ്ട് നായിഡു ഒരു ആശ്രമം തുടങ്ങുകയായിരുന്നു. 'ഇൻസ്റ്റന്റ് നിർവാണം' ആയിരുന്നു വാഗ്ദാനം.

From LIC clerk to billionaire godman, vijayakumar naidus dubious journey
Author
Chittoor, First Published Oct 22, 2019, 5:02 PM IST

വി വിജയകുമാർ നായിഡു അവനവനെ വിളിക്കുന്ന പേര് 'കൽക്കി ഭഗവാൻ' എന്നാണ്. മറ്റുള്ളവരെക്കൊണ്ടും അങ്ങനെ തന്നെ വിളിപ്പിക്കാൻ സാധിച്ചു എന്നതാണ് ജീവിതത്തിൽ നായിഡു കൈവരിച്ച ഏറ്റവും വലിയ നേട്ടം. ഈയടുത്ത് ചിറ്റൂരിലെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ  ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌ നടന്നു. അതിൽ ഭഗവാന്റെ സ്ഥാവരജംഗമസ്വത്തുക്കളുടെ കണക്കുകൾ വെളിപ്പെട്ടപ്പോൾ പൊതുജനം ഞെട്ടിപ്പോയി. ചിറ്റൂരിലെ ആശ്രമത്തിൽ ക്യാഷായി മാത്രം ഉണ്ടായിരുന്നത് 93 കോടി രൂപയാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റുമുള്ള കൽക്കിയുടെ മറ്റ് ആശ്രമങ്ങളിൽ നിന്നായി ആകെ 409  കോടിയുടെ സ്വത്തുക്കൾ കണ്ടെടുക്കപ്പെട്ടു. 

അമേരിക്കൻ ഡോളറിൽ മാത്രമായി ആശ്രമത്തിൽ സൂക്ഷിച്ചിരുന്നത് 18  കോടിയോളം രൂപയാണ്. മറ്റുരാജ്യങ്ങളുടെ കറൻസികളും എമ്പാടുമുണ്ടായിരുന്നു. ഇതിനൊക്കെ പുറമെ, 28 കോടി വിലമതിക്കുന്ന 88 കിലോഗ്രാം സ്വർണം. അഞ്ചുകോടിയുടെ 1271 കാരറ്റിന്റെ വജ്രാഭരണങ്ങൾ എന്നിവയും ഐടി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കണക്കിൽ പെടാത്തതായി ആകെ 500  കോടിയിൽ പരം രൂപയുടെ ആസ്തിയുണ്ട് ആകെ, കൽക്കി ഭഗവാന്റേതായി. ഇപ്പോൾ ഇങ്ങനെ ഒരു ആദായനികുതി റെയ്‌ഡ്‌ കൽക്കിയ്ക്കുമേൽ അടിച്ചേല്പിക്കപ്പെട്ടതിന് പിന്നിൽ പല രാഷ്ട്രീയ കരുനീക്കങ്ങളും ആരോപിക്കപ്പെടുന്നുണ്ട് എങ്കിലും തുടർച്ചയായി ഉയർന്നുവന്ന കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റിയുള്ള പരാതികളും ഒരു കാരണമാണ്. 
 
കൽക്കി ഭഗവാന്റെ നിത്യവസ്ത്രം വെള്ളപ്പട്ടാണ്. വെള്ള ജൂബയും വെള്ള പാൻറ്സുമാണ് സ്ഥിരം വസ്ത്രം. ഇടയ്ക്കിടെ സ്വർണ്ണനിറമുള്ള വസ്ത്രങ്ങളും ധരിക്കാറുണ്ട്. രണ്ടിനും സ്വർണ്ണവർണ്ണത്തിലുള്ള ഒരു ഷാൾ കഴുത്തിൽ കാണും. തമിഴ്‌നാട്ടിലും, ആന്ധ്രയിലും നിരവധി ആശ്രമങ്ങളുള്ള കൽക്കിയ്ക്ക് വിദേശത്തും നിരവധി അനുയായികളുണ്ട്. 

From LIC clerk to billionaire godman, vijayakumar naidus dubious journey

1949 -ൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽ, എസ്. വരദരാജുലു നായിഡുവിനും, വി വൈദർഭിക്കും മകനായി ജനിച്ച വിജയകുമാർ നായിഡു, ഒരു എൽഐസി ഗുമസ്തനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എന്നാൽ 1984 -ൽ തന്റെ സ്നേഹിതനായ ശങ്കറുമൊത്ത് നടത്തിയ അഞ്ചുവർഷത്തെ തയ്യാറെടുപ്പായിരുന്നു ഈ കൽക്കി അവതാരം. അഞ്ചു വർഷത്തിനുളളിൽ കൽക്കി ഭഗവാൻ എന്ന പേരിൽ പുനരവതരിക്കുന്നു. കൽക്കി ഭഗവാൻ വിഷ്ണുവിന്റെ പത്താം അവതാരമാണ് എന്നാണ് സങ്കൽപം. സ്വയം ഭഗവദ് രൂപം ആർജ്ജിച്ചതോടൊപ്പം ഭാര്യക്കും ദൈവപദവി നൽകി നായിഡു. അമ്മ ഭഗവാൻ എന്നായിരുന്നു ഭാര്യയുടെ പുതിയ അവതാരനാമം. 

 ജീവാശ്രമം എന്ന പേരിൽ രാജപ്പേട്ടയിൽ ഒരു റെസിഡൻഷ്യൽ സ്‌കൂളാണ് നായിഡുവും ശങ്കറും ചേർന്ന് ആദ്യമായി തുടങ്ങിയ സ്ഥാപനം. 'ആധ്യാത്മികതയിലൂന്നിയ ആധുനികവിദ്യാഭ്യാസം' എന്ന ആശയം മുന്നോട്ടുവെക്കാനാണ് തങ്ങൾ ഈ സ്ഥാപനം തുടങ്ങിയിരിക്കുന്നത് എന്നാണ് അന്നവർ അവകാശപ്പെട്ടത്. ആ സ്‌കൂൾ സാമ്പത്തികമായി പരാജയപ്പെട്ടതോടെ, 1989 -ൽ 'കൽകി ഭഗവാന്റെ അവതാരമാണ്' താനെന്നവകാശപ്പെട്ടുകൊണ്ട് നായിഡു ഒരു ആശ്രമം തുടങ്ങുകയായിരുന്നു. 'ഇൻസ്റ്റന്റ് നിർവാണം' ആയിരുന്നു വാഗ്ദാനം. ആശ്രമം പച്ചപിടിച്ചു. നിരവധിപേർ ഭക്തരായെത്തി. സമ്പത്തും ഒഴുകിത്തുടങ്ങി. അതോടെ അവർ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ വരദയ്യാപാളയത്തിലേക്ക് ആശ്രമം പറിച്ചുനട്ടു. ചെന്നൈയിൽ നിന്ന് വെറും 80 കിമീ ദൂരെ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ കാമ്പസിനുള്ളിൽ അവർ 'വൺനെസ്സ് യൂണിവേഴ്സിറ്റി' സ്ഥാപിച്ചു. 

From LIC clerk to billionaire godman, vijayakumar naidus dubious journey

കൽക്കി ഭഗവാൻ നടത്തിയ പ്രഭാഷണങ്ങളിൽ നിന്ന് ഭക്തരിൽ പലരും സാമ്പത്തികവും, തൊഴില്പരവും, ആരോഗ്യപരവുമായ അഭിവൃദ്ധിക്കുള്ള സൂചകങ്ങൾ കണ്ടെടുത്തു. അവർ പറഞ്ഞു പറഞ്ഞ് പുതിയ ഭക്തർ വന്നെത്തി. ആശ്രമം പടർന്നു പന്തലിച്ചു. സമ്പത്ത് ദിനം പ്രതി ഏറിയേറി വന്നു. പരിപാടികളിൽ പങ്കെടുക്കാൻ ഋത്വിക് റോഷനും മനീഷാ കൊയ്‌രാളയും അടക്കമുള്ള സെലിബ്രിറ്റികൾ എത്തിയതോടെ പ്രസിദ്ധി വീണ്ടും വർധിച്ചു. അതോടെ വിദേശങ്ങളിൽ നിന്നുപോലും ബിസിനസുകാരും മറ്റും കൽക്കി ഭഗവാന്റെ ഉപദേശങ്ങൾ തേടി വരവ് തുടങ്ങി. 

From LIC clerk to billionaire godman, vijayakumar naidus dubious journey

5000 രൂപ ചെലവുള്ള സാധാരണ ദർശനം മുതൽ 50,000  രൂപ ചെലവുള്ള വിശേഷ ദർശനം വരെ കൽക്കി ആശ്രമത്തിലുണ്ട്. ഇങ്ങനെ കാശും കൊടുത്ത് കാണാൻ ഇടിച്ചു കേറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 2008 -ൽ അഞ്ചു പേർ മരിച്ച സംഭവം പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. 50,000  രൂപ ചെലവുള്ള സ്‌പെഷ്യൽ ധ്യാനപരിപാടിയും നിരവധി വിദേശികളെ ആശ്രമത്തിലേക്ക് ആകർഷിച്ചു. 

2002 -ൽ ഇന്ത്യാ ടുഡേക്കു നൽകിയ അഭിമുഖത്തിൽ കൽക്കി ഭഗവാൻ ഇങ്ങനെ പറഞ്ഞിരുന്നു, "ഒരു ഓപ്പൽ ആസ്ട്ര വാങ്ങാനാകുമോ എന്ന് നിങ്ങളെന്നോട് ചോദിച്ചാൽ ഞാൻ കണ്ണടച്ച് നിങ്ങളൊരു ഓപ്പൽ ആസ്ട്ര കാറിൽ ഇരിക്കുന്നത് സങ്കൽപ്പിക്കാൻ നോക്കും. എനിക്ക് ആ രംഗം എന്റെ മനസ്സിൽ കാണാൻ സാധിച്ചാൽ അധികം വൈകാതെ നിങ്ങൾക്ക് ഓപ്പൽ ആസ്‌ട്ര കാർ സ്വന്തമാക്കാൻ പറ്റും. എനിക്ക് ആ രംഗം കാണാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ, ഞാൻ നിങ്ങളോട് പറയുക, 'കുറേക്കാലം കൂടി പാവങ്ങളെ സേവിച്ച ശേഷം, നിങ്ങളുടെ ലക്ഷ്യത്തോട് കുറച്ചുകൂടി അടുത്ത ശേഷം വരൂ..' എന്നാവും." 

From LIC clerk to billionaire godman, vijayakumar naidus dubious journey

"ഒരാൾക്ക് അറിയേണ്ടിയിരുന്നത് കാണാൻ ഐശ്വര്യാ റായിയെപ്പോലെ ഇരിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമോ എന്നായിരുന്നു. ഞാൻ നോക്കിയപ്പോൾ അത് കാണുകയും ചെയ്തു. അങ്ങനെ തന്നെ സംഭവിച്ചു അയാളുടെ ജീവിതത്തിൽ. നിങ്ങൾക്ക് ക്രിസ്ത്യാനി ആകണമെന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് യേശുക്രിസ്തുവിനെ കാണിച്ചു തരും. അതുപോലെ ഹിന്ദുക്കൾക്ക് രാമനെയും. ഞാൻ ഒരു 'സ്പിരിച്വൽ സൂപ്പർമാർക്കറ്റാ'ണ്..." 

എഴുപതുകാരനായ കൽക്കിഭഗവാനിപ്പോൾ പണ്ടത്തെയത്ര  ആരോഗ്യമില്ല. അതുകൊണ്ടുതന്നെ വൺനെസ് യൂണിവേഴ്‌സിറ്റിയും, അനുബന്ധ സ്ഥാപനങ്ങളും ഒക്കെ ഇപ്പോൾ നോക്കിനടത്തുന്നത് അമ്മ ഭഗവാനും മകൻ കൃഷ്ണയും ചേർന്നാണത്രെ. എങ്കിലും, കൽക്കി ഭഗവാൻ ഇടയ്ക്കിടെ വീഡിയോ സന്ദേശങ്ങളുടെ രൂപത്തിൽ തന്റെ ഭക്തരെ തേടിയെത്താറുണ്ട്. ആദായ നികുതി പരിശോധനകളൊന്നും തന്നെ കൽക്കി ഭഗവാന്റെ ആശ്രമത്തിൽ ആധ്യാത്മികനിർവാണം തേടിയെത്തുന്ന ഭക്തരുടെ ഒഴുക്കിന് ഭംഗം വരുത്തിയിട്ടില്ല എന്നാണ് ആശ്രമത്തിലെ അന്തേവാസികളുടെ അഭിപ്രായം. 

Follow Us:
Download App:
  • android
  • ios