ഇതിനായി ആദ്യം മാങ്ങ നന്നായി തിളപ്പിക്കുന്നു. ബാക്ടീരിയയെ ഇല്ലാതാക്കാനാണ് ഇത്. തുടര്‍ന്ന് മാമ്പഴത്തിന്റെ കുരു കളഞ്ഞ് അതിനെ ചതച്ച് പേസ്റ്റാക്കുന്നു.പ

ഴങ്ങളുടെ രാജാവാണ് മാമ്പഴം. ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്പഴം ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. മാമ്പഴം കൊണ്ട് നമ്മള്‍ ജ്യൂസ്, കേക്ക്, ഐസ്‌ക്രീം അങ്ങനെ പലതും ഉണ്ടാക്കുന്നു. എന്നാല്‍ ഇന്നുവരെ ആരും ചിന്തിക്കാത്ത മാമ്പഴത്തിന്റെ ഒരു ഉപയോഗം കണ്ടെത്തിയിരിക്കയാണ് നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള രണ്ട് ഡിസൈനര്‍മാര്‍. മാമ്പഴത്തില്‍ നിന്ന് തുകല്‍ ഉണ്ടാക്കി വിപ്ലവം സൃഷ്ടിക്കുകയാണ് അവര്‍.

യൂറോപ്പിലെ ഏറ്റവും വലിയ മാമ്പഴ ഇറക്കുമതിക്കാരില്‍ ഒന്നാണ് നെതര്‍ലാന്റ്‌സ്. പാഴാകുന്ന മാമ്പഴങ്ങള്‍ പലപ്പോഴും അവിടെ ഭക്ഷ്യമാലിന്യത്തിന് കാരണമാകുന്നു. ആഗോള തലത്തില്‍ നോക്കിയാല്‍ ഏകദേശം 1.3 ബില്യണ്‍ ടണ്‍ ഭക്ഷണമാണ് ഓരോ വര്‍ഷവും പാഴാകുന്നത്. ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ പത്ത് ശതമാനം ഭക്ഷ്യ മാലിന്യത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. 

ഇതിനൊരു പരിഹാരമായാണ് ഡിസൈനര്‍മാരായ കോയിന്‍ മീര്‍കെര്‍ക്കും ഹ്യൂഗോ ഡി ബൂണും മാമ്പഴത്തില്‍ നിന്ന് തുകല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഫ്രൂട്ട് ലെതര്‍ റോട്ടര്‍ഡാം എന്ന അവരുടെ കമ്പനി ലണ്ടന്‍ ആസ്ഥാനമായുള്ള ഫാഷന്‍ ബ്രാന്‍ഡായ ലുക്‌സ്ട്രയുമായി സഹകരിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. ഇങ്ങനെ ഉണ്ടാക്കിയ തുകല്‍ ഉപയോഗിച്ച് ഹാന്‍ഡ്ബാഗുകള്‍, ഷൂസുകള്‍, വാലറ്റുകള്‍ എന്നിവയുടെ പുതിയ ശേഖരം തന്നെ അവര്‍ അവതരിപ്പിക്കുന്നു.

ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്ന് പറയും പോലെ, ഭക്ഷണമാലിന്യം മാത്രമല്ല, മൃഗങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന തുകലിന്റെ പാരിസ്ഥിതിക പ്രശ്‌നവും ഇത് കണക്കിലെടുക്കുന്നു. തുകലിന് വേണ്ടി മൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന പ്രവണതയ്ക്ക് എതിരെ ഒരു പുതിയ പോരാട്ടമാവുകയാണ് ഇത്. 2016 ലാണ് ഈ കമ്പനി സ്ഥാപിതമായത്. സൗജന്യമായിട്ടാണ് ആളുകളില്‍ നിന്ന് അവര്‍ അഴുകിയ മാമ്പഴങ്ങള്‍ വാങ്ങുന്നത്. തുകല്‍ ഉണ്ടാക്കാനായി ആഴ്ചയില്‍ ഏകദേശം 1500 മാങ്ങകള്‍ അവര്‍ ഉപയോഗിക്കുന്നു.

തുകലുണ്ടാക്കുന്ന പ്രക്രിയയും വളരെ ലളിതമാണ്. ഇതിനായി ആദ്യം മാങ്ങ നന്നായി തിളപ്പിക്കുന്നു. ബാക്ടീരിയയെ ഇല്ലാതാക്കാനാണ് ഇത്. തുടര്‍ന്ന് മാമ്പഴത്തിന്റെ കുരു കളഞ്ഞ് അതിനെ ചതച്ച് പേസ്റ്റാക്കുന്നു. തുടര്‍ന്ന് അത് ഷീറ്റുകളാക്കി ഉണക്കുന്നു. മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള തുകലുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇതുണ്ടാക്കാന്‍ കുറച്ച് വിഭവങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കൂടാതെ ഇതില്‍ പ്രകൃതിക്ക് ഹാനീകരമായ രാസവസ്തുക്കള്‍ ഒന്നും തന്നെയില്ല. അങ്ങനെ ഇത് പ്രകൃതി സുഹൃദം കൂടിയാവുകയാണ്. മാമ്പഴത്തില്‍ നിന്ന് മാത്രമല്ല, പഴത്തില്‍ നിന്നും, ആപ്പിളില്‍നിന്നും ഒക്കെ ഇതുപോലെ തുകല്‍ നിര്‍മ്മിച്ച് മാറ്റത്തിന് തുടക്കം കുറിക്കുകയാണ് കമ്പനികള്‍.