ഇന്ന് അടിയന്തരാവസ്ഥയുടെ നാല്പത്തഞ്ചാം വാർഷികമാണ്.  ഇനി പറയാൻ പോകുന്നത് അടിയന്തരാവസ്ഥയും പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിയും തമ്മിലുള്ള ഒരു ബന്ധത്തെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ പൊലീസ് വാജ്‌പേയി, അദ്വാനി, ജെയ്റ്റ്‌ലി തുടങ്ങിയ ബിജെപിയിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളെയും ലോക്കപ്പിൽ കയറ്റി പീഡിപ്പിച്ചിട്ടുണ്ട്. എന്നാൽ, അന്ന് പൊലീസിന്റെ ആ നരനായാട്ടിന് ഇരയാകാതെ ഒളിവിൽ കഴിയുന്നതിൽ വിജയിച്ച അപൂർവം നേതാക്കളിൽ ഒരാളാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 
 
പൊലീസിന്റെ കണ്ണിൽ പെടാതെ ഒളിച്ചു പാർക്കുകയായിരുന്നു മിക്കവാറും ദിവസങ്ങളിൽ. അത്യാവശ്യമായി എങ്ങോട്ടെങ്കിലും പോകണം എന്നുണ്ടെങ്കിൽ അന്ന് ഒരാൾക്കും തിരിച്ചറിയാനാകാത്ത ഏതെങ്കിലും രൂപത്തിലേക്ക് അവനവനെ മാറ്റും. അതുകൊണ്ട് ഒരിക്കലും ഒരു പൊലീസുകാരനും മോദിയെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല അന്ന്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ദിര അറസ്റ്റുചെയ്യാൻ തീരുമാനിച്ച ഹിറ്റ് ലിസ്റ്റിൽ വെറുമൊരു ആർഎസ്എസ് പ്രചാരക് ആയിരുന്നിട്ടുകൂടി മോദി പെട്ടു. അന്ന് ജമായത് എ ഇസ്ലാമിപോലുള്ള ചില സംഘടനകളുടെ കൂട്ടത്തിൽ ഇന്ദിര ആർഎസ്എസിന്റെയും നിരോധിച്ചിരുന്നു. അതുകൊണ്ട് അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ നരേന്ദ്ര മോദി മൂന്നു രൂപങ്ങൾ മാറിമാറി സ്വീകരിച്ചിരുന്നു. ഒന്നാമത്തെ രൂപം താടിയും മീശയും വടിച്ച്, ഒരു കോളേജ് വിദ്യാർത്ഥിയുടേത്. രണ്ടാമത്തേത് തലേക്കെട്ടും താടിയും കൂളിംഗ് ഗ്ലാസുമായി സർദാർ നരേന്ദർ സിങ് എന്ന സിഖുകാരന്റേത്. മൂന്നാമത്തെ രൂപം ഒരു വൃദ്ധസന്യാസിയുടേത്. ഈ രൂപങ്ങളിൽ ആൾമാറാട്ടം നടത്തി മോദി വളരെ സാഹസികമായി ജയിൽ സന്ദർശിച്ച് ജനസംഘം നേതാക്കൾക്ക് ലഘുലേഖകൾ വരെ കൈമാറിയിട്ടുണ്ടത്രെ.

ജോർജ് ഫെർണാണ്ടസ് അടക്കമുള്ള അന്നത്തെ ഹൈ പ്രൊഫൈൽ നേതാക്കളെ സുരക്ഷിതമായി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകേണ്ട ചുമതല മോദിയുടേതായിരുന്നു. അന്ന് അത്രക്ക് പ്രസിദ്ധിയാർജിച്ചിട്ടില്ലായിരുന്നു മോദി എന്നതുകൊണ്ടുതന്നെ, പ്രമുഖ നേതാക്കളെ തമ്മിൽ കണക്റ്റ് ചെയ്യുന്ന, അവരിൽ നിന്ന് നിരോധിത ലഘുലേഖകൾ ശേഖരിച്ച് വിതരണം ചെയ്തിരുന്ന 'കൊറിയർ' ആയിരുന്നു മോദി.  നിരവധി വേഷങ്ങൾ കെട്ടി പോലീസിനെ കബളിപ്പിച്ചുകൊണ്ടിരുന്ന മോദിക്ക് ഒരു കള്ളപ്പേരും ഉണ്ടായിരുന്നു, 'പ്രകാശ്'..!

 


  
അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം ജീവൻ തൃണവൽഗണിച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തിയ അതി സാഹസികമായ അണ്ടർഗ്രൗണ്ട് ഓപ്പറേഷനുകളാണ് പാർട്ടിയിൽ അതിവേഗം മുകളിലേക്ക് കുതിക്കാൻ അദ്ദേഹത്തിന് പിൽക്കാലത്ത് തുണയായത്. പ്രസിദ്ധ ജേർണലിസ്റ്റ് നിരഞ്ജൻ മുഖോപാധ്യായ് ഓർത്തെടുക്കുന്നത് ഇങ്ങനെ, "അടിയന്തരാവസ്ഥക്കാലം കഴിയുമ്പോഴേക്കും, നരേന്ദ്ര മോദി എന്നത് അങ്ങനെ അധികമാരും അറിയാത്ത വെറുമൊരു ആർഎസ്എസ് പ്രചാരകിന്റെ പേരുമാത്രം അല്ലായിരുന്നു. അത് സംഘത്തിന്റെ ഉന്നത വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു 'ശ്ലാഘനീയ' നാമമായി മാറി. സംസ്ഥാനങ്ങളിൽ കൃത്യമായ അണ്ടർഗ്രൗണ്ട് നെറ്റ്‌വർക്കുകൾ സ്ഥാപിക്കുക, ഒളിവിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുക, നേതാക്കൾക്ക് പൊലീസിന്റെ പിടിയിൽ പെടാതെ കഴിയാൻ ഒളിസങ്കേതങ്ങൾ ഒരുക്കുക, വേണ്ട സാമ്പത്തികസ്രോതസ്സുകൾ ഒരുക്കുക, പൊലീസിനെ കബളിപ്പിക്കുക എന്നിങ്ങനെ പല മേഖലകളിലും മോദി അഗ്രഗണ്യനായിരുന്നു അന്ന്. ഇത് മോദിയുടെ സ്റ്റോക്ക് വാല്യൂ വളരെ പെട്ടെന്ന് ഉയർത്തി. അത് അദ്ദേഹത്തിന് ഒരു 'ബുദ്ധിരാക്ഷസൻ' ഇമേജ് പകർന്നു നൽകി പാർട്ടിയിൽ..."

ആ അർത്ഥത്തിൽ, ഇന്ന് നമ്മൾ കാണുന്ന 'പ്രധാനമന്ത്രി നരേന്ദ്ര മോദി'യെ വാർത്തെടുക്കുന്നതിൽ ഒരു പക്ഷേ അടിയന്തരാവസ്ഥക്കാലത്തിനും അക്കാലത്ത് മോദി നടത്തിയ അണ്ടർഗ്രൗണ്ട് ഓപ്പറേഷനുകൾക്കും ഉള്ള പങ്കും വിസ്മരിക്കാവുന്ന ഒന്നല്ല..!