2020 മാർച്ച് 20 ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഒരു ദിവസമാണ്. 'വൈകിയെങ്കിലും നീതി പുലർന്ന ദിനം' എന്ന് പലരും പറഞ്ഞ ദിനം. നിർഭയ കേസിലെ നരാധമന്മാർ കഴുമരത്തിലേറ്റപ്പെട്ട നാൾ.  എന്നാൽ ആ ദിനത്തിന്റെ തലവിധി അങ്ങനെയല്ലാതെയാക്കാൻ വേണ്ടി, തലേന്ന് രാത്രി ഏറെ വൈകിയും പല തന്ത്രങ്ങളും പയറ്റി കോടതി കയറിയിറങ്ങി പ്രതിഭാഗം വക്കീൽ, അഡ്വ. എപി സിംഗ്. ദില്ലി ഹൈക്കോടതിയിൽ വ്യാഴാഴ്ച വൈകുന്നേരം നൽകിയ ഹർജി മുതൽ സുപ്രീം കോടതിയിൽ നൽകിയ പാതിരാ ഹർജി വരെ അതിനുദാഹരണങ്ങളാണ്. എന്നാൽ, ഈ ഹർജികളൊക്കെ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ച പാനലിൽ മൂന്നു ജഡ്ജിമാരാണ് ഉണ്ടായിരുന്നത്, ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എസ് ബൊപ്പണ്ണ. 20 -ന് പുലർച്ചെ രണ്ടര മണിക്ക് അവർ പുറപ്പെടുവിച്ച അന്തിമ വിധിയാണ് നിർഭയ കേസിലെ നാലുപ്രതികളുടെയും തലവിധി അരക്കിട്ടുറപ്പിച്ചത്. 

ജസ്റ്റിസ് ഭാനുമതി എന്ന പേര് ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അകത്തളങ്ങളിൽ ഇത്രയുച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നത് ഇതാദ്യമായിട്ടല്ല. 

ആരാണ് ജസ്റ്റിസ് ഭാനുമതി?

1981 നിയമപഠനം പൂർത്തിയാക്കി ജില്ലാകോടതികളിൽ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയതാണ് ഭാനുമതി എന്ന തമിഴ്നാട്ടുകാരി. 1988 തമിഴ്നാട് ഹയർ ജുഡീഷ്യൽ സർവീസസിന്റെ ഭാഗമാകുന്നു. സെഷൻസ് ജഡ്ജ് ആയി ആദ്യ നിയമനമുണ്ടാകുന്നു. 2003 -ൽ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജായി നിയമനം. അവിടെത്തന്നെ താമസിയാതെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സ്ഥാനക്കയറ്റം. 2014 -ൽ സുപ്രീം കോടതിയിലേക്ക് മാറുന്നു. സെഷൻസ് ജഡ്‌ജിൽ തുടങ്ങി സുപ്രീം കോടതി ജഡ്ജ് വരെ എത്തുന്ന ഭാരതത്തിലെ രണ്ടാമത്തെ വനിതയാണ്, ജസ്റ്റിസ് ഫാത്തിമാ ബീവിക്ക് ശേഷം ജസ്റ്റിസ് ഭാനുമതി. 2019 -ൽ ജസ്റ്റിസ് ഭാനുമതി,  രാജ്യത്തെ ജഡ്ജിമാരുടെ നിയമനത്തെ നിർണയിക്കുന്ന പാനലായ സുപ്രീം കോടതി കൊളീജിയത്തിൽ അംഗമായപ്പോൾ അവിടേക്ക് 13 വർഷത്തെ ഇടവേളക്ക് ശേഷം ഒരു വനിതാ ജഡ്ജി എത്തി. 

ജസ്റ്റിസ് ഭാനുമതിയുടെ സുപ്രധാന വിധിപ്രസ്താവങ്ങൾ 


ആൾദൈവം സ്വാമി പ്രേമാനന്ദയ്ക്ക് ഇരട്ടജീവപര്യന്തം 

സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി പ്രേമാനന്ദ, ഒരു കൊലക്കേസിൽ കുടുങ്ങി ജസ്റ്റിസ് ഭാനുമതിയുടെ മുന്നിൽ എത്തിപ്പെട്ടത് 1997-ലായിരുന്നു. . അന്ന് അവർ പുതുക്കോട്ടെ സെഷൻസ് കോടതി ജഡ്ജി. തന്റെ ഭക്തരിൽ പലരെയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും, ഒരാളെ വധിക്കുകയും ചെയ്തു എന്നതായിരുന്നു ആരോപണം. ഈ കേസിൽ ജസ്റ്റിസ് ഭാനുമതി പ്രേമാനന്ദയെ ഇരട്ടജീവപര്യന്തം കഠിനതടവിന് വിധിച്ചു. ഒന്നിന് പിന്നാലെ ഒന്നായി അനുഭവിക്കണം എന്നും വിധിച്ചു. ഒപ്പം 67 ലക്ഷം പിഴയും വിധിച്ചു. 2011 -ൽ ജയിലിൽ കിടന്ന് പ്രേമാനന്ദ മരിച്ചു. 

ജെല്ലിക്കെട്ട് നിരോധനം

2006 -ൽ മദ്രാസ് ഹൈക്കോടതിയിൽ ഇരിക്കെ ജസ്റ്റിസ് ഭാനുമതി ജെല്ലിക്കെട്ട് നിരോധിച്ചു കൊണ്ട് ഉത്തരവിട്ടു. ഈ നിരോധനം പിന്നീട് 2014 -ൽ കേന്ദ്രം നീക്കിയിരുന്നു. എന്നാൽ ഈ കേസ് പിന്നീട് 2016 -ൽ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ അവിടെ ജഡ്ജിയായിരുന്നിട്ടും ഭാനുമതി ഈ കേസ് സ്വീകരിക്കാൻ വിസമ്മതം പ്രകടിപ്പിച്ചു. 

 

2010 -ൽ താമരഭരണി നദിയ്ക്കടുത്തുനിന്ന് മണൽ ഖനനം ചെയ്യുന്നത് ജസ്റ്റിസ് ഭാനുമതി അഞ്ചു വർഷത്തേക്ക് വിലക്കി. സുപ്രധാനമായ ഈ വിധിയിൽ ബെഞ്ച് തമിഴ്‌നാട്ടിലെ നദികളിൽ നിന്ന് മണലെടുക്കുന്നതിന് പല മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. മണൽ ഖനനത്തിന് പ്രാദേശികമായ നിരീക്ഷണ സമിതികൾ വേണമെന്നും നിർദേശിച്ചു.  

2017 -ൽ സുപ്രീം കോടതിയിലിരിക്കെ നിർഭയ കേസിനെപ്പറ്റിയും അവർ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. ഈ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവ്വമാണെന്നും വധശിക്ഷ തന്നെ നൽകണമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.