ഇന്ന് കോൺഗ്രസ് പാർട്ടിയുടെ ജന്മവാർഷിക ദിനമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായിട്ട് ഇന്നേക്ക് 134 വർഷങ്ങൾ തികയുന്നു. 1885 ഡിസംബർ 28 -നാണ് വ്യോമേഷ് ചന്ദ്ര ബാനർജി പ്രസിഡന്റും എ ഓ ഹ്യൂം എന്ന ഇംഗ്ലീഷുകാരൻ സിവിൽ സർവന്റ് ജനറൽ സെക്രട്ടറിയുമായി ബോംബെ നഗരത്തിൽ വെച്ച് ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടക്കുന്നത്. പിന്നീട് അത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. സ്വാതന്ത്ര്യസമരത്തിൽ നമ്മുടെ ഒട്ടുമിക്ക സമരനായകന്മാരും ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ ആയിരുന്നു. ഗാന്ധിജി, നെഹ്‌റു, സർദാർ പട്ടേൽ, രാജേന്ദ്രപ്രസാദ് അങ്ങനെ പലരും. ഈ പാർട്ടിയുടെ കൊടിക്കീഴിലാണ് നാട്ടുരാജ്യങ്ങളായി വിഭജിച്ചു കിടന്നിരുന്ന ഒരു ഉപഭൂഖണ്ഡം ആദ്യമായി ദേശീയതയുടെ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങുന്നത്. ഇന്ന് ആ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിറന്നാളാണ്. 

പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൽവ് പോലെ ഒരു പാർട്ടി 

അലൻ ഒക്ടേവിയൻ ഹ്യൂം എന്നത് ഒരു ബ്രിട്ടീഷുകാരന്റെ പേരാണ്. ഈ ബ്രിട്ടീഷ് സിവിൽ സർവന്റാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആധാരശില സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. അതിനു പിന്നിൽ വളരെ രസകരമായ ഒരു തിയറിയുണ്ട്. സേഫ്റ്റി വാൽവ് തിയറി. സംഭവം വളരെ സിംപിളാണ്. അടുപ്പത്തിരിക്കും തോറും, പ്രെഷർ കുക്കർ എന്ന പാചക ഉപകരണത്തിനുള്ളിൽ മർദ്ദം കൂടിക്കൂടി വരും. ഒടുവിൽ ആ മർദ്ദം കൂടിക്കൂടി വരുമ്പോൾ അതിന്റെ വെയ്റ്റ് അഥവാ വിസിൽ എന്നുപറയുന്ന സാധനം പൊങ്ങും, മർദ്ദത്തിലിരിക്കുന്ന നീരാവി പുറത്തു പോകും.

എന്തെങ്കിലും കാരണവശാൽ ആ വെയ്റ്റ് കുടുങ്ങി സ്റ്റക്ക് ആയിപ്പോയാൽ, കുക്കർ പൊട്ടിത്തെറിക്കാതിരിക്കാൻ വേണ്ടി ഉള്ള ഒരു സുരക്ഷാ സംവിധാനമാണ് സേഫ്റ്റി വാൽവ് എന്നത്. കുക്കർ പൊട്ടിത്തെറിക്കും മുമ്പ് അത് ഉരുകിപ്പോകും, നീരാവി അതുവഴി രക്ഷപ്പെടുകയും ചെയ്യും. പ്രഷർ കുക്കറിൽ സേഫ്റ്റി വാൽവ് ഇല്ലെങ്കിൽ, പ്രഷർ കൂടി കുക്കർ പൊട്ടിത്തെറിക്കാനും, പാചകം ചെയ്യുന്നവർക്ക് ജീവനാശം വരെ സംഭവിക്കാനും ഇടയുണ്ട്. 

കോൺഗ്രസ് രൂപീകൃതമായ കാലത്ത് അതിന്റെ അവതാര ലക്ഷ്യവും ഏതാണ്ട് ഒരു സേഫ്റ്റി വാൽവിന്റെത് തന്നെയായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരം എന്ന്‌ ഭാരതീയരും ശിപായി ലഹള എന്ന്‌ ബ്രിട്ടീഷുകാരും വിളിച്ച ഒരു കലാപം കഴിഞ്ഞ അധികകാലം ആയിരുന്നില്ല. തങ്ങളുടെ ഭരണത്തിനെതിരെ രാജ്യത്തിനുള്ളിൽ വൻതോതിൽ ജനരോഷമുണ്ട് എന്നത് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞിരുന്നു അന്ന്. അന്നത്തെ അക്രമങ്ങളും കലാപങ്ങളും ബ്രിട്ടീഷുകാർ അടിച്ചമർത്തി എങ്കിലും, അതിനിടെ അവർക്കും മുറിവുകൾ പറ്റി. കാര്യങ്ങൾ അത്രയ്ക്ക് വഷളാക്കേണ്ട കാര്യമില്ല എന്നവർ തിരിച്ചറിഞ്ഞു. അന്ന് ലഹള നടത്തിയവർക്ക് വേണ്ടത്ര പ്ലാനിങ് ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ് അപ്പോൾ ബ്രിട്ടീഷുകാർ രാജ്യത്തിന് വെളിയിലാകാതെ പോയത്. അടുത്ത ലഹളയിൽ അത് അങ്ങനെ ആയിക്കോളണം എന്നില്ല. അതുകൊണ്ട് രണ്ടാമതൊരുവട്ടം കൂടി കാര്യങ്ങൾ അതുവരെ എത്തിക്കാൻ പാടില്ല എന്ന്‌ ബ്രിട്ടീഷുകാർ ഉറപ്പിച്ചു. അതുകൊണ്ട് അവർ ഇന്ത്യക്കാർക്ക് ഒരു പ്ലാറ്റ്‌ഫോം കൊടുക്കാൻ തീരുമാനിച്ചു.

ദേഷ്യം വന്നാൽ അത് ഒരു പരിധിവരെ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്ന ഒരു പ്ലാറ്റ്‌ഫോം. ക്ഷോഭം പ്രകടിപ്പിക്കാൻ മാത്രം. അതിനല്ലാതെ മറ്റൊന്നിനും ഉതകാത്ത ഒരു പ്രസ്ഥാനം. അത്ര മാത്രമാണ് ബ്രിട്ടീഷുകാർ ഉദ്ദേശിച്ചിരുന്നത്. പ്രതിഷേധിക്കാൻ, പരാതി പറഞ്ഞും സംതൃപ്തിയടഞ്ഞു കഴിഞ്ഞാൽ വീട്ടിൽ പോകാൻ വേണ്ടി മാത്രം ഒരു ബാനർ.  ഈ പ്ലാനിങ്ങിന്റെ മാസ്റ്റർ ആർക്കിടെക്ട് ആയിരുന്നു എ ഓ ഹ്യൂം. അതിനു പിന്നിൽ പ്രവർത്തിച്ച തലച്ചോറ് ലോർഡ് ഡഫറിൻ എന്ന അന്നത്തെ വൈസ്രോയിയുടെയും. അന്ന് സിവിൽ സർവീസിൽ ഉണ്ടായിരുന്ന ഹ്യൂം ആണ് ഇങ്ങനെ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. 

ആശയം ബ്രിട്ടീഷുകാരന്റേതെങ്കിലും, ആദ്യ അധ്യക്ഷൻ ഒരു ഭാരതീയൻ തന്നെ 

അന്ന് ഈ ദേഷ്യം തീർക്കാനുള്ള സേഫ്റ്റി വാൽവ് എന്നതിന് പുറമെ മറ്റൊരു റോൾ കൂടി കോൺഗ്രസിന് ഉണ്ടായിരുന്നു. അന്നത്തെ അഭ്യസ്ത വിദ്യരായ ഇന്ത്യക്കാർക്ക് സർക്കാർ ലാവണങ്ങൾ ലഭിക്കാനുള്ള ഒരു ചാനൽ ആയി കോൺഗ്രസ് അന്ന് പ്രവർത്തിച്ചു. അതും ബ്രിട്ടീഷുകാരുടെ ഗുണം മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. ജോലി ചെയ്‌താൽ പണം കിട്ടും. പണം കിട്ടിയാൽ വീട് പുലരും. വീടുപുലരാൻ കൂലി നൽകുന്ന ഉടയോനോട് കൂറും കാണും ഒരു പരിധിവരെ. ആ വരുമാനം അപകടത്തിലാക്കിക്കൊണ്ട് ഒരു വിപ്ലവത്തിനും ഈ ബുദ്ധിമാന്മാർ മുതിരുകയില്ല. അതായിരുന്നു ബ്രിടീഷുകാരുടെ ചിന്ത.

ആദ്യ മീറ്റിംഗ് പുണെയിൽ സംഘടിപ്പിക്കാനായിരുന്നു പ്ലാൻ. എന്നാൽ അന്ന് അവിടെ കോളറ പടർന്നു പിടിച്ച കാലമായിരുന്നു. അതുകൊണ്ട് മീറ്റിങ് അവസാന നിമിഷം ബോംബെയിലേക്ക് മാറ്റേണ്ടി വന്നു. അന്ന് ആദ്യസമ്മേളനത്തിൽ എഴുപത്തിയെട്ട് അംഗങ്ങൾ പങ്കെടുത്ത പ്രഥമ സമ്മേളനം നടന്നു. അതിൽ എ ഓ ഹ്യൂം, വ്യോമേഷ് ചന്ദ്ര ബാനർജി എന്നിവർ സ്ഥാനമേറ്റു. 

എ ഒ ഹ്യൂം, വ്യോമേഷ് ചന്ദ്ര ബാനർജി

1885 മുതൽ 1905 വരെ കാര്യമായ ദേശീയ പ്രവർത്തനങ്ങൾ ഒന്നും തന്നെ കോൺഗ്രസിൽ നിന്നുണ്ടായില്ല എന്നുതന്നെ പറയാം. അക്കാലത്തു തന്നെ ദാദാഭായി നവറോജി, ബദറുദ്ദീൻ തയ്യിബ്ജി എന്നിവരൊക്കെ കോൺഗ്രസിൽ ഉണ്ടായിരുന്നു. എന്നാലും, പൊതുജനങ്ങളിൽ നിന്ന് അത് ഒരു സംഘടന എന്ന നിലക്ക് അകന്നു തന്നെ നിന്നു. അന്ന് 'പരാതി കോൺഗ്രസ്' എന്നതായിരുന്നു ഇരട്ടപ്പേരുതന്നെ. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ അറിയിക്കുന്നതിനായി നിരന്തരം പരാതികൾ അയക്കുക. അതുസംബന്ധിച്ച് മീറ്റിങ്ങുകൾ സംഘടിപ്പിക്കുക. കൂട്ടയൊപ്പിട്ട ഭീമഹർജികളും, നിവേദനങ്ങളും സമർപ്പിക്കുക. ലഘുലേഖകൾ പ്രചരിപ്പിക്കുക. ഇതൊക്കെത്തന്നെ പ്രധാന പണി. ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട്, ചെറിയ ചെറിയ ആനുകൂല്യങ്ങൾ ബ്രിട്ടീഷുകാരിൽ നിന്ന് ഇരന്നു വാങ്ങുക. അത്രതന്നെ. അതിൽ കൂടുതലൊന്നുമില്ല. 1892-ൽ ഇന്ത്യൻ കൗൺസിൽ നിയമ പ്രകാരം ലെജിസ്ലേറ്റീവ് കൗൺസിൽ വിപുലീകരിച്ചതൊഴിച്ചാൽ കാര്യമായൊന്നും തന്നെ അന്ന് കോൺഗ്രസിന് നേടാൻ സാധിച്ചില്ല. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അഭിപ്രായഭിന്നതകൾ സൃഷ്ടിച്ചു. 

അങ്ങനെയിരിക്കുമ്പോഴാണ്, 1905 -ൽ ബംഗാൾ വിഭജനം നടക്കുന്നത്. അന്ന് ലോർഡ് കഴ്‌സൺ ആണ്  വൈസ്രോയി. അദ്ദേഹമാണ് ബംഗാളിനെ രണ്ടായി വിഭജിക്കുന്നതായി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തോടാണ് ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തുറന്നുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നത്. അതിനു കാരണമോ ബംഗാളിൽ നിന്നുള്ള കോൺഗ്രസ് നേതാവായ സുരേന്ദ്രനാഥ ബാനർജിയും. ഈ തീരുമാനത്തിനെതിരായി, 1905 ഓഗസ്റ്റ് 7 -ന് സ്വദേശി പ്രസ്ഥാനം തുടങ്ങാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. അതിന്റെ ഭാഗമായി ഇംഗ്ലീഷ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും തീരുമാനമായി. അതാണ് കോൺഗ്രസ് എന്ന ഉപരിവർഗ പാർട്ടിയെ ആദ്യമായി ബഹുജനങ്ങൾക്കിടയിൽ അവരുടെ തോളോട് തോൾ ചേർത്ത് നിർത്തിയത്. അതിനിടെ കോൺഗ്രസിൽ ചെറിയൊരു വിള്ളലുണ്ടാകുന്നു. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും (moderates and extremists) വേറിട്ട് പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഈ സമരം ബംഗാളിൽ ഒതുക്കാൻ പാടില്ല എന്നതായിരുന്നു തീവ്രമായി വാദിക്കുന്നവരുടെ വാദം. എന്നാൽ രാജ്യം മുഴുവൻ സമരത്തിനിറങ്ങേണ്ട കാര്യമില്ല എന്നായിരുന്നു മിതവാദികളുടെ വാദം.

ഇതിന്റെ പേരിൽ, 1907-ൽ ഗുജറാത്തിലെ സൂററ്റിൽ നടന്ന സമ്മേളനത്തിൽ വച്ച് കോൺഗ്രസ് രണ്ടായി പിരിയുകയുണ്ടായി. ലാലാ ലജ്‌പത് റായ്, ബാല ഗംഗാധര തിലക് എന്നിവരിലൊരാൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടണമെന്നുള്ളതായിരുന്നു തീവ്രവാദികളുടെ ആവശ്യം. എന്നാൽ റാഷ് ബിഹാരി ഘോഷ് പ്രസിഡന്റാകണമെന്ന് മിതവാദികളും ആവശ്യപ്പെട്ടു. ഇതിന്മേലാണ് പിളർപ്പുണ്ടായത്. ഈ സംഭവം ചരിത്രത്തിൽ 'സൂററ്റ് പിളർപ്പ്' എന്നറിയപ്പെടുന്നു.  

കോൺഗ്രസിന്റെ യഥാർത്ഥ ചരിത്രം തുടങ്ങുന്നത് ഇന്റർവെല്ലിലെ ഗാന്ധിയുടെ എൻട്രിക്ക് ശേഷം 

1915 -ൽ, അതായത് പാർട്ടി രൂപീകരിച്ച് മുപ്പതു കൊല്ലങ്ങൾക്കു ശേഷം, ഗാന്ധിജി തന്റെ ദക്ഷിണാഫ്രിക്കൻ വാസമൊക്കെ കഴിഞ്ഞ് തിരികെ നാട്ടിൽ എത്തിയകാലത്താണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യഥാർത്ഥ ചരിത്രവും പ്രവർത്തനങ്ങളും ഒക്കെ തുടങ്ങുന്നത്. രാജ്യത്തിൻറെ പ്രശ്നങ്ങൾ അറിയാൻ വേണ്ടി അദ്ദേഹം ആദ്യം തന്നെ ഇന്ത്യ ചുറ്റിസഞ്ചരിച്ചു. നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളെ നേരിട്ട് അറിയാൻ ശ്രമിച്ചു. എന്നിട്ടായിരുന്നു രാഷ്ട്രീയ പ്രവേശം.

1919 -ൽ ഗാന്ധിജി തുടക്കം കുറിച്ച നിസ്സഹകരണ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന പാർട്ടിയെ ദേശീയപ്രസ്ഥാനത്തിന്റെ, സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയുന്നത്. 1919 മുതൽക്ക്, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നത് വരെയും, തുടർന്ന് 1948 ജനുവരി 30 -ന് വെടിയേറ്റ് കൊല്ലപ്പെടുന്നത് വരെയും, ഗാന്ധിയെന്നാൽ കോൺഗ്രസ് എന്നും, കോൺഗ്രസെന്നാൽ ഗാന്ധിയെന്നുമായിരുന്നു. പൊതുജനങ്ങളുടെ കണ്ണിൽ, ബ്രിട്ടീഷുകാരുടെ കണ്ണിൽ, ലോകത്തിന്റെ കണ്ണിൽ. വേറെയും നിരവധി നേതാക്കൾ, അതികായന്മാർ ഉണ്ടായിരുന്നു സമരമുഖത്തെങ്കിലും, ഗാന്ധിക്ക് തുല്യമായി ഗാന്ധി മാത്രമായിരുന്നു. 

ചരിത്രം നമ്മൾ ഇപ്പോഴും പഠിക്കുക പുരാതന, മധ്യ, ആധുനിക കാലഘട്ടങ്ങളിലായിട്ടാണ്. ഇന്ത്യയുടെ ആധുനികകാല ചരിത്രം തുടങ്ങുന്നത് സ്വാതന്ത്ര്യ സമരത്തിലേക്കുള്ള ഗാന്ധിജിയുടെ എൻട്രി, അതായത് 1919 തൊട്ടാണ്. അന്നുമുതലാണ് നിസ്സഹകരണ പ്രസ്ഥാനമെന്ന കൊടും സമരം തുടങ്ങുന്നത്. അതിനു പിന്നാലെയാണ്  1930 -ൽ സിവിൽ നിയമലംഘന പ്രസ്ഥാനം, അതിന്റെ ഭാഗമായി ഉപ്പുകുറുക്കൽ സമരം, 1942 -ൽ ക്വിറ്റ് ഇന്ത്യാ സമരം, അതിനു ശേഷം 1947 -ൽ സ്വാതന്ത്ര്യ ലബ്ധിയും. മേല്പറഞ്ഞതൊക്കെയും അതീവ ശ്രമകരമായ സമരങ്ങളായിരുന്നു. ഇതൊക്കെ നടപ്പാക്കുന്നതിനിടെ കോൺഗ്രസിന്റെ സ്വാധീനം ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് വളർന്നു.

അഹിംസ, സ്വാഭിമാനം തുടങ്ങിയ ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്ഠിതമായി അത് പടർന്നു പന്തലിച്ചുകൊണ്ടിരുന്നു. എത്തിപ്പെടാൻ നല്ല റോഡില്ലാത്ത ഓണംകേറാമൂലകളിൽ പോലും അന്ന് കോൺഗ്രസുകാർ ഉണ്ടായിരുന്നു. അന്ന്, സ്വാതന്ത്ര്യ പൂർവ ഇന്ത്യയിൽ പോലും കോൺഗ്രസിൽ ഒന്നരക്കോടിയോളം പേർ സജീവാംഗങ്ങളായിരുന്നു. ഏഴുകോടിയോളം പേരുടെ പിന്തുണ കോൺഗ്രസിനുണ്ടായിരുന്നു അന്ന്. 

സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള കോൺഗ്രസ് 

സ്വാതന്ത്ര്യം കിട്ടുവോളം, ആ ഒരൊറ്റ ലക്‌ഷ്യം മനസ്സിലിട്ട് സകല അഭിപ്രായ ഭിന്നതകളും മറന്നുകൊണ്ട് പലരും കോൺഗ്രസിൽ ഒന്നിച്ചു പ്രവർത്തിച്ചു പോന്നിരുന്നു. ജവഹർ ലാൽ നെഹ്‌റു എന്ന മകൻ അച്ഛൻ മോത്തിലാൽ നെഹ്‌റുവിന്റെ ബ്രിട്ടീഷ് വിധേയത്വത്തെ തുറന്നു തന്നെ വിമർശിച്ചിരുന്ന, അത്തരം വിമർശനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു പാർട്ടിയായിരുന്നു അന്നത്തെ കോൺഗ്രസ്. പിന്നീട കോൺഗ്രസ് വിട്ട് മോത്തിലാൽ നെഹ്‌റു സ്വരാജ്യ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചപ്പോഴും ജവഹർലാൽ പാർട്ടി വിട്ടില്ല. ഒരു വലിയ കുടപോലെ തുറന്നു വിരിച്ചു പിടിച്ചു നിൽക്കുകയായിരുന്നു കോൺഗ്രസ് എന്ന പാർട്ടി. അന്ന് എല്ലാ ജാതി, മത, ആശയക്കാരും പാർട്ടിയുടെ ഭാഗമായിരുന്നു. 

സ്വാതന്ത്ര്യത്തിനു പിന്നാലെ കോൺഗ്രസിലേക്ക് കടന്നുവന്നത്  അധികാരത്തിന്റെ യുഗമാണ്. അതോടെ അന്നുവരെയുണ്ടായിരുന്ന സാഹചര്യങ്ങൾ പാടെ മാറി. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആവശ്യങ്ങൾ മാറി. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കോൺഗ്രസ് ഒരു ദേശീയ പ്രസ്ഥാനമായിരുന്നു എങ്കിൽ, സ്വാതന്ത്ര്യാനന്തരം അത് ഒരു ദേശീയ പാർട്ടി മാത്രമായി ചുരുങ്ങി. അത് സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെ ആലഭാരം പേറുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി. എന്നാൽ സ്വാതന്ത്ര്യ സമര സഹനങ്ങളുടെ ഹാങ്ങ് ഓവർ 1967 വരെ കോൺഗ്രസിന് അനുകൂലമായ ജനവികാരം നിലനിർത്തി. അത്രയും കാലം അവർ ജവഹർലാൽ നെഹ്‌റു എന്ന പ്രതിഭാശാലിയായ രാഷ്ട്രനേതാവിന്റെ കീഴിൽ രാജ്യത്തിൻറെ പുനർ നിർമാണത്തിന് കാതലായ സംഭാവനകൾ നൽകി. 1967 -ൽ തങ്ങളുടെ ശക്തി ക്ഷയിച്ചു എന്ന്‌ പാർട്ടിക്ക് ആദ്യമായി ബോധ്യപ്പെട്ടു.

കൃതഹസ്തനായ നേതാവ് ലാൽ ബഹാദൂർ ശാസ്ത്രിയുടെ അകാലമൃത്യു പാർട്ടിയുടെ തുടർ പ്രയാണത്തെ ബാധിച്ചു എന്നുതന്നെ പറയാം. കാരണം അതോടെ അധികാരം, രാജ്യത്തിൻറെ ഭരണം, രാഷ്ട്രീയപരിചയം കുറവായ നെഹ്‌റുപുത്രി ഇന്ദിരാ ഗാന്ധിയിലേക്ക് കൈമാറി വന്നു കഴിഞ്ഞിരുന്നു. തുടക്കത്തിൽ നിരവധി താളപ്പിഴകളുണ്ടായി എങ്കിലും, ഇന്ദിര പിന്നീട് പക്വതയുള്ള ഭരണാധികാരിയായി. ജനപ്രീതിയാർജ്ജിച്ചു. പാർട്ടിയിലും രാജ്യത്തും അനിഷേധ്യയായി ഉയർന്നു. 1977 വരെ അധികാരം നഷ്ടമാവാതെ പിടിച്ചു നിർത്തി. 

1977 -ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട്, പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തെ, ജനാധിപത്യത്തെ ഹ്രസ്വകാലത്തേക്കെങ്കിലും, ഇല്ലായ്മ ചെയ്തുകൊണ്ട്, ഇന്ദിരാഗാന്ധിയും പുത്രൻ സഞ്ജയ് ഗാന്ധിയും സംഘവും ചേർന്ന്, കോൺഗ്രസ് എന്ന പാർട്ടിയുടെ സൽപ്പേരിന് സാരമായ കളങ്കം വരുത്തിവെച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് നടത്തിയ തെരഞ്ഞെടുപ്പിൽ രാഷ്ട്രം കോൺഗ്രസ് പാർട്ടിയെ തിരസ്കരിച്ചു. എന്നാൽ 1980 -ൽ വീണ്ടും ഇന്ദിര ഭരണത്തിലേറി. 1984 -ൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ വീണ്ടും കോൺഗ്രസിനെ ജനങ്ങൾക്ക് എതിരാക്കി. ഒടുവിൽ അതിന്റെ പേരിൽ ഇന്ദിര വിധിക്കപ്പെടുന്നു. അതിനുശേഷം അരങ്ങേറിയ സിഖ് വിരുദ്ധ കലാപം കോൺഗ്രസ് പാർട്ടിയ്ക്ക് പുതിയ ചീത്തപ്പേരുകൾ സമ്മാനിച്ചു.

ഇന്ദിരയ്ക്കു ശേഷം രാജീവ് ഗാന്ധി, പിന്നീട് നരസിംഹറാവു, മൻമോഹൻ സിങ്ങ് എന്നിങ്ങനെ പല കോൺഗ്രസ്  മന്ത്രിമാർ മാറിമാറി ഇന്ത്യ ഭരിച്ചു. ഒടുവിൽ ജവഹർലാലിനും, ഇന്ദിരയ്ക്കും, രാജീവിനും, പത്നി സോണിയയ്ക്കും ശേഷം, ഭരണം ഏറ്റെടുത്ത രാഹുൽ ഗാന്ധിയാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനം രാജിവെച്ച് സ്ഥാനം തിരിച്ച് സോണിയാ ഗാന്ധിയിൽ തിരികെ എത്തി നിൽക്കുകയാണ്. കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പാർട്ടിക്ക് ബിജെപിയിൽ നിന്ന് കനത്ത തിരിച്ചടികൾ നേരിടേണ്ടി വന്നു. ഇന്ന് പ്രതിപക്ഷം എന്ന നിലക്ക് രാജ്യത്തെ വലതു പക്ഷ വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടരുകയാണ്. അത് എത്രമാത്രം വിജയം കാണുമെന്ന കാര്യത്തിൽ ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.