പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അബ്ദുൾ അലിം, ചെന്നൈയിലെ സോഹോ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു. ഒരു മുതിർന്ന എഞ്ചിനീയറുടെ സഹായത്തോടെ പ്രോഗ്രാമിംഗ് പഠിച്ച അദ്ദേഹം, എട്ട് മാസത്തിനുള്ളിൽ സ്വന്തമായി ഒരു ആപ്പ് നിർമ്മിച്ചു.
അബ്ദുൾ അലിം എന്ന വ്യക്തിയുടെ ലിങ്ക്ഡിൻ പ്രൊഫൈൽ എടുത്താല്‍, 'സോഫ്റ്റ്‍വെയർ ഡെവലപ്പ്മെന്‍റ് എഞ്ചിനീയർ അറ്റ് സോഹോ' എന്നായിരിക്കും ജോലിയായി എഴുതിരിക്കുന്നത്. എന്നാല്‍ പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ എങ്ങനെയാണ് സോഫ്റ്റ്‍വെയർ എഞ്ചിനീയറായത് എന്നറിയുമ്പോൾ നിങ്ങളൊന്ന് അമ്പരക്കും. എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് മാത്രം ലക്ഷങ്ങൾ മുടക്കേണ്ടിവരുന്ന കാലത്ത് ഒരു പത്താം ക്ലാസുകാരനെങ്ങനെ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി എന്ന അവിശ്വാസം കേൾവിക്കാന്‍റെ മുഖത്ത് പ്രകടമാകും. അതെ, ആ അവിശ്വസനീയമായ ജീവിതകഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയവും.
അവിശ്വസനീയമാം ജീവിതയാത്ര
ചെന്നൈ ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു അബ്ദുൾ അലിം. ഒരു പത്താം ക്ലാസുകാരന് മറ്റെന്ത് ജോലിയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കാന്‍ കഴിയുകയെന്ന ചോദ്യം സ്വാഭാവികം. എന്നാല്‍, ആ വിദ്യാഭ്യാസ യോഗ്യത വച്ച് അതേ കമ്പനിയിലെ സോഫ്റ്റ്‍വെയർ എഞ്ചിനീയറായി മാറുന്നതെങ്ങനെയെന്ന് അബ്ദുൾ അലിം നമ്മെ പഠിപ്പിക്കുന്നു.
കണ്ണുകളിലെ തിളക്കം
2013- ൽ അസമിലെ വീട്ടിൽ നിന്നും 1,000 രൂപയും കൊണ്ടായിരുന്നു അബ്ദുൾ അലിം ചെന്നൈയിലേക്ക് വണ്ടി കയറിയത്. ടിക്കറ്റിന് ചെലവ് 800 രൂപ. പിന്നെ ചെന്നൈ നഗരത്തിലെ തെരുവുകളില്‍ രണ്ട് മാസത്തോളം അന്തിയുറങ്ങി. എങ്ങനെ, എവിടെ തുടങ്ങണമെന്ന് അറിയാത്ത കാലം. ഒടുവില്‍ ചെന്നൈയിലെ സോഹോയുടെ ഓഫീസില്‍ സെക്യൂരിറ്റിക്കാരനായി അവന്‍ കയറി. അവിടെ സെക്യൂരിറ്റിക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് ഷിബു അലക്സിസ് എന്ന മുതിർന്ന സോഫ്റ്റ്‍വെയർ എഞ്ചിനീയര്‍ അബ്ദുൾ അലിമിനോട്, 'നിന്‍റെ കണ്ണുകളിൽ എനിക്കെന്തോ കാണാൻ കഴിയുന്നുണ്ടെന്ന്' പറയുകയും അവന്‍റെ വിദ്യാഭ്യാസത്തെ കുറിച്ചും കമ്പ്യൂട്ടർ അറിവുകളെ കുറിച്ചും ചോദിക്കുന്നത്. ആദ്യ ചോദ്യം അവന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.
ആദ്യത്തെ ആപ്പ്
സ്കൂൾ കാലത്ത് എച്ച്ടിഎംഎല്‍ (HTML) ക്ലാസുകളില്‍ ഇരുന്നതിനെ കുറിച്ച് അവന്‍ അദ്ദേഹത്തോട് പറഞ്ഞു. കൂടുതലെന്തെങ്കിലും പഠിക്കണോയെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. പിന്നീട് ജീവിതം കീഴ്മേൽ മറിയുകയായിരുന്നെന്ന് അബ്ദുൾ അലിം ഓർക്കുന്നു. പിന്നാലെ തന്‍റെ 12 മണിക്കൂര്‍ സെക്യൂരിറ്റി ജോലിക്ക് ശേഷം അവന്‍ അദ്ദേഹത്തിന്‍റെ അടുത്തെത്തി. അങ്ങനെ പ്രോഗ്രാമിംഗിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങൾ പഠിച്ചു. വെറും എട്ട് മാസം. അബ്ദുൾ അലിം തന്‍റെ ആദ്യത്തെ ആപ്പ് നിര്‍മ്മിച്ചു. യൂസർ ഇൻപുട്ട് വിഷ്വലൈസ് ചെയ്യുന്ന ഒരു ചെറിയ ആപ്പായിരുന്നു അത്.
ഷിബു അലക്സിസ്, തന്‍റെ സെക്യൂരിറ്റിക്കാരനായ വിദ്യാര്‍ത്ഥി നിര്‍മ്മിച്ച ആപ്പ് തന്‍റെ മാനേജറെ കാണിച്ചു. ഓഫീസ് സെക്യൂരിറ്റിക്കാരന്‍ പയ്യന്‍ നിര്‍മ്മിച്ച ആപ്പ് കണ്ട മാനേജര്‍ക്ക് മാറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അദ്ദേഹം അവനെ അഭിമുഖത്തിന് ക്ഷണിച്ചു. പക്ഷേ, വിദ്യാഭ്യാസക്കുറവ് തന്നെ പിന്നോട്ട് വലിച്ചെന്ന് അലിം എഴുതുന്നു. സോഹോയില്‍ കോളേജ് വിദ്യാഭ്യാസം സമ്മാനിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റിനല്ല, മറിച്ച് നിങ്ങളുടെ കഴിവിനാണ് പ്രാധാന്യം നല്‍കുന്നതെന്ന മാനേജറുടെ വാക്കുകൾ അവനില്‍ ആത്മവിശ്വാസം നിറച്ചു. ഒടുവില്‍ ആ ഇന്‍റവ്യൂ അവന്‍ പാസായി. സെക്യൂരിറ്റിക്കാരനില്‍ നിന്നും അതേ സ്ഥാപനത്തിലെ സോഫ്റ്റ്‍വെയർ ഡവലപ്പറിലേക്കുള്ള കുതിപ്പായിരുന്നു പിന്നെ അവന്‍റെത്.
ഇന്നേക്ക് എട്ട് വര്‍ഷമായി താന്‍ സോഹോയിലെ ജോലിക്കാരനായിട്ടെന്നും അതിനെന്നും കടപ്പാട് ഷിബു അലക്സിനും സോഹോയ്ക്കുമാണെന്നും അബ്ദുൾ അലിം തന്‍റെ ലിങ്ക്ഡ്ഇന്നില്‍ എഴുതുമ്പോൾ അവനെ വായിക്കാനും അഭിനന്ദിക്കാനുമെത്തിയത് മൂന്നര ലക്ഷത്തോളം പേരാണ്. അവസാനം മറ്റൊന്നു കൂടി അബ്ദുൾ അലിം എഴുതുന്നു, 'പഠനം തുടങ്ങാന്‍ ഒരിക്കലും വൈകിയിട്ടില്ല'.


