73-ാം വയസ്സിൽ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഞെട്ടിച്ചിരിക്കുകയാണ് വയനാട് സ്വദേശി ടി.ജെ മാഴ്‌സ്. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ട്രക്കിംഗിൽ സജീവമായി.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് നമ്മളില്‍ പലരും കോളേജിനടുത്തുള്ള കുന്നുകൾ കയറിയിട്ടുണ്ടാകും. 18-20 -തിന്‍റെ ശൗര്യത്തിലാണെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ മലകയറ്റം അതികഠിനം തന്നെയെന്ന് അന്നേ പലർക്കും മനസിലായിട്ടുണ്ടാകും. അങ്ങനെയുള്ളപ്പോൾ പ്രായം 74 -ലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന പര്‍വ്വതം കീഴടക്കുകയെന്നതിനെ കുറിച്ച് വിദൂരമായി പോലും ചിന്തിക്കാന്‍ പലരും മടിക്കും. എങ്കില്‍ കേട്ടോളൂ. ആ പ്രായത്തിൽ സമുദ്രനിരപ്പില്‍ നിന്ന് 5,895 മീറ്റര്‍ ഉയരമുള്ള 'ആഫ്രിക്കയുടെ മേല്‍ക്കൂര'യെന്ന് അറിയപ്പെടുന്ന കിളിമഞ്ചാരോ പര്‍വ്വതം നടന്ന് കയറി വയനാട് കാവുമന്ദം സ്വദേശി തെക്കേ തൊട്ടിയില്‍ ടി.ജെ മാഴ്‌സ് (മാര്‍സ്) മലയാളക്കരെയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

കെഎസ്ആര്‍ടിസിയില്‍ നിന്നും ലോകയാത്രകളിലേക്ക്

പതിറ്റാണ്ടുകളുടെ കെഎസ്ആര്‍ടിസി സേവനത്തിൽ നിന്ന് വിരമിച്ച് മലഞ്ചരക്ക് വ്യാപാരവും ചെറിയ യാത്രകളുമായി ജീവിതം ആഘോഷമാക്കുന്നതിനിടെയാണ് മാഴ്‌സ് നാട്ടിലെ ചെറുതും വലുതുമായ കുന്നുകൾ കയറാന്‍ ശ്രമിച്ചത്. ആ ചെറിയ കയറ്റിറക്കങ്ങളിൽ നിന്നും മാഴ്സ് എവറസ്റ്റും, ഇപ്പോൾ കിളിമഞ്ചാരോയും കീഴടക്കിക്കഴിഞ്ഞു. കിളിമഞ്ചാരോ കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യയിലെ രണ്ടാമത്തെ ട്രക്കര്‍ എന്ന റെക്കോര്‍ഡും ഇപ്പോൾ മാഴ്‌സിന്‍റെ പേരിലാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു, എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുളള ട്രക്കിംഗ്. ഇതടക്കം ഇതുവരെ കീഴടക്കിയ ഉയരങ്ങളുടെ ആവേശത്തിലാണ് ആഫ്രിക്കയുടെ മേല്‍ക്കൂരയായി നില്‍ക്കുന്ന, നിദ്രയിലാണ്ട് കിടക്കുന്ന അഗ്നിപര്‍വ്വതം കൂടിയായ ആ മഹാപര്‍വ്വതം താണ്ടണമെന്നുള്ള ചിന്ത മാഴ്‌സിനുണ്ടായത്.

(ടി.ജെ മാഴ്‌സ് തന്‍റെ യാത്രാസംഘത്തിനൊപ്പം)

കിളിമഞ്ചാരോയിലേക്ക്

കഴിഞ്ഞ മാസം ഒന്‍പതിനാണ് കിളിമഞ്ചാരോയിലെ 5,895 മീറ്റര്‍ ഉയരമുള്ള 'ഉഹുരു' കൊടുമുടി മാഴ്‌സ് താണ്ടിയത്. പര്‍വതാരോഹക കൂട്ടായ്മയായ ഗ്ലോബ് ട്രക്കേഴ്സിന്‍റെ പതിനഞ്ചംഗ ടീമിന്‍റെ കൂടെയായിരുന്നു അദ്ദേഹം ആ ദൗത്യം പൂർത്തിയാക്കിയത്. കഴിഞ്ഞ നാലാം തീയ്യതിയാണ് അദ്ദേഹം കെനിയയിലെത്തിയത്. അവിടെ നിന്നും ടാന്‍സാനിയയിലേക്ക് കടന്നു. പിന്നാലെ കിളിമഞ്ചാരോയുടെ പ്രവേശന കവാടമായ 'മോഷി' പട്ടണത്തിലെത്തി. ഒരു സ്വപ്നം കൂടി നടന്ന് കയറാനായി.

(ടി.ജെ മാഴ്‌സും സംഘവും കിളിമഞ്ചാരോയിൽ)

'പോലെ പോലെ'

'പോലെ പോലെ' എന്നാണ് കിളിമഞ്ചാരോ ഗൈഡുകളുടെ ആപ്തവാക്യം. 'പതിയെ, പതിയെ മുകളിലേക്ക്' എന്നതാണ് ഈ വാക്കിന്‍റെ അർത്ഥം. ഒരു പ്രാര്‍ത്ഥന പോലെ ഈ വാക്കുകൾ ഉരുവിട്ടാണ് ട്രക്കേഴ്‌സ് ആഫ്രിക്കന്‍ വിസ്മയം താണ്ടുന്നത്. 'മച്ചാമി' എന്ന റൂട്ടിലൂടെ ഗ്‌ളോബ് ട്രക്കേഴ്‌സ് ടീം പതിയെ പതിയെ കിളിമഞ്ചാരോയുടെ ഉച്ചിയിലേക്ക് നടന്നു തുടങ്ങി. മച്ചാമി ക്യാമ്പിലേക്ക് 12 കിലോമീറ്റര്‍ ട്രക്ക് ചെയ്ത് 3,000 മീറ്ററില്‍ എത്തി. അവിടെ നിന്നും ഷിറ ഗുഹയും കടന്ന് ലാവ ടവര്‍ റൂട്ടിലൂടെ ബരാങ്കോ ക്യാമ്പിലേക്ക്. പിന്നാലെ ബരാങ്കോ വാള്‍, കരാങ്ക എന്നീ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നിടത്തെത്തി. ഇത് 3,900 മീറ്റര്‍ ഉയരത്തിലാണ്. പിന്നീട് 4,600 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടി ക്യാമ്പായ ബരാഫുവിലേക്ക് 'പോലെ പോലെ' നടന്നുകയറി.

ഉഹുരു കൊടുമുടി

ഒമ്പതാം തീയ്യതി പുലര്‍ച്ചെ പന്ത്രണ്ടിന് ഉഹുരു കൊടുമുടിയിലേക്കുള്ള അവസാന കയറ്റമാരംഭിച്ചു. രാവിലെ ഒമ്പതോടെ ടീം ഏഴ് ദിവസത്തെ ട്രക്കിംഗ് പൂര്‍ത്തിയാക്കി ഉഹുരു കൊടുമുടിയുടെ ഉച്ചിയിലെത്തി. മൈനസ് താപനില, ഓക്‌സിജന്‍ കുറയല്‍, ക്ഷീണം എന്നിവ ടീമിലെ എല്ലാ അംഗങ്ങളെയും പലപ്പോഴായി പരീക്ഷിച്ച് കടന്നു പോയി. എങ്കിലും യാത്രമദ്ധ്യേ ടെന്‍റില്‍ ഉറങ്ങുമ്പോള്‍ കണ്ണട പൊട്ടിയതൊഴിച്ചാല്‍ കാലാവസ്ഥയോ പ്രകൃതിയോ ഒന്നും തനിക്കും സംഘത്തിനും പറയത്തക്ക വെല്ലുവിളികൾ ഉയർത്തിയിരുന്നില്ലെന്ന് മാഴ്‌സ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.

(ടി.ജെ മാഴ്‌സ് കിളിമഞ്ചാരോയിൽ)

ഗ്ലോബ് ട്രക്കേഴ്‌സില്‍ അംഗമായതിന് ശേഷമാണ് ദീർഘദൂര ട്രക്കിംഗുകള്‍ നടത്താനാരംഭിച്ചതെന്ന് മാഴ്‌സ് പറയുന്നു. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ശേഷം 2021-ല്‍ ഗ്ലോബ് ട്രക്കേഴ്‌സിസംഘടിപ്പിച്ച സീനിയേഴ്സ് ട്രെക്കിംഗിനിടെയാണ് എവറസ്റ്റും കിളിമഞ്ചാരോയുമൊക്കെ ആഗ്രഹമായി ഉള്ളില്‍ നിറഞ്ഞത്. ട്രക്കിംഗ് പതിവാക്കിയതോടെ 2024-ല്‍ കശ്മീര്‍ ഗ്രേറ്റ് ലേക്സ് ട്രെയല്‍സ് പൂര്‍ത്തിയാക്കി. ശാരീരിക പ്രയാസങ്ങളില്ലായിരുന്നെങ്കിലും 'കിളിമാഞ്ചാരോ' കയറിയത് വലിയൊരു പരീക്ഷണമായിരുന്നു, പാറകള്‍ക്ക് മുകളിലൂടെ അള്ളിപ്പിടിച്ച് വേണം പലപ്പോഴും കയറാന്‍.

(ടി.ജെ മാഴ്‌സ് കിളിമഞ്ചാരോയിൽ)

പ്രഭാതത്തിലെ സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന മഞ്ഞുമലകളുടെ അതിശയകരമായ കാഴ്ച ഞങ്ങളെ ഏറ്റവും ഉയരത്തിലേക്ക് മാടിവിളിച്ച് കൊണ്ടേയിരുന്നു. ‌തിളങ്ങുന്ന മലയുടെ കാഴ്ച്ച ആവേശഭരിതവും ഊര്‍ജ്ജവും ഒരു പോലെ പകരുന്നതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. മഞ്ഞുമൂടിയ കൊടുമുടി കീഴടക്കണമെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ഓരോ സംഘാംഗങ്ങളും. ഓരോ കൊടുമുടിയും കയറുന്നത് ജീവിതത്തെ തന്നെ മാറ്റിമറിക്കും. കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ മൂല്യം പര്‍വ്വതം നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരെ സഹായിക്കാതെയും മറ്റൊരാളുടെ സഹായം സ്വീകരിക്കാതെയും നിങ്ങള്‍ക്ക് കയറാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. രണ്ട് മക്കളും ഭാര്യയുമടങ്ങുന്നതാണ് കാവുമന്ദം ടൗണില്‍ മലഞ്ചരക്ക് വ്യാപാരിയായ മാഴ്‌സിന്‍റെ കുടുംബം. മകന്‍ ജില്‍ജിത്ത് കാനഡയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നു. മകള്‍ ജാസ്മിന്‍ വിവാഹിതയായി പനമരത്ത് കുടുംബവുമൊത്ത് കഴിയുന്നു. ഭാര്യ, റോസ വീട്ടമ്മയാണ്. സാഹസിക യാത്രകള്‍ക്ക് പ്രായം ഒരു തടസ്സമേയല്ലെന്നും നിങ്ങൾ ആഗ്രഹങ്ങൾക്കൊത്ത് ലക്ഷ്യത്തിലേക്ക് ചുവട് വയ്ക്കുമ്പോൾ പ്രായം പിന്നിലേക്ക് നടക്കുമെന്ന് അനുഭവങ്ങളുടെ ഉൾക്കരുത്തിൽ മാഴ്‌സ് പറഞ്ഞ് നിര്‍ത്തുന്നു.