ഫെബ്രുവരി ഒന്നാം തീയതി ദില്ലിയിലെ ദ്വാരകയിൽ വച്ചുനടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ വെച്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അരവിന്ദ് കേജ്‌രിവാളിനെ കടന്നാക്രമിച്ചു. അദ്ദേഹത്തിന്റെ പരാമർശം ഇങ്ങനെയായിരുന്നു," അണ്ണാ ഹസാരെ എന്ന വയോധികനെ വഞ്ചിച്ചുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയതാണ് അരവിന്ദ് കേജ്‌രിവാൾ എന്നോർക്കുക". 2017 -ൽ ആഗ്രയിലെ ശഹീദ് സ്മാരകിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ, സാക്ഷാൽ അണ്ണാ ഹസാരെ തന്നെ തന്റെ പ്രിയശിഷ്യൻ കേജ്‌രിവാളിനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, " എന്റെ പ്രസ്ഥാനത്തിൽ നിന്ന് ഇനിയൊരു കേജ്‌രിവാൾ ഉണ്ടാവാതിരിക്കട്ടെ". അടുത്ത കൊല്ലം, എന്തോ ഒരു വാക്കബദ്ധത്തിന്റെ പേരിൽ പഞ്ചാബിലെ ഒരു മുൻമന്ത്രിയോട് കേജ്‌രിവാൾ മാപ്പപേക്ഷിച്ചപ്പോൾ അണ്ണാ ഹസാരെ വീണ്ടുമൊരിക്കൽ കൂടി കുത്തി, " പിന്നീട് മാപ്പപേക്ഷിക്കുകയോ, പശ്ചാത്തപിക്കുകയോ ചെയ്യേണ്ടിവരുന്ന തരത്തിലുള്ള ഒരു പണിയും എടുക്കാൻ പോവരുത്".

എന്താണ് ഈ ഒളിയമ്പുകളുടെ പിന്നിലെ വികാരം? അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെ അടുത്ത ലെവലിലേക്കുയർത്താൻ വേണ്ടി രാഷ്ട്രീയത്തിൽ ഇറങ്ങാനുളള ആ ബ്യൂറോക്രാറ്റിന്റെ തീരുമാനം ഒരു 'നയവഞ്ചന'യായി പലരും കണ്ടത് എന്തിനായിരുന്നു?  

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലൂടെ തുടങ്ങിയ രാഷ്ട്രീയം 

ഇന്ത്യൻ സിവിൽ സർവീസിൽ നിന്ന് ഉദിച്ചുവന്ന ഒരു അഴിമതിവിരുദ്ധ താരകമായിരുന്നു അരവിന്ദ് കേജ്‌രിവാൾ. അണ്ണാ ഹസാരെ എന്ന് ജനം സ്നേഹപൂർവം വിളിച്ചിരുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെ എന്ന ഗാന്ധിയനുമൊത്ത് അദ്ദേഹം ഇന്ത്യാ എഗൈൻസ്റ്റ് കറപ്‌ഷൻ എന്നൊരു പ്രസ്ഥാനം തുടങ്ങിയപ്പോൾ അവർക്കു പിന്നിൽ അണിനിരന്നത്, അഴിമതികൊണ്ടു പൊറുതിമുട്ടിയ ജനസഹസ്രങ്ങളായിരുന്നു. കഴുത്തിലൊരു മഫ്ളറും ചുറ്റി, കണ്ണും തുറിപ്പിച്ചുകൊണ്ട്, നിരന്തരം ധാരണകളും, ഉപവാസങ്ങളുമായി അവർ മുന്നേറി. എന്നാൽ, പ്രായോഗികമായി അഴിമതിയെ പൂർണമായും ചെറുക്കണമെങ്കിൽ രാഷ്ട്രീയം എന്ന കലക്കവെള്ളത്തിലേക്ക് ഇറങ്ങിയേ പറ്റൂ എന്ന തോന്നൽ  കേജ്‌രിവാളിന്, 2011 -ൽ തന്നെ  വന്നുതുടങ്ങിയിരുന്നു എങ്കിലും, ആദ്യത്തെ കുറച്ചു കാലം തന്റെ സഹയാത്രികനും രാഷ്ട്രീയത്തിൽ ഗുരുസ്ഥാനീയനുമായ അണ്ണാ ഹസാരെയെ അക്കാര്യത്തിലേക്ക് കൂടെക്കൂട്ടാനുളള ചർച്ചകൾക്ക് ചെലവായി. എന്നാൽ ചർച്ചകൾ എമ്പാടും നടത്തിയിട്ടും, 'അധികാരം നേടാൻ ശ്രമിക്കണം' എന്ന കേജ്‌രിവാളിന്റെ ആശയത്തിന് കൂട്ടുപോകാൻ അണ്ണാ തയ്യാറായില്ല.

അധികാരം രാഷ്ട്രീയമനസ്സുകളെ ദുഷിപ്പിക്കുന്ന കറുപ്പാണ് എന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഒരു ഗാന്ധിയനായിരുന്നു അദ്ദേഹം. എന്നാൽ, അതേ സമയം ഒരുങ്ങി രാഷ്ട്രീയജീവി എന്ന നിലക്ക്, അരവിന്ദ് കേജ്‌രിവാളിന് അങ്ങനെ ഒരു താത്പര്യമുണ്ടെങ്കിൽ അത് അരുതെന്ന് വിളക്കാനും അദ്ദേഹം തയ്യാറായില്ല. ഒടുവിൽ, അണ്ണാ ഹസാരെയെക്കൂടാതെ തന്നെ അവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 

അധികാര രാഷ്ട്രീയത്തിലേക്കുള്ള പിച്ചവെപ്പ് 

2012 നവംബർ 26-ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപ‌വത്കരണം. 'ആം ആദ്മി പാർട്ടി' എന്നായിരുന്നു പുതിയ പാർട്ടിയുടെ പേര്.  ഹിന്ദിയിൽ 'ആം' എന്നാൽ 'സാധാരണ' എന്നും 'ആദ്മി' എന്നാൽ 'മനുഷ്യൻ' എന്നുമാണത്ഥം.  അതായത് 'ആം ആദ്മി' എന്നാൽ, 'സാധാരണക്കാരൻ' അഥവാ 'ലേമാൻ' എന്നർത്ഥം. 'ആം ആദ്മി പാർട്ടി' എന്നാൽ, 'സാധാരണക്കാരന്റെ പാർട്ടി' എന്നർത്ഥം. അഴിമതിയെ തുടച്ചുമാറ്റുന്നത് എന്ന ധ്വനിയിൽ 'ചൂൽ' തെരഞ്ഞെടുപ്പ് ചിഹ്നമായും സ്വീകരിക്കപ്പെട്ടു. മറ്റുപാർട്ടികളിൽ നിന്നൊക്കെ വ്യത്യസ്തമായി തലപ്പത്തുപോലും അധികാരം വികേന്ദ്രീകൃതമായ ഒരു ഘടനയായിരുന്നു ആദ്മി പാർട്ടിക്ക്. ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ഒന്നും ഉണ്ടായിരുന്നില്ല. പകരം നാഷണൽ എക്സിക്യൂട്ടീവുകൾ തെരഞ്ഞെടുക്കുന്ന ഒരു ദേശീയ കൺ‌വീനർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ 'ദേശീയ എക്സിക്യൂട്ടീവ്' ലെ  മുപ്പത് അംഗങ്ങളാണ് പാർട്ടിയുടെ ഉയർന്ന നേതൃനിര. തീരുമാനങ്ങളിൽ ഈ മുപ്പതംഗസമിതിയുടെ അഭിപ്രായൈക്യം വേണമെന്നായിരുന്നു സങ്കൽപം. 

2013 -ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഈ പുതിയ രാഷ്ട്രീയ പാർട്ടിയുടെ അഗ്നിപരീക്ഷ. വെറും ഒരു വർഷത്തെ പ്രായവും പരിചയവും മാത്രമുള്ള, തെരഞ്ഞെടുപ്പ് റാലികൾ പോലും സംഘടിപ്പിച്ച് വേണ്ടത്ര പ്രവർത്തന പരിചയമില്ലാത്ത ഈ പാർട്ടിയെ ആരും സഖ്യത്തിൽ പോലും പരിഗണിച്ചില്ല. എന്നാൽ, അഴിമതി കൊണ്ട് പൊരുതി മുട്ടിയിരുന്ന ദില്ലിയിലെ ജനങ്ങൾ കന്നി തെരഞ്ഞെടുപ്പിൽ തന്നെ ആം ആദ്മി പാർട്ടിക്ക് സാമാന്യം നല്ലൊരു പിന്തുണ നൽകിക്കൊണ്ട്, മറ്റുള്ള മുഖ്യധാരാ പാർട്ടികൾക്ക് മുഖമടച്ചൊരു അടി തന്നെ കൊടുത്തു. ഭരണകക്ഷിയായ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് ആം ആദ്മി പാർട്ടി കാരണമായി. 

എഴുപതംഗങ്ങളാണ് ഡൽഹി നിയമസഭയിൽ. 2013 -ലെ തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അങ്ങനെ വന്നപ്പോൾ ഏറ്റവും കൂടുതൽ സീറ്റ്, 32 എണ്ണം, ലഭിച്ച ബി.ജെ.പി.യെ ദില്ലി ലഫ്. ഗവർണർ സർക്കാറുണ്ടാക്കാൻ ചർച്ചയ്ക്കുവിളിച്ചു. വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാൽ, സർക്കാറുണ്ടാക്കാൻ തങ്ങൾക്ക് താത്പര്യമില്ലെന്ന് ബി.ജെ.പി. അറിയിച്ചതിനെത്തുടർന്ന്, അടുത്ത വലിയ കക്ഷിയായ, 28 സീറ്റുള്ള ആം ആദ്മി പാർട്ടിക്ക് മന്ത്രിസഭയുണ്ടാക്കാൻ ക്ഷണം കിട്ടി. എട്ടുസീറ്റുള്ള കോൺഗ്രസ്സിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ എ.എ.പി. അധികാരത്തിൽ വന്നു. 2013 ഡിസംബർ 29 നു രാംലീല മൈതാനിയിൽ വെച്ച് സത്യപ്രതിജ്ഞയും നടന്നു.

മന്ത്രിസഭയുണ്ടാക്കാൻ സത്യത്തിൽ ആം ആദ്മി പാർട്ടിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആർക്കും പിന്തുണ കൊടുക്കില്ല, ആരുടെയും പിന്തുണ സ്വീകരികയുമില്ല എന്നതായിരുന്നു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പാർട്ടി പറഞ്ഞിരുന്നത്. എന്നാൽ, ആർക്കും വേണ്ടത്ര ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ, ഒരു നീക്കുപോക്ക് എന്ന നിലയിൽ കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണ സ്വീകരിച്ച്, മന്ത്രിസഭയുണ്ടാക്കി ഭരിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ, ആ പിന്തുണ സ്വീകരിക്കുന്നതിനു മുമ്പ് അന്ന്, ആദ്മി പാർട്ടി കോൺഗ്രസിന്റെ  മുന്നിൽ 18  ഉപാധികൾ വെച്ചു. ലോകായുക്ത അടക്കം പതിനെട്ട് വിഷയങ്ങളിൽ ഇരു പാർട്ടികളും നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അരവിന്ദ് കേജ്‌രിവാൾ കത്തയച്ചു.  ആ 18 ആവശ്യങ്ങളിൽ 16 എണ്ണവും കോൺഗ്രസ് അംഗീകരിക്കുകയും, തുടർന്ന് ആം ആദ്മി പാർട്ടി നടത്തിയ ജനഹിത പരിശോധനയിൽ ഭരണത്തിലേറുന്നതിന് അനുകൂലമായ ഫലമുണ്ടാവുകയും ചെയ്തതോടെ മന്ത്രിസഭയുണ്ടാക്കാൻ കെജ്‌രിവാളും തയ്യാറായി. ന്യൂനപക്ഷ സർക്കാരായതിനാൽ സർക്കാരിന്റെ നിലനില്പിന് സഭാതലത്തിൽ വിശ്വാസവോട്ട് നേടുന്നത് നിർണായകമായിരുന്നു .2014 ജനുവരി 2'ന് ആ കടമ്പയും കടന്നുകിട്ടി. 

ആ ഗവണ്മെന്റ് അല്പായുസ്സായിരുന്നു. 2014 ഫെബ്രുവരി 14 -ന് കേജ്‌രിവാൾ മുഖ്യമന്ത്രിപദം രാജിവെച്ചു. അക്കൊല്ലം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയോട് വാരാണസിയിൽ ചെന്ന് മുട്ടി, പരാജയം രുചിച്ചു. അടുത്ത വർഷം ദില്ലിയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പുണ്ടായപ്പോൾ ആം ആദ്മി പാർട്ടി സീറ്റുകൾ തൂത്തുവാരി. കോൺഗ്രസിനെ ദില്ലിയുടെ രാഷ്ട്രീയ ചിത്രത്തിൽ നിന്ന് തുടച്ചു നീക്കി. ബിജെപിയെ വെറും മൂന്നു സീറ്റിലേക്ക് ഒതുക്കി. മുമ്പൊന്നുമില്ലാത്തത്ര വ്യക്തമായ ഭൂരിപക്ഷത്തിൽ അരവിന്ദ് കേജ്‌രിവാൾ വീണ്ടും ദില്ലിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, ആ തെരഞ്ഞെടുപ്പിന് ശേഷം, 2019 -ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പല വിഷയങ്ങളിലെയും പാർട്ടിയുടെ നിലപാട് പുനഃപരിശോധിക്കാൻ കേജ്‌രിവാളിനെ പ്രേരിപ്പിച്ചു. അന്നുവരെ കണ്ട കേജ്‌രിവാൾ അല്ല, ആ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ജനങ്ങളെ നേരിട്ടത്. ആ പരാജയം, 2020 -ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും മുൻകരുതലുകളും നേരത്തെ തന്നെ തുടങ്ങാൻ കേജ്‌രിവാളിനെ പ്രേരിപ്പിച്ചു. 

കേജ്‌രിവാളിന്റെ രാഷ്ട്രീയ പുനർജ്ജന്മം 

തത്വത്തിൽ പൗരത്വനിയമ ഭേദഗതിക്ക്  എതിരായിരുന്നു എങ്കിലും, അത് പരസ്യമായി പ്രകടിപ്പിക്കാൻ അരവിന്ദ് കേജ്‌രിവാൾ മടിച്ചു. ചുരുക്കം ചില ചാനൽ ചർച്ചകളിലും, ട്വീറ്റുകളിലും ഒക്കെയായി തൊട്ടും തൊടാതെയും ചില പ്രതികരണങ്ങൾ നടത്തിയതൊഴിച്ചാൽ കൃത്യമായ ഒരു നിലപാട് ആം ആദ്മി പാർട്ടിയിൽ നിന്നോ അവരുടെ നേതാക്കളിൽ നിന്നോ ഉണ്ടായില്ല. "ജാതിമതഭേദമെന്യേ എല്ലാ മനുഷ്യരും തുല്യരാണ്. നമ്മൾ വാർത്തെടുക്കേണ്ടത്, നാനാജാതി മതസ്ഥരായ പൗരന്മാർക്കിടയിൽ സ്നേഹവും സഹോദര്യവുമുണ്ടാകുന്ന, വെറുപ്പോ, ശത്രുതയോ ഒന്നുമില്ലാത്ത ഒരു ആദർശഭാരതമാണ്" എന്ന് ട്വിറ്ററിൽ തന്റെ ബയോഡാറ്റയിൽ കുറിച്ചിട്ട കെജ്‌രിവാൾ, കേരളം മുതൽ കശ്മീർ വരെ എല്ലായിടത്തും ഒന്നുകിൽ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് അല്ലെങ്കിൽ അതിനെ എതിർത്തുകൊണ്ടുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും നടന്നപ്പോഴും, അതിൽ ഒരു പ്രതിഷേധ വേദിയിലും പ്രത്യക്ഷനായില്ല. 

സിഎഎയ്ക്ക് കേജ്‌രിവാൾ എതിരാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പക്ഷേ ഭേദഗതിയിൽ മുസ്ലിങ്ങളോടുള്ള വിവേചനമലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രശ്നം. ആരും ഇങ്ങോട്ടിനി വരേണ്ട എന്ന ഉത്തരപൂർവ്വ ഇന്ത്യക്കാരുടെ അതേ നയമാണ് ഏറെക്കുറെ കേജ്‌രിവാളിനും. അദ്ദേഹം ചാനലിനോട് പറഞ്ഞത് ഇങ്ങനെയാണ്, "ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഈ മൂന്നുരാജ്യങ്ങളിലും കൂടി ന്യൂനപക്ഷക്കാർ ആകെ 3 -4 കോടിയോളം വരും. അവരൊക്കെക്കൂടി കൂടും കുടുക്കയുമെടുത്ത് ഇങ്ങോട്ട് പുറപ്പെട്ടാൽ അവർക്ക് താമസിക്കാൻ സ്ഥലം ആര് കൊടുക്കും? അവർക്കൊക്കെ ജോലി ആര് നൽകും? അവരുടെ കുട്ടികൾ എവിടെ പഠിക്കും?"ഈ ഭേദഗതിയെ കേജ്‌രിവാൾ എതിർക്കുന്നത്, ഇപ്പോൾ തന്നെ തൊഴിലില്ലായ്മയും, പട്ടിണിയും, പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ഇന്ത്യക്ക് ഇനി കുറേ അഭയാർത്ഥികളെക്കൂടി താങ്ങാനുള്ള ശേഷിയില്ല എന്ന അഭിപ്രായത്തിന്റെ പുറത്താണ്. ഇനിയും അഭയാർത്ഥികൾക്ക് സ്വാഗതമോതുന്നത്, 'സ്വന്തം മക്കൾ പട്ടിണി കിടന്നാലും അയൽപക്കക്കാരുടെ മക്കൾക്ക് മൃഷ്ടാന്ന ഭോജനം കിട്ടട്ടെ' എന്ന് കരുതുന്നതുപോലെയാണ് എന്ന് അദ്ദേഹം കരുതുന്നു.

കേജ്‌രിവാളിനും സംഘത്തിനും ഇനിയൊരു അവസരം കൂടി നൽകണോ എന്ന തീരുമാനം ദില്ലിയിലെ പൊതുജനം കൈക്കൊള്ളുന്ന, ദില്ലിയിൽ തെരഞ്ഞെടുപ്പ് അടുത്തിരുന്ന സമയത്ത്, മുസ്ലീങ്ങളെ പിന്തുണച്ച് ഹിന്ദുക്കളെ പിണക്കേണ്ട എന്ന് അദ്ദേഹം കരുതിയാൽ അതിൽ തെറ്റുപറഞ്ഞതുകൂടല്ലോ. അല്ലെങ്കിൽ ഈ രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുള്ള കേജ്‌രിവാളിന് CAA വിഷയത്തിൽ മാത്രം കൃത്യമായ ഒരു പ്രവർത്തനപദ്ധതിയില്ലാത്തതിന് മറ്റെന്തു കാരണമാണ് പറയുക? ഒരു വർഷം മുമ്പ് വരെയും മമതാ ബാനർജി, നിതീഷ് കുമാർ തുടങ്ങിയ പ്രാദേശിക നേതാക്കൾ വിവിധ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ എടുത്തപ്പോൾ അതുപോലെ അരവിന്ദ് കെജ്‌രിവാളും നയങ്ങൾ സ്വീകരിച്ചിരുന്നു. അവയെപ്പറ്റി തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഈ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നിരിക്കും, കേജ്‌രിവാൾ സ്വീകരിച്ചിരുന്ന നയം വളരെ അളന്നുകുറിച്ചുള്ളതാണ്. ദില്ലിയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രവർത്തിക്കുക, അഭിപ്രായങ്ങൾ പറയുക. കഴിവതും ഭൂരിപക്ഷവോട്ടുബാങ്കിനെ പിണക്കാതിരിക്കുക. 

ഭാരത സർക്കാരിന്റെ 2011 -ലെ സെൻസസ് ഡാറ്റ പ്രകാരം ദില്ലിയിൽ 82 ശതമാനം ജനങ്ങളും ഹിന്ദു മതത്തിൽ ജനിച്ചവരാണ്. ഏതാണ്ട് 12 ശതമാനത്തോളം മാത്രമാണ് മുസ്ലിങ്ങൾ ഉള്ളത്. ഷാഹീൻബാഗിൽ സമരം നടത്തുന്നവരിൽ അധികവും മുസ്ലീങ്ങളാണ്. 12 ശതമാനം വരുന്ന മുസ്‌ലിം വോട്ടുബാങ്കിനെ പിണക്കാതിരിക്കാൻ അദ്ദേഹം ആശ്രയിച്ചത് ആം ആദ്മി പാർട്ടി എംഎൽഎ ആയ അമാനത്തുള്ളാ ഖാനെയാണ്. ഈ വിഷയത്തിൽ തുറന്ന് ഒരു നയമെടുത്താൽ അത് ദില്ലിയിലെ തന്റെ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകും എന്നദ്ദേഹം കരുതുന്നുണ്ടാകും.  ഇക്കാര്യത്തിൽ മുസ്ലിങ്ങളെ പിന്തുണക്കുന്ന ഒരു നിലപാടെടുത്തു എന്നതിന്റെ പേരിൽ, 80 ശതമാനം വരുന്ന ഹിന്ദു വോട്ട് ബാങ്കിനെ പിണക്കേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെയും പാർട്ടിയുടെയും നിലപാട്. 

പ്രശ്നം ലളിതമായിരുന്നു. പൗരത്വ നിയമ ഭേദഗതി വിഷയം എന്ന കീറാമുട്ടിയിൽ, ബിജെപിയെ പിന്തുണച്ചുകൊണ്ട് അഭിപ്രായം പറഞ്ഞാൽ ദില്ലിയിലെ മുസ്ലിം വോട്ടുകൾ നഷ്ടപ്പെടും. ഭേദഗതി വിരുദ്ധ സമരങ്ങളിൽ സജീവമായി പങ്കെടുത്താൽ ബിജെപി പ്രചരിപ്പിക്കുന്ന, 'സിഎഎയെ എതിർക്കുന്നവർ ആന്റി നാഷണൽ ആണ്' എന്ന പ്രചാരണത്തിന് ഇരയാകേണ്ടി വരും പാർട്ടിക്ക്. അത് ദില്ലിയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുബാങ്കിനെ പിണക്കുന്ന പരിപാടിയായിപ്പോകും. 2015 -ലെ തെരഞ്ഞെടുപ്പിൽ 70 -ൽ 67 സീറ്റുകളും നൽകി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനമാണ്.  അവിടെ ഇക്കുറിയും വിജയം പ്രവർത്തിക്കണമെങ്കിൽ ഇതിന്റെ പേരിൽ വോട്ടർമാരെ പിണക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുതന്നെയാണ് കേജ്‌രിവാൾ പോളിംഗ് ദിനം വരെ വളരെ കൃത്യമായി ചെയ്തതും.

ബിജെപിയടക്കമുള്ള കക്ഷികൾ തനിക്കെതിരെ തൊടുക്കുന്ന ഓരോ അസ്ത്രങ്ങളും തിരിച്ച് അവർക്കെതിരെയുള്ള വജ്രായുധങ്ങളാക്കി മാറ്റാനുള്ള അപാരമായ സിദ്ധി അരവിന്ദ് കേജ്‌രിവാളിനുണ്ട്. തന്നെ ഭീകരവാദി എന്നുവിളിച്ച പർവേശ് ശർമ്മയോട് കേജ്‌രിവാൾ ചോദിച്ച ചോദ്യം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. "നിങ്ങൾക്ക് അസുഖം വന്നാൽ ചികിത്സിക്കാൻ ചെല്ലുന്ന സർക്കാർ ആശുപത്രികളിൽ സേവനം സൗജന്യമാകുന്നതിനെ ഭീകരവാദം എന്നാണോ വിളിക്കേണ്ടത്? നിങ്ങളുടെ കുട്ടികൾക്ക് ഇന്ന് മികച്ച വിദ്യാഭ്യാസം കിട്ടുന്നുണ്ട് എങ്കിൽ അതിനെയും ഭീകരവാദമെന്നാണോ വിളിക്കേണ്ടത് ? കുറഞ്ഞ നിരക്കിൽ വെള്ളവും, വൈദ്യുതിയും കിട്ടിത്തുടങ്ങുമ്പോൾ അതിനെയും നിങ്ങൾ ഭീകരവാദം എന്നാണോ വിളിക്കുക? എങ്കിൽ തീവ്രവാദിയായിത്തന്നെ തുടരുന്നതാണ് എനിക്കിഷ്ടം'' 

എന്നാൽ, ആം ആദ്മി പാർട്ടി തങ്ങളുടെ നിലപാടുകൾക്ക് ഇങ്ങനെയൊരു അടിസ്ഥാനമുണ്ട് എന്നത് നിഷേധിച്ചുപോന്നു. പൗരത്വ നിയമ ഭേദഗതി ഇത്തവണ ദില്ലി തെരഞ്ഞെടുപ്പിൽ ഒരു പരാമർശ വിഷയമേ അല്ല എന്നാണ് അവരുടെ നിലപാട്. അവിടെ ശരിക്കുള്ള പ്രശ്നങ്ങൾ വൈദ്യുതി, വെള്ളം, ആരോഗ്യം, റോഡുകൾ എന്നിവയുടെ നിലവാരവും ക്രമാസമാധാനവുമാണ് എന്നും അക്കാര്യത്തിൽ സാധ്യമായതെല്ലാം ആം ആദ്മി പാർട്ടി സർക്കാർ ചെയ്തിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. തങ്ങൾ സാക്ഷാത്കരിച്ച വികസനങ്ങളുടെ പേരിൽ തങ്ങൾക്ക് ഒരവസരം കൂടി  തരണം എന്ന് അവർ ജനങ്ങളോട് അപേക്ഷിച്ചു.

എന്നാൽ, ആം ആദ്മി പാർട്ടിയെ പ്രവർത്തനങ്ങളുടെ പേരിൽ എതിർക്കാൻ മിനക്കെടാതെ ബിജെപി പതിവുപോലെ  റാം ജന്മ ഭൂമിയും, അയോധ്യയും, ഷാഹീൻബാഗും, ബിരിയാണിയും ഒക്കെ പരാമർശിച്ചുകൊണ്ട്, തെരഞ്ഞെടുപ്പ് റാലികളിൽ തീപ്പൊരി പടർത്താൻ ശ്രമിച്ചു. എന്നാൽ, അത്തരത്തിലുള്ള പ്രചാരണങ്ങളോട് വോട്ടർമാർ മുഖം തിരിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആം ആദ്മി പാർട്ടി ഈ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ പ്രിയപ്പെട്ട പാർട്ടിയായി മാറും എന്നാണ് അവ നൽകുന്ന സൂചന. വെറും 49 ദിവസം മാത്രം നീണ്ട ആദ്യ ഊഴത്തിലും, അതിനു ശേഷം 2015 മുതൽ കിട്ടിയ രണ്ടാമൂഴത്തിലും ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കേജ്‌രിവാളിന്റെയും മുൻഗണനാക്രമം ഒന്നുതന്നെയായിരുന്നു : വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ നിരക്ക് കുറയ്ക്കുക, സിസിടിവികളും വെളിച്ചവും സ്ഥാപിച്ച് നിരത്തുകൾ സുരക്ഷിതമാക്കുക, പുതിയ സ്‌കൂളുകൾ കൊണ്ടുവന്ന്, ഇപ്പോൾ ഉള്ളതിൽ സൗകര്യങ്ങൾ വർധിപ്പിച്ച് വിദ്യാഭ്യാസനിലവാരം കൂട്ടുക, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സർക്കാർ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുക എന്നിങ്ങനെ പോകുന്നു അവരുടെ പ്രഖ്യാപിതനയങ്ങൾ.

പാർട്ടിയിലെ കേജ്‌രിവാളിന്റെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ, യോഗേന്ദ്രയാദവ്, അൽകാ ലാംബ  എന്നിങ്ങനെ പലരും പാർട്ടിവിട്ടു എങ്കിലും, ദേശീയ രാഷ്ട്രീയത്തിൽ ജനം ഒട്ടും പരിഗണിക്കുന്നില്ല എന്ന നഗ്നസത്യം കണ്മുന്നിൽ നിൽക്കുമ്പോഴും, 'ആം ആദ്മി പാർട്ടി' അഥവാ 'സാധാരണക്കാരന്റെ പാർട്ടി' എന്ന സങ്കൽപം ഇന്നും ദില്ലി സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാണ് എന്നുതന്നെയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ സൂചിപ്പിക്കുന്നത്.