"ഇന്ത്യയും പാകിസ്ഥാനും, രണ്ടും എന്റെ ജന്മനാടാണ്. പാകിസ്ഥാനിലേക്ക് പോകാൻ എനിക്ക് ഒരു പാസ്പോർട്ടിന്റെയും ആവശ്യമില്ല, ഞാൻ എടുക്കില്ല..."  

ഇത് ദില്ലയിലെ ബിർള ഹൌസിൽ വെച്ച് വെടിയേറ്റ് മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പുള്ള ഒരു പ്രാർത്ഥനാ യോഗത്തിൽ വികാരഭരിതനായിക്കൊണ്ട് ബാപ്പു പറഞ്ഞതാണ്. ഹ്രസ്വദൃഷ്ടിക്കാരനായിരുന്നു അദ്ദേഹം. ദൂരെയുള്ളത് കാണില്ല. അതാണ് വട്ടക്കണ്ണട വെച്ചിരിക്കുന്നത്. 1948 ആയിക്കഴിഞ്ഞിരുന്നു. വിഭജനം നടന്ന് അഞ്ചുമാസം കഴിഞ്ഞു. അങ്ങുദൂരെ അതിർത്തിയിൽ ഒരു വിഭജനരേഖയുള്ളത് കണ്ണിൽ പെട്ടിരുന്നില്ല അദ്ദേഹത്തിന്. ആദ്യം ഇവിടെ ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്ന്, ജനങ്ങളോട് സംസാരിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, ലഹളയ്ക്ക് സമാധാനമുണ്ടാക്കണം. അതിനുശേഷം പാകിസ്ഥാനിൽ ചെന്ന് അതുതന്നെ ആവർത്തിക്കണം. അതായിരുന്നു ആവശ്യം.

പാസ്പോർട്ടില്ല ബാപ്പുവിന്. അതുകൊണ്ടുതന്നെ വിസയും. എടുക്കില്ല എന്നാണ് ശാഠ്യം. അതും എന്റെ നാടാണ്. സ്വന്തം നാട്ടിലേക്ക് പോകാൻ എന്തിന് പാസ്പോർട്ടെടുക്കണം? അതായിരുന്നു ഗാന്ധിജിയുടെ വാദം. അദ്ദേഹത്തിന് പിന്നീടെന്തു സംഭവിച്ചു എന്നതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. എന്തായാലും, അദ്ദേഹത്തെ, നമ്മുടെ അയൽക്കാർ, പാക്കിസ്ഥാനികൾ എങ്ങനെയാണ് സമീപിച്ചത് എന്നറിയേണ്ടേ?

പാകിസ്ഥാനികളുടെ പാഠപുസ്തകങ്ങളിലെ ഗാന്ധി 'ഹിന്ദു വില്ലൻ'

പാകിസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ഗാന്ധിക്ക് ഇടം കിട്ടിയിട്ടുണ്ട്. അവർക്ക് ഇന്ത്യയിലെ ഹിന്ദുക്കളുടെ നേതാവായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. ഹിന്ദുക്കളുടെ അവകാശങ്ങൾക്കായി പോരാട്ടങ്ങൾ നയിച്ചയാൾ. വിഭജനത്തിന് കാരണക്കാരൻ. അല്ലാഹുവിന്റെ നിയമത്തിനു പകരം ഹൈന്ദവ മതനിയമങ്ങൾ അനുസരിക്കുന്നവരുടേതായ രാജ്യമുണ്ടാക്കാൻ നടന്നവൻ. മുസ്ലിംകളെ അയിത്തത്തോടെ കാണുന്ന ഒരു രാജ്യം യാഥാർഥ്യമാക്കിയവൻ. ബ്രിട്ടീഷുകാരിൽ നിന്നുള്ള അടിമത്തത്തിൽ നിന്ന് മുസ്ലിംകളെ മോചിപ്പിച്ച് ഹിന്ദുക്കളുടെ അടിമയാക്കി അവരെ മാറ്റിയവൻ. മുസ്ലിംകളുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ വിരോധി. മുസല്മാന്മാരെ മുസൽമാൻമാർ മാത്രം ഭരിക്കുക എന്ന യഥാർത്ഥ സ്വാതന്ത്ര്യത്തിന് കടകവിരുദ്ധമായ നയങ്ങൾ സ്വീകരിക്കുവാൻ കാരണമായവൻ. പാകിസ്ഥാനുമുണ്ട് വീരഗാഥകളാൽ സമ്പുഷ്ടമായ ഒരു സ്വാതന്ത്ര്യസമരചരിത്രം. അതിലെ 'ഹിന്ദുവില്ലൻ' മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ബനിയയാണ്.

ഗാന്ധിജിയെ മതേതരത്വത്തിന്റെ കാവൽ മാലാഖയായി കണക്കാക്കാത്ത ഒരേയൊരു ലോകരാജ്യമാണ് പാകിസ്ഥാൻ. പാകിസ്താനിലെ സ്വാതന്ത്ര്യാനന്തര തലമുറ ഗാന്ധിജിയെപ്പറ്റി പഠിച്ചിട്ടുള്ളത് ഇങ്ങനെ മാത്രമാണ്. ഗാന്ധിജിയെപ്പറ്റി അവർക്കു നൽകിയിട്ടുള്ള പരിവേഷം. പാകിസ്താനിലെ ഏറ്റവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തൊട്ട് ട്രെയിനി മാധ്യമപ്രവർത്തകർക്കു വരെ അറിയാം സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസത്തിലെ ഗാന്ധി എന്ന തീവ്രഹൈന്ദവനെ.

'ഗാന്ധി' സിനിമയ്ക്ക് നിരോധനം

എന്തിനധികം പറയുന്നു, സർ റിച്ചാർഡ് അറ്റൻബറോയുടെ ഓസ്‌കാർ വിന്നർ ചിത്രം 'ഗാന്ധി' പാകിസ്ഥാനിൽ നിരോധിക്കപ്പെട്ടിരിക്കുന്ന ചിത്രമാണ്. ഖൈബർ ചുരം തൊട്ട് കറാച്ചി വരെ ഒരിടത്തും അത് പ്രദർശിപ്പിക്കാൻ അനുവാദമില്ല പാകിസ്ഥാനിൽ. ഗാന്ധിജിയെ ആരാധനയോടെ അവതരിപ്പിക്കുന്നു എന്നത് മാത്രമല്ല ചിത്രത്തിന്റെ കുറ്റം. അതിൽ ജിന്നയെ സ്വാർത്ഥനും  കൗശലക്കാരനുമായ ഒരു രാഷ്ട്രീയക്കാരനായാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ക്രൗര്യത്തിന്റെ അളവുകോലിൽ ജാലിയൻ വാലാ ബാഗിലെ കൊലയാളി ജനറൽ റെജിനാൾഡ്  ഡെയറിനേക്കാൾ ഏറെ പിന്നിലല്ലാതെ. എന്നുവെച്ച് ആരും 'ഗാന്ധി' കാണാതിരുന്നിട്ടില്ല പക്ഷേ. വ്യാജ വീഡിയോ കാസറ്റുകളും മറ്റുമായി സിനിമ ഇറങ്ങിയ കാലത്തുതന്നെ അതിന്റെ പ്രിന്റുകള്‍ പാകിസ്താനിലെ ബ്ലാക്ക് മാർക്കറ്റുകളിൽ പ്രചരിച്ചിരുന്നു.

എന്നാൽ സാക്ഷാൽ ജിന്നയ്ക്ക് എന്നും മഹാത്മാവിനോട് തികഞ്ഞ ബഹുമാനമേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ പുറത്തുവന്ന ജിന്നയുടെ പ്രതികരണം തന്നെ അതിന് ഏറ്റവും വലിയ തെളിവാണ്. "ഗാന്ധിജിക്കു നേരെ ഉണ്ടായിരിക്കുന്ന തികച്ചും അപലപനീയമായ അക്രമണത്തെപ്പറ്റി അറിഞ്ഞപ്പോൾ തൊട്ട് അടക്കാനാവാത്ത വിക്ഷോഭമാണ് എന്റെയുള്ളിൽ. പ്രസ്തുത ആക്രമണത്തിൽ അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞ  വിവരം. ഞങ്ങൾക്കിടയിൽ എന്തൊക്കെ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നാലും, മോഹൻദാസ് കരംചന്ദ് ഗാന്ധി ഹിന്ദു സമുദായത്തിൽ ഇന്നോളം പിറന്നുവീണവരിൽ വെച്ച് ഏറ്റവും വിശിഷ്ടമായ ഒരു വ്യക്തിത്വമായിരുന്നു. ഞാൻ ഏറെ ദുഖിതനാണ്. ഹിന്ദുസമുദായത്തോട് ഞാൻ എന്റെ സങ്കടം അറിയിച്ചുകൊള്ളുന്നു. ഗാന്ധിജിയുടെ വധം കൊണ്ട് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത് നികത്താനാവാത്ത നഷ്ടമാണ്."

കോടതിറോഡിലെ ഗാന്ധിപ്രതിമ

1931 -ൽ കറാച്ചിയിൽ കിങ്‌സ് വേയിൽ മഹാത്മാഗാന്ധിയുടെ ഒരു വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന സിന്ധ് ഹൈക്കോടതിക്ക് അഭിമുഖമായിട്ടായിരുന്നു ഗാന്ധിജിയുടെ ആ പ്രതിമ. പാകിസ്ഥാനിലെ ഇന്ത്യൻ മർച്ചന്റ്‌സ് അസോസിയേഷനായിരുന്നു അന്നത് സ്ഥാപിച്ചത്.

 

അതിനു ചുവട്ടിൽ കാലുകൾക്ക് അരികിലായി ഒരു ഫലകത്തിൽ അവർ ഇങ്ങനെ കുറിച്ചിരുന്നു, മഹാത്മാ ഗാന്ധി, അഹിംസയുടെയും, സത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും മുന്നണിപ്പോരാളി. അതിനു ശേഷം 1947 ഓഗസ്റ്റ് 14 -ന് പാകിസ്ഥാൻ സ്വതന്ത്രമാകുന്നു. മൂന്നേ മൂന്നു വർഷത്തിനുള്ളിൽ ആ പ്രതിമ അടിച്ചു തകർക്കപ്പെടുന്നു. പാതി നാശമായ അവസ്ഥയിൽ ആ പ്രതിമ പൊലീസുകാർ കറാച്ചിയിലെ ഇന്ത്യൻ ട്രേഡ് എംബസിക്ക് നൽകുന്നു. അവർ ആ പ്രതിമയുടെ അറ്റകുറ്റപ്പണികൾ നടത്തി സ്വന്തം കോമ്പൗണ്ടിനുള്ളിൽ പ്രതിഷ്ഠിക്കുന്നു. ആ പ്രതിമ ഇന്നും അവിടെയുണ്ട്, പിന്നീട് യാതൊരു തകരാറും പറ്റാതെ.

ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പാർക്ക്

കറാച്ചിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി  1799 -ൽ തങ്ങളുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച അതേ വളപ്പിൽ പിൽക്കാലത്ത് ഒരു പാർക്ക് നിർമിക്കപ്പെട്ടിരുന്നു. വിക്ടോറിയാ ഗാർഡൻസ് എന്നായിരുന്നു ആദ്യത്തെ പേര്. 1934 -ലെ ഗാന്ധിജി കറാച്ചി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് സ്വീകരണമേർപ്പെടുത്തിയത് ഇതേ പാർക്കിൽ വെച്ചായിരുന്നു. 

അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആ പാർക്കിന്റെ പേര് അവർ മാറ്റി ഗാന്ധി ഗാർഡൻസ് എന്നാക്കിയിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യനാളുകളിൽ ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ പടർന്നുപിടിച്ച ഒരു ജ്വരമായിരുന്നു, സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റം. അക്കൂട്ടത്തിൽ ഗാന്ധി ഗാർഡൻസ് എന്ന പേര് കറാച്ചി സുവോളജിക്കൽ ഗാർഡൻസ് എന്നായി മാറി.

ഇന്നും പൊതുസ്ഥലത്ത് നിലനിൽക്കുന്ന ഒരു ഗാന്ധി പ്രതിമ

2010 - പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ പുതുതായി ഒരു മ്യൂസിയം തുറന്നു. നാഷണൽ മോണ്യുമെന്റ് മ്യൂസിയം. അവിടെ ജിന്നയും ഗാന്ധിജിയും മുഖത്തോടു മുഖം നിൽക്കുന്ന ഒരു പ്രതിമയുണ്ട് ഇന്നും. കണ്ടാൽ ഹിന്ദുക്കളുടെ നേതാവ് ഗാന്ധിയും മുസ്‌ലിംകളുടെ രക്ഷകൻ ജിന്നയും കൂടി എന്തോ കാര്യമായ തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന് തോന്നാം. 

മായ്ച്ചാലും, മായ്ച്ചാലും മാറാത്ത ചരിത്രം 

പാകിസ്ഥാൻ അവിടത്തെ കുട്ടികളെ തങ്ങളുടെ പാഠപുസ്തകങ്ങളിലൂടെ എന്തൊക്കെ പഠിപ്പിച്ചാലും അവരിൽ നിന്ന് ഒളിച്ചുവെക്കാനാകാത്ത ചരിത്ര വസ്തുതകൾ പലതുമുണ്ട്. ഗാന്ധിജിക്കും ജിന്നയ്ക്കും ഇടയിൽ നടന്നിട്ടുള്ള തർക്കങ്ങൾ, അവരുടെ കൂടിക്കാഴ്ചകൾ, അവർ തമ്മിൽ എഴുതിയ കത്തുകൾ അവയിൽ പലതും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. അത് പാകിസ്ഥാൻ എത്ര മായ്ച്ചാലും മാഞ്ഞുപോകാത്ത രേഖകളാണ്. തട്ടിക്കിഴിച്ചുനോക്കിയാൽ, ഗാന്ധിജി എന്ന മഹാത്മാവിനെക്കുറിച്ച് നട്ടാൽ കിളിർക്കാത്ത  നുണകൾ പറയുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് നഷ്ടം പാകിസ്ഥാന് മാത്രമാണ്.