ഒരാള്‍ക്ക് വിവാഹസമ്മാനമായി എന്ത് നല്‍കും എന്നത് അല്‍പം ആശയക്കുഴപ്പമുള്ള സംഗതിയാണ്. എന്നാല്‍, അത് ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നതാണെങ്കിലോ? പറഞ്ഞുവരുന്നത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി എലിസബത്ത് രാജ്ഞിക്കും ഫിലിപ് രാജകുമാരനും വിവാഹത്തിന് നല്‍കിയ സമ്മാനത്തെ കുറിച്ചാണ്. എലിസബത്ത് രാജ്ഞിക്ക് അന്ന് ഗാന്ധിജി സമ്മാനമായി നല്‍കിയത് സ്വയം തുന്നിയെടുത്ത ഒരു തൂവാലയാണ്. അതില്‍ ഇന്ത്യയുടെ വിജയം എന്ന് വായിക്കാവുന്ന വാക്യമായി ഇങ്ങനെ എഴുതിയിരുന്നു 'JAI HIND'. ഇളം മഞ്ഞനിറത്തിലുള്ള ചതുരാകൃതിയിലുള്ള ആ തൂവാലയ്ക്ക് ഒരു വിവാഹസമ്മാനമെന്നതിലുപരി ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടവുമായിപ്പോലും ബന്ധമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ വിവാഹം.

1947 നവംബര്‍ 20 -ന് നടന്ന വിവാഹത്തോടനുബന്ധിച്ച് വിലപ്പെട്ട ഒട്ടേറെ സമ്മാനങ്ങളാണ് എലിസബത്ത് രാജ്ഞിക്ക് കിട്ടിയത്. ഏകദേശം 2500 വിവാഹസമ്മാനങ്ങള്‍... അതിലേറെയും വിവിധ രാജ്യത്തെ, വിവിധ സ്ഥലങ്ങളിലെ, വിവിധയാളുകളുടെ കരകൗശല വൈദഗ്ദ്ധ്യവും, പാരമ്പര്യവും, സമ്പത്തുമെല്ലാം വിളിച്ചോതുന്നവയായിരുന്നു. പതിനായിരത്തോളം ടെലഗ്രാമുകളാണ് ഇരുവര്‍ക്കും ആശംസയറിയിച്ചെത്തിയത്. കൂടാതെ ഒട്ടേറെ മനോഹരങ്ങളായ വസ്ത്രങ്ങളും ഇരുവര്‍ക്കും വിവാഹസമ്മാനമായി എത്തി. 

എന്നാല്‍, അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതായിരുന്നു ഗാന്ധിജി അന്ന് നല്‍കിയ ആ സമ്മാനം. ആ ഒരു തൂവാലയിലൂടെ ഗാന്ധിജി പറയാന്‍ ശ്രമിച്ചത് ഇന്ത്യയുടെ തനതായ പാരമ്പര്യവും സ്വന്തം കാലില്‍ത്തന്നെ നില്‍ക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളുമാണ്. മാത്രവുമല്ല, ആ സമയമാവുമ്പോഴേക്കും തന്‍റേത് എന്ന് പറയാനായി ഒന്നും ഗാന്ധിജി മാറ്റിവച്ചിരുന്നുമില്ല. അദ്ദേഹം എപ്പോഴും കൂടെക്കരുതിപ്പോന്നത് നൂല്‍ നൂല്‍ക്കാനുള്ള മനസാണ്. അതില്‍നിന്നുള്ളതായിരുന്നു ആ വിവാഹസമ്മാനവും. 

2017 -ല്‍ എലിസബത്ത് രാജ്ഞിയും പ്രിന്‍സ് രാജകുമാരനും എഴുപത്തിയൊന്നാം വിവാഹവാര്‍ഷികമാഘോഷിച്ചു. 2007 നവംബര്‍ 20 -ന് അവര്‍ തങ്ങള്‍ക്ക് കിട്ടിയ വിവാഹസമ്മാനങ്ങളെല്ലാം പ്രദര്‍ശിപ്പിച്ചു. നാഷണല്‍ ആര്‍ക്കൈവ് സംഘടിപ്പിച്ച 'റോയല്‍ വെഡ്ഡിംഗ്' പ്രദര്‍ശനത്തിന്‍റെ ഭാഗമായിരുന്നു ഇത്. അതില്‍ ഇന്ത്യയില്‍ നിന്നും കിട്ടിയ വിലപ്പെട്ട പല സമ്മാനങ്ങളുമുണ്ട്. ഒപ്പം 'ഒരുപാട് വിലപ്പെട്ടത്' എന്ന് ഇന്ത്യക്കാരന്‍ കരുതുന്ന ഗാന്ധിജിയുടെ സമ്മാനവും. പിന്നീട്, 2018 -ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു കെ സന്ദര്‍ശിച്ചപ്പോള്‍ എലിസബത്ത് രാജ്ഞി ഗാന്ധിജി നല്‍കിയ ആ സമ്മാനം അദ്ദേഹത്തിന് സമ്മാനിച്ചു.