ലണ്ടന്‍: ബ്രിട്ടീഷ് ലേലക്കമ്പനിയുടെ തപാല്‍പെട്ടിയില്‍ കണ്ടെത്തിയ മഹാത്മാ ഗാന്ധിയുടേതെന്ന് കരുതുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട ലേലത്തില്‍. ഈസ്റ്റ് ബ്രിസ്‌റ്റോള്‍ ഓക്ഷന്‍സ് കമ്പനിയാണ് ഗാന്ധിയുടെ കണ്ണട എന്ന പേരില്‍ ഇത് ലേലത്തിന് വെച്ചത്. 15,000 പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) ആണ് കണ്ണടയ്ക്ക് വിലയിട്ടത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടെത്തലായിരുന്നു ഇതെന്ന് ലേലക്കമ്പനി ഉടമ ആന്‍ഡ്രൂ സ്‌റ്റോവ് ബിബിസിയോട് പറഞ്ഞു. 

 

 

കണ്ണട കണ്ടെത്തിയത് വിചിത്രമായ ഒരനുഭവം ആയിരുന്നെന്നാണ് കമ്പനി പറയുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് കമ്പനിയുടെ തപാല്‍പ്പെട്ടിയില്‍ ഒരു കവറിലിട്ട് ഈ കണ്ണട ആരോ നിക്ഷേപിച്ചത്. കുറച്ചു നാള്‍ അതവിടെ കിടന്നു. ഏതോ ഒരു ജീവനക്കാരന്റെ കണ്ണില്‍ പെട്ടപ്പോള്‍ അത് മാനേജ്‌മെന്റിന്റെ മുന്നിലെത്തി. ഗാന്ധിയുടെ കണ്ണട എന്ന കുറിപ്പുമുണ്ടായിരുന്നു കണ്ണടയ്‌ക്കൊപ്പം. സ്വര്‍ണ്ണം പൂശിയ കണ്ണട ഗാന്ധിജി ഉപയോഗിച്ചിരുന്ന വട്ടത്തിലുള്ള ഫ്രെയിം ഉള്ളതാണ്. 

താനത് കണ്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയതായി കമ്പനി ഉടമ പറയുന്നു. ''കണ്ണട കിട്ടിയ ഉടന്‍ തന്നെ കുറിപ്പിലെ നമ്പറില്‍ ബന്ധപ്പെട്ടു. അമൂല്യമായ ഒരു വസ്തുവാണ് ഇതെന്ന് അറിഞ്ഞപ്പോള്‍, കണ്ണടയുടെ ഇപ്പോഴത്തെ ഉടമ അന്തംവിട്ടുപോയി. പാരമ്പര്യ സ്വത്തായി പരിപാലിച്ചു പോന്ന കണ്ണടയാണ് അതെന്നാണ് ലണ്ടന്‍ നിവാസിയായ ആ വൃദ്ധന്‍ പറഞ്ഞത്. തന്റെ പിതാവിന്റെ അമ്മാവന്‍ ഏറെക്കാലം ദക്ഷിണാഫ്രിക്കയിലായിരുന്നു. അവിടെ ബ്രിട്ടീഷ് പെട്രോളിയത്തില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് ഗാന്ധിജി സമ്മാനമായി നല്‍കിയതാണ് കണ്ണട എന്നും തലമുറകളായി അത് കൂടെ കൊണ്ടുനടക്കുകയാണ് എന്നുമാണ് അദ്ദേഹം പറയുന്നത്.'' തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കുകയും കണ്ണടയുടെ ഉടമ പറയുന്ന വിവരങ്ങള്‍ ചരിത്രപരമായി ശരിയാണെന്ന് വ്യക്തമായതായും ലേലകമ്പനി ഉടമ പറയുന്നു. 

എന്തായാലും കണ്ണട ഇപ്പോള്‍ ലേലത്തിലാണ്. ലേലക്കമ്പനി പറയുന്നതിന് അപ്പുറം ഇതിന്റെ ആധികാരികത ഉറപ്പാക്കുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.