നാലു ദിവസം മുമ്പ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. 11 ദിവസമായി ഗാസയില്‍ ഇസ്രായേല്‍ നടടത്തിയ വ്യോമാക്രമണം അവസാനിച്ചു. ഗാസയില്‍നിന്നും ഇസ്രായേലിലേക്ക് ഹമാസ് നടത്തിവന്ന റോക്കറ്റ് ആക്രമണം അവസാനിച്ചു. റോക്കറ്റുകളുടെയും, പോര്‍വിമാനങ്ങളുടെയും, വെടിവയ്പ്പിന്റെയും കാതടിപ്പിക്കുന്ന ശബ്ദം ഇന്ന് അവിടെയില്ല. ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ആളുകള്‍ ആശ്വാസത്തോടെ അഭയകേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങി. എന്നാല്‍, ആക്രമണത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ ജീവിതമോ? അതിനി ഒരിക്കലും പഴയതുപോലാവില്ല.  കണ്ണീര്‍ വറ്റിയ മിഴികളുമായി യുദ്ധഭൂമിയില്‍ തന്റെ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ പകച്ചു നില്‍ക്കുകയാണ് അവരുടെ തലവിധി. 

ബ്രിട്ടീഷ് ടാബ്ലോയിഡായ മിറര്‍ റിപ്പോര്‍ട്ട് ചെയ്ത അത്തരം ഒരു ഇരയുടെ ജീവിതമാണ് ഇനി പറയുന്നത്. പേര്, മറിയം. അവള്‍ക്ക് നാല് വയസ്സേ ഉള്ളൂ.  ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അവള്‍ക്ക് നഷ്ടമായത് അമ്മയെയും മൂന്ന് സഹോദരങ്ങളെയുമാണ്. എങ്കിലും അവള്‍ ഒറ്റയ്ക്കല്ല, ആക്രമണ സമയത്ത് പുറത്തായതിനാല്‍, രക്ഷപ്പെട്ട പിതാവ് അവളെ നോക്കാന്‍ കൂടെയുണ്ട്. എങ്കിലും, അവളുടെ അവസ്ഥ ഒട്ടും ഭേദമല്ല. കണ്‍മുന്നിലുണ്ടായ, താന്‍ കൂടി ഇരയായ ദുരന്തത്തിനു ശേഷം മറിയം മിണ്ടിയിട്ടേയില്ല. ഒരേ നില്‍പ്പ്, ഒരേ നോട്ടം. ദുരന്തം അവളുടെ മനസ്സിനെ മൗനത്തിലേക്ക് മുക്കിക്കളഞ്ഞു. 

 

 

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനു ശേഷമെത്തിയ പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിനിടയിലാണ് ആ ഇസ്രായേല്‍ വിമാനം അവള്‍ താമസിച്ച അഭയാര്‍ത്ഥി ക്യാമ്പിനോടു ചേര്‍ന്ന വീട്ടിനു നേര്‍ക്ക് തീതുപ്പിയത്. സഹോദരങ്ങളായ ബിലാല്‍, യൂസഫ്, യാമിന്‍ എന്നിവരോടൊപ്പമായിരുന്നു അവളും. അടുത്തുതന്നെ അമ്മ യാസ്മിനുമുണ്ടായിരുന്നു.  പിതാവ് അഅ്‌ലാ അബുഹതിബ് തൊട്ടുത്ത കടയില്‍ പോയിരിക്കുകയായിരുന്നു. അമ്മയുടെ സഹോദരന്‍ മുഹമ്മദ് ഹദീദിയുടെ കുടുംബത്തോടൊപ്പമാണ് അവര്‍ ഈദ് ആഘോഷിച്ചത്.  ആക്രമണത്തില്‍ ഹദീദിയുടെ കുടുംബത്തിലെ അമ്മയുള്‍പ്പെടെ നാല് പേരും കൊല്ലപ്പെട്ടു. ആ കുടുംബത്തിലെ ഉമര്‍ എന്ന കുട്ടിയും പിതാവ് മുഹമ്മദ് ഹദീദിയും മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം പത്ത് പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്.  സ്‌ഫോടനത്തില്‍ തകര്‍ന്നു കിടന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് അവളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ തന്നെയാണ്, രക്ഷപ്പെട്ട ഉമര്‍ എന്ന പിഞ്ചു കുഞ്ഞിനെയും കണ്ടെത്തിയത്. 

ഉമറിന്റെ കഥ ഇവിടെ വായിക്കാം. 

ആ ദുരന്തമാണ് അവളുടെ വാക്കുകളെ ഇല്ലാതാക്കിയത്. ''അവള്‍ ശരിക്കും ഞെട്ടിവിറച്ചിരുന്നു. മുതിര്‍ന്ന ഞങ്ങള്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ ഒരു കൊച്ചു കുട്ടിയുടെ കാര്യം പറയണോ?''- വിദൂരതയിലേയ്ക്ക് നോക്കി ഇരിക്കുന്ന മറിയത്തിനെ തലോടി കൊണ്ട് അച്ഛന്‍ പറയുന്നു. മറുപടി പറയാന്‍ ഒരു വാക്കുമില്ലാത്ത ശൂന്യത മുഖത്തു നിറച്ച് അവള്‍ നിസ്സംഗയായി നോക്കിനില്‍ക്കുന്നു.