'ഒരാൾ ജോലി ചെയ്യുന്നത് രണ്ട് നേരത്തെ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്. വീട്ടിൽ ഇരുന്ന് സമാധാനമായി ആ ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ലെങ്കിൽ പിന്നെ ഇങ്ങനെ ജോലി ചെയ്തിട്ട് എന്താണ് കാര്യ'മെന്നും അവൾ പോസ്റ്റിൽ ചോദിക്കുന്നു.

ജോലി സംബന്ധമായ പോസ്റ്റുകൾ ആളുകൾ പലപ്പോഴും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യാറുണ്ട്. ജോലിസ്ഥലത്തെ ചൂഷണങ്ങളെ കുറിച്ചാണ് പലരും പങ്കുവയ്ക്കാറ്. അതുപോലെ ഒരു പോസ്റ്റാണ് 20 -കാരിയായ യുവതി പങ്കുവച്ചിരിക്കുന്നത്.

അമിതമായി ജോലി ചെയ്യുന്നതിനെ മഹത്വവൽക്കരിക്കുന്ന സംസ്കാരത്തെ കുറിച്ചാണ് യുവതി പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് ജോലിയോടുള്ള ആത്മാർത്ഥതയാണ് എന്നാണ് കരുതപ്പെടുന്നത് എന്നും യുവതി കുറ്റപ്പെടുത്തുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന്റെ ഒരു വീഡിയോയാണ് യുവതി ഷെയർ ചെയ്തിരിക്കുന്നത്. തന്റെ മാനേജരുമായി നടന്ന ഒരു സംഭാഷണത്തെ കുറിച്ച് പോസ്റ്റിൽ യുവതി വിവരിക്കുന്നു. കുറച്ച് മണിക്കൂറുകൾ കൂടി ഓഫീസിലിരുന്ന് ഒരു ജോലി പൂർത്തിയാക്കാൻ യുവതിയോട് മാനേജർ ആവശ്യപ്പെട്ടു. എന്നാൽ, നേരത്തെ തീരുമാനിച്ച ചില കാര്യങ്ങൾ ഉണ്ടായതുകൊണ്ട് താൻ മാനേജരുടെ അഭ്യർത്ഥന നിരസിച്ചു എന്നും യുവതി പറയുന്നു. മാത്രമല്ല, താൻ ഉപവാസത്തിലായിരുന്നു എന്നും അവൾ പറയുന്നുണ്ട്.

നേരത്തെയല്ല, കൃത്യസമയത്ത് തന്നെ ജോലി കഴിഞ്ഞിറങ്ങും എന്നാണ് യുവതി നല്ലരീതിയിൽ തന്നെ മാനേജരോട് പറഞ്ഞത്. ആ സമയത്ത് മാനേജർ യുവതിയോട് താൻ രാത്രിയിൽ യാത്ര ചെയ്ത് ജോലിക്ക് വന്നതിനെ കുറിച്ചും വൈകിയിരുന്ന് ജോലി ചെയ്യുന്നതിനേ കുറിച്ചും വിവരിച്ചു.

യുവതി ചോദിക്കുന്നത്, ഇങ്ങനെ ജോലി ചെയ്യുന്നത് എങ്ങനെ സാധാരണമായി മാറി എന്നാണ്. 'വീട്ടിൽ ഇരുന്ന് സമാധാനമായി രണ്ടുനേരത്തെ ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഇങ്ങനെ ജോലി ചെയ്തിട്ട് എന്താണ് കാര്യ'മെന്നും അവൾ പോസ്റ്റിൽ ചോദിക്കുന്നു.

ഇങ്ങനെ നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നതിനെ വലിയ കാര്യമായി പറയുന്നതിനേയും യുവതി വിമർശിച്ചു. ഇത് സ്വകാര്യജീവിതത്തിലും ആരോ​ഗ്യത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും പോസ്റ്റിൽ പരാമർശിക്കുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ജെൻ സി ആയിട്ടുള്ളവരെ നമ്മളെ പോലെ ചൂഷണം ചെയ്ത് ജോലി ചെയ്യിക്കാൻ പറ്റില്ല എന്നും അവർ കാര്യങ്ങൾ തുറന്ന് പറയുന്നത് നല്ല കാര്യമാണ് എന്നുമാണ് പലരും പറഞ്ഞത്.