ജെൻ സിയെ സംബന്ധിച്ചിടത്തോളം, വസ്ത്രധാരണം വെറും സൗന്ദര്യശാസ്ത്രമല്ല, അത് വ്യക്തിത്വ പ്രകടനം കൂടിയാണ്. മുൻപ്, പ്രമുഖ ഡിസൈനർമാരും ഫാഷൻ റൺവേകളുമാണ് ട്രെൻഡുകൾ തീരുമാനിച്ചിരുന്നെതെങ്കിൽ, ഇന്ന് അത് അങ്ങനെയല്ല.
ഫാഷൻ ലോകത്ത് പുതിയ നിയമങ്ങൾ എഴുതിച്ചേർക്കുകയാണ് ജെൻ സി തലമുറ. കഴിഞ്ഞ ദശാബ്ദങ്ങളിലെ മിനിമലിസ്റ്റ് ശൈലികളിൽ നിന്ന് മാറി, മാക്സിമലിസം എന്ന സമീപനമാണ് ജെൻ സികൾ സ്വീകരിക്കുന്നത്. ജെൻ സിയെ സംബന്ധിച്ചിടത്തോളം, വസ്ത്രധാരണം വെറും സൗന്ദര്യശാസ്ത്രമല്ല, അത് വ്യക്തിത്വ പ്രകടനം കൂടിയാണ്. മുൻപ്, പ്രമുഖ ഡിസൈനർമാരും ഫാഷൻ റൺവേകളുമാണ് ട്രെൻഡുകൾ തീരുമാനിച്ചിരുന്നെതെങ്കിൽ, ഇന്ന് അത് അങ്ങനെയല്ല. സോഷ്യൽ മീഡിയയുടെ ചിറകിലേറി യുവ തലമുറ തന്നെ ഫാഷൻ അജണ്ട സെറ്റ് ചെയ്യുന്നു. സ്ട്രീറ്റ്‌വെയറിനൊപ്പം ,വിൻ്റേജ് വസ്ത്രങ്ങളും, പരമ്പരാഗത ശൈലികൾക്കൊപ്പം ലിംഗഭേദമില്ലാത്ത ഫാഷനും ഇവർ ഒരുമിപ്പിക്കുന്നു.
സ്വയം പ്രകടനത്തിന് പ്രാധാന്യം നൽകുന്ന ഒരു തലമുറയാണ് ജെൻ സി യെന്ന അഭിപ്രായമുണ്ട്. അവർ ട്രെൻഡുകൾ പിന്തുടരുന്നതിന് പകരം, നോസ്റ്റാൾജിയയും, സ്ട്രീറ്റ്‌വെയറും, സാംസ്കാരിക സ്വാധീനങ്ങളും കൂട്ടിച്ചേർത്ത് തങ്ങളുടേതായ ശൈലി രൂപപ്പെടുത്തുകയാണ്. ജെൻ സി ഫാഷൻ വിപ്ലവത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അവരുടെ സുസ്ഥിരതാബോധമാണ്. ഫാസ്റ്റ് ഫാഷനെ തള്ളിപ്പറഞ്ഞ്, ത്രിഫ്റ്റ് ഷോപ്പിംഗ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ജെൻ സികൾ ചെയ്യുന്നത്. ഗുണമേന്മ, ഏറെ നാൾ ഇടു നിൽക്കുന്ന വസ്ത്രങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുകയും ചെയ്യുന്നു.
ജെൻ സി തലമുറയുടെ മാക്സിമലിസം എന്നാൽ വെറുതെ കുറെ നിറങ്ങളും പാറ്റേണുകളും വാരിവിതറുന്നതല്ല, മറിച്ച് കൃത്യമായ ഉദ്ദേശ്യത്തോടെയുള്ള ഒരു പ്രഖ്യാപനമാണ്. ബോൾഡ് പാറ്റേണുകൾ, ഓവർസൈസ്ഡ് സിലൗട്ടുകൾ, വൈവിധ്യമാർന്ന ലെയറിംഗ്, വർണ്ണശബളമായ പാലറ്റുകൾ ഇവയെല്ലാം അവർ ഉപയോഗിക്കുന്നു. ജെൻ സിയുടെ താൽപ്പര്യങ്ങൾക്കും ധാർമ്മിക നിലപാടുകൾക്കും അനുസൃതമായി മാറുന്ന ബ്രാൻഡുകൾക്ക് മാത്രമേ ഇനി ഫാഷൻ ലോകത്ത് നിലനിൽപ്പുള്ളൂ. നല്ല വസ്ത്രധാരണം എന്നതിലുപരി ഉറച്ച നിലപാടെടുക്കുക എന്നതാണ് ജെൻ സി ഫാഷൻ മുന്നോട്ട് വെക്കുന്ന സന്ദേശം.
ജെൻ സിയുടെ മാക്സിമലിസ്റ്റ് സമീപനം മനസ്സിലാക്കാൻ, ഫാഷനിലെ മിനിമലിസം, മാക്സിമലിസം എന്നി രണ്ട് പ്രധാന ശൈലികൾ തമ്മിലുള്ള വ്യത്യാസം അറിയണം.
മിനിമലിസം
മില്ലേനിയൽസ് തലമുറയുടെ ഇഷ്ടശൈലിയായിരുന്ന മിനിമലിസത്തിൻ്റെ അടിസ്ഥാന തത്വം 'Less is More' എന്നതാണ്. ന്യൂട്രൽ കളർസ്, അധികം ശ്രദ്ധിക്കപ്പെടാത്ത ആക്സസറികൾ എന്നിവയാണ് ഇതിൻ്റെ പ്രത്യേകത. വ്യക്തിയുടെ സൗന്ദര്യത്തിന് പ്രാധാന്യം നൽകുകയാണ് ഇതിൽ പ്രധാനം. വസ്ത്രങ്ങൾക്ക് അമിതമായി ശ്രദ്ധ കൊടുക്കാതെ, എല്ലാവർക്കും യോജിക്കുന്നതും, പല അവസരങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങളാണ് മിനിമലിസം ശൈലിയിൽ ഉൾപ്പെടുന്നത്.
മാക്സിമലിസം
ജെൻ സി ഉയർത്തിപ്പിടിക്കുന്ന മാക്സിമലിസത്തിൻ്റെ മുദ്രാവാക്യം 'More is More' എന്നതാണ്. ഒരേസമയം പല പാറ്റേണുകൾ, വർണ്ണശബളമായ നിറങ്ങൾ, വിൻ്റേജ് ആഭരണങ്ങൾ, സ്ട്രീറ്റ്‌വെയർ എന്നിവയെല്ലാം ഒരുമിച്ച് അണിയുന്നു. ഫാഷൻ എന്നത് വ്യക്തിത്വത്തെയും നിലപാടുകളെയും തുറന്നുകാട്ടാനുള്ള ഒരു വേദിയായി മാക്സിമലിസ്റ്റുകൾ കാണുന്നു. ഓരോ വസ്ത്രവും ഒരോരോ പ്രഖ്യാപനങ്ങളാണെന്ന് അവർ വിശ്വസിക്കുന്നു.


