സ്ട്രീറ്റ് വെയറുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, പലരും ഓവർസൈസ്ഡ് ടീ ഷർട്ടുകളും ബാഗി ജീൻസുകളുമാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. എന്നാൽ, മില്ലെനിയൽ തലമുറയും ജെൻ സിയും തമ്മിലുള്ള ഫാഷൻ സെൻസിലെ വ്യത്യാസം…

ട്രെൻഡുകൾക്ക് പിന്നാലെ പോകുന്ന ജെൻ സി തലമുറയാണ് ഫാഷൻ ലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. പിൻറെസ്റ്റ് പ്രചോദിത ഔട്ട്ഫിറ്റുകൾ പുനഃസൃഷ്ടിക്കുന്നതിൽ ഇവർ മിടുക്കരാണെന്ന് പരക്കെ പറയുന്നു. പകൽ സമയങ്ങളിൽ ഫെയറി കോർ മുതൽ രാത്രിയിൽ ഗോത്ത്-ചിക് വരെ ജെൻ സിയുടെ വേഷവിധാനങ്ങളിൽ ഉൾപ്പെടുന്നു. ഇതെല്ലാം ഫാഷൻ ലോകത്ത് ശ്രദ്ധേയമാണ്. സ്ട്രീറ്റ് വെയറുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, പലരും ഓവർസൈസ്ഡ് ടീ ഷർട്ടുകളും ബാഗി ജീൻസുകളുമാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. എന്നാൽ, മില്ലെനിയൽ തലമുറയും ജെൻ സിയും തമ്മിലുള്ള ഫാഷൻ സെൻസിലെ വ്യത്യാസത്തെക്കുറിച്ച് പാപ്പാ ഡോണ്ട് ബ്രീച്ച് ഡിസൈനറായ ശുഭികക്ക് സ്വന്തമായ കാഴ്ചപ്പാടുണ്ട്. ലാക്‌മേ ഫാഷൻ വീക്കിൽ ഫിനാൻഷ്യൽ എക്സ്പ്രസ്സിനോട് സംസാരിക്കവെയാണ് ശുഭിക തന്‍റെ കാഴ്ചപ്പാട് പങ്കുവെച്ചത്.

വ്യക്തിഗത ശൈലി അപ്രത്യക്ഷമാകുന്നു 

ഫാഷൻ സങ്കൽപ്പത്തിൽ മികച്ചത് ആരാണെന്ന ചോദ്യത്തിന്, വ്യക്തിഗത ശൈലി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു ശുഭികയുടെ മറുപടി. ജെൻ സി തലമുറയുടെ ഫാഷനിൽ അവർക്ക് സ്വന്തമായൊരു ശൈലിയുടെ അഭാവം ഉണ്ടെന്നാണ് ശുഭികയുടെ വാദം. ജെൻ സി തലമുറയിലുള്ളവർക്ക് തനതായ ശൈലി ഇല്ലാത്തതിന് കാരണം ഇന്‍റർനെറ്റിന്‍റെ സ്വാധീനമാണ്. ലക്ഷ്വറി ഉൽപ്പന്നങ്ങൾ പോലും ഒറ്റ ക്ലിക്കിൽ വീട്ടുവാതിൽക്കൽ എത്തുന്നതടക്കമുള്ള കാരണങ്ങൾ ജെൻ സികൾക്ക് സ്വന്തമായൊരു ശൈലി വളർത്തിയെടുക്കുന്നതിന് വെല്ലുവിളിയാണെന്നും ശുഭിക വിവരിച്ചു. സ്വന്തമായൊരു ഫാഷൻ ശൈലി വളർത്തിയെടുക്കുന്നതിന് ജെൻ സികൾ കുറച്ചുകൂടി പരിശ്രമിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും തിരഞ്ഞെടുക്കുന്ന ബ്രാൻഡുകളുടെ ധാർമികതയിലും മൂല്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ഈ തലമുറയുടെ ഒരു നല്ല പ്രവണതയാണെന്നും 'മില്ലെനിയൽ ഡിസൈനർ' അഭിപ്രായപ്പെട്ടു.

കൂടുതൽ സ്വാതന്ത്ര്യമുള്ള തലമുറ

ശുഭികയുടെ കളക്ഷന്‍റെ ഷോസ്റ്റോപ്പറും നെറ്റ്ഫ്ലിക്സ് താരവുമായ ആയിഷ കംഗക്ക് ജെൻ സിയെക്കുറിച്ച് മറ്റൊരു അഭിപ്രായമാണുള്ളത്. ജെൻ സി കൂടുതൽ സ്വാതന്ത്ര്യമുള്ള തലമുറയാണെന്ന് അവർ പറയുന്നു. ഈ തലമുറയിലുള്ള ആളുകൾ കൂടുതൽ കംഫർട്ടബിളായി, അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കുന്നു. അവർ സ്വയം ഒതുങ്ങി ജീവിക്കൽ ആഗ്രഹിക്കുന്നില്ലെന്നും, അവർക്കിഷ്ടമുള്ളതെന്തും ചെയ്യുന്നതിൽ ഒരു ഖേദവുമില്ലെന്നും കംഗ കൂട്ടിച്ചേർത്തു.

ഞാൻ കുറ്റം പറയില്ല

ഫാഷൻ ട്രെൻഡുകൾ ആരാണ് നിർണ്ണയിക്കുന്നതെന്നും, എന്താണ് താഴെത്തട്ടിലേക്ക് എത്തുന്നത് എന്നതിനെക്കുറിച്ചും ശുഭിക സംസാരിച്ചു. ജെൻസി തലമുറയിലുള്ളവർ തനതായ ഡിസൈനുകൾ പുറത്തിറക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നില്ല. ഇത് പൂർണ്ണമായും ട്രെൻഡുകളെക്കുറിച്ച് മാത്രമായി മാറുന്നു. ഫാഷൻ ഒരു കലയാണ് എന്ന ചിന്താഗതിയോട് യോജിക്കുന്ന ശുഭിക, ഇന്നത്തെ ബ്രാൻഡുകൾ അതിൽ നിന്ന് മാറി എന്താണ് വിൽക്കുക, എന്താണ് വിൽക്കാതിരിക്കുക എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.