ഫ്ലോറിഡയ്ക്കും ജോർജിയയ്ക്കും പുറമേ, മറ്റ് പല സംസ്ഥാനങ്ങളും അടുത്ത മാസങ്ങളിൽ LGBTQ+ ആളുകളെ പാർശ്വവൽക്കരിക്കുന്ന ബില്ലുകൾ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടുണ്ട്.  

ജോർജ്ജിയ(Georgia)യിലെ നിയമനിർമ്മാതാക്കൾ ഒരു പുതിയ ബിൽ പാസാക്കാൻ ശ്രമിക്കുകയാണ്. സ്വകാര്യ സ്കൂളുകളിൽ ലിം​ഗസ്വതം, ലൈം​ഗിക ആഭിമുഖ്യം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നിരോധിക്കുന്നതാണ് ബിൽ. ഫ്ലോറിഡ സെനറ്റ് 'ഡോണ്ട് സേ ​ഗേ'(don’t say gay) എന്ന് വിളിക്കപ്പെടുന്ന ബിൽ പാസാക്കിയ അതേ ദിവസം തന്നെയാണ് ഈ നടപടി അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. 

ജോർജിയയുടെ പുതിയ ബിൽ പ്രകാരം 'കോമൺ ഹ്യൂമാനിറ്റി ഇൻ പ്രൈവറ്റ് എജ്യുക്കേഷൻ ആക്ടി'ന് കീഴിൽ, സ്വകാര്യ സ്കൂളുകളിൽ പ്രൈമറി ഗ്രേഡ് തലങ്ങളിൽ ലൈംഗികതയെക്കുറിച്ചോ, ലിംഗപരമായ ഐഡന്റിറ്റിയെക്കുറിച്ചോ ക്ലാസ് റൂം ചർച്ചകൾ പ്രോത്സാഹിപ്പിക്കാനോ നിർബന്ധിക്കാനോ പാടില്ല. വിദ്യാർത്ഥിയുടെ പ്രായത്തിനും വളർച്ചയ്ക്കും അത് നല്ലതല്ല എന്നും പറഞ്ഞാണത്രെ ഇത് എന്നും NBC റിപ്പോർട്ട് ചെയ്തു. 

കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ മാതാപിതാക്കൾക്കുള്ള ഇടപെടലുകളും മാതാപിതാക്കളുടെ അവകാശങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടിയെന്നാണ് പറയുന്നത്. എന്നാൽ, LGBTQ+ വക്താക്കൾ ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. രാജ്യവ്യാപകമായി LGBTQ+ യുവാക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ബിൽ എന്നാണ് പ്രധാന വിമർശനം. 

“ഇത് മാതാപിതാക്കളുടെ അവകാശങ്ങളെക്കുറിച്ചല്ലെന്ന് ഞങ്ങൾക്കറിയാം” എൽജിബിടിക്യു അഡ്വക്കസി ഗ്രൂപ്പായ ജോർജിയ ഇക്വാലിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജെഫ് ഗ്രഹാം എൻബിസിയോട് പറഞ്ഞു. "ഇത് ശരിക്കും സ്കൂളിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ, പങ്കാളിത്തം, പഠനം എന്നിവ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ്."

ജോർജിയയുടെ നിയമനിർമ്മാണ സമ്മേളനത്തിൽ വൈകിയാണ് ബിൽ അവതരിപ്പിച്ചത് എന്നതിനാൽ, ബിൽ ഉടൻ പാസാകാനുള്ള സാധ്യത കുറവാണ്. എങ്കിലും ബില്ലിനെ എതിർക്കുന്നവർക്ക് ആശങ്കയുണ്ട്. ഇത് ഇപ്പോൾ അവതരിപ്പിക്കുന്നത് ശരത്കാല തെരഞ്ഞെടുപ്പിന് മുമ്പ് റിപ്പബ്ലിക്കൻമാരെ സ്വാധീനിക്കും എന്ന് അവർ ആശങ്കപ്പെടുന്നു.

ഫ്ലോറിഡയ്ക്കും ജോർജിയയ്ക്കും പുറമേ, മറ്റ് പല സംസ്ഥാനങ്ങളും അടുത്ത മാസങ്ങളിൽ LGBTQ+ ആളുകളെ പാർശ്വവൽക്കരിക്കുന്ന ബില്ലുകൾ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടുണ്ട്. 

അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സ് കഴിഞ്ഞ വ്യാഴാഴ്ച ഒരു ബില്ലിൽ ഒപ്പുവച്ചിരുന്നു. ട്രാൻസ് പെൺകുട്ടികളെയും സ്ത്രീകളെയും ഹൈസ്‌കൂൾ, കോളേജ് അത്‌ലറ്റിക്‌സിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇത് വിലക്കിയിരുന്നു. ബിൽ വിവേചനപരമാണെന്ന് കടുത്ത വിമർശനം നിലനിൽക്കെയായിരുന്നു നടപടി. 

ടെന്നസിയിൽ, കെ-12 ക്ലാസ് മുറികളിൽ എൽജിബിടി പ്രശ്നങ്ങളോ ജീവിതരീതിയോ സാധാരണവൽക്കരിക്കുന്ന, പിന്തുണയ്ക്കുന്ന, അല്ലെങ്കിൽ അഭിസംബോധന ചെയ്യുന്ന പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പൊതുവിദ്യാലയങ്ങളെ നിരോധിക്കുന്ന നിയമനിർമ്മാണം ചൊവ്വാഴ്ച റിപ്പബ്ലിക്കൻമാർ മുന്നോട്ട് വച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ പറയുന്നത് അനുസരിച്ച്, ടെന്നസി, അയോവ, ഒക്ലഹോമ എന്നിവ നിലവിൽ എൽജിബിടിക്യു വിരുദ്ധ നിയമം ഏറ്റവുമധികം കർശനമാകുന്ന ചില സംസ്ഥാനങ്ങളാണ്, സിഎൻഎൻ റിപ്പോർട്ട് ചെയ്തു.