നമ്മൾ സാധാരണയായി നായ്ക്കളെയും, പൂച്ചകളെയും, അല്ലെങ്കിൽ മറ്റ് അരുമയായ മൃഗങ്ങളെയുമൊക്കെ വളർത്താൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, വെൽസിലുള്ള ജെറൻറ് ഹോപ്കിൻസ് അങ്ങനെയല്ല. വിഷമുള്ള മൃഗങ്ങളോടാണ് അദ്ദേഹത്തിന് താല്പര്യം. ഈ ഇഷ്ടത്തിന്റെ പുറത്ത് സ്വന്തം വീട് പോലും ഒരു മൃഗശാലയാക്കി മാറ്റിയിരിക്കയാണ് അദ്ദേഹം.  

ലാനെല്ലിയിലെ അദ്ദേഹവും ഭാര്യവും താമസിക്കുന്ന വീട്ടിൽ നൂറ്റിയിരുപതോളം പാമ്പുകളും 70 ചിലന്തികളുമുണ്ട്. കൂടാതെ മുള്ളൻപന്നി, എലികൾ, പല്ലികൾ,  കോഴികൾ, തവളകൾ അങ്ങനെ പലതും അവിടെയുണ്ട്. വീടിനുള്ളിൽ സെലിബ്രിറ്റികളുടെ ഒപ്പിട്ട ചിത്രങ്ങളും പാമ്പുകളും അസ്ഥികൂടങ്ങളും എല്ലാം നമുക്ക് കാണാം. അദ്ദേഹം അറിയപ്പെടുന്നത് തന്നെ സ്നേക്ക് മാൻ എന്നാണ്. വെൽസിലെ ആളുകളും പൊലീസും പാമ്പിനെ പിടികൂടാൻ ഹോപ്കിൻസിനെയാണ് വിളിക്കുന്നത്. പലപ്പോഴും അദ്ദേഹം പാമ്പുകളെ പിടിക്കുന്നത് ടെലിവിഷൻ പ്രോഗ്രാമുകളിൽ സംപ്രേക്ഷണം ചെയ്യാറുണ്ട്.  

1980 -കളിൽ ആതുര സേവനങ്ങൾക്കായി പണം സ്വരൂപിക്കാനുള്ള ഒരു മാർ​ഗമായാണ് അദ്ദേഹം ഇതാരംഭിക്കുന്നത്. “എന്റെ സുഹൃത്തിന് പാമ്പുകളുണ്ടായിരുന്നു. ഞാൻ അവന്റെ പാമ്പുകളിൽ ഒരെണ്ണം കടംവാങ്ങി പ്രദർശിപ്പിക്കാൻ ആരംഭിച്ചു" അദ്ദേഹം പറഞ്ഞു. പതുക്കെ കൂടുതൽ പാമ്പുകളെ ശേഖരിക്കാനും അത് വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ ആയിരക്കണക്കിന് പാമ്പുകൾ അവിടെ ഉണ്ട്. എന്നാൽ, അവയെ പരിപാലിക്കുന്നത് ഒരു നല്ല ജോലിയാണ് എന്ന് ജെറൻറ് പറയുന്നു. ജെറൈന്റിനും, ഭാര്യ യോലാൻഡിനും ഒരു ദിവസം മണിക്കൂറുകളോളം ചിലവാക്കിയാണ് അവിടം വൃത്തിയാക്കുന്നത്.   

"പാമ്പുകൾ തീർച്ചയായും എനിക്ക് പ്രിയപ്പെട്ടവയാണ്. അവ വളരെ ബുദ്ധിയുള്ളവയാണ്" അദ്ദേഹം പറഞ്ഞു. അദ്ദേഹം ഓരോ ദിവസവും രണ്ട് മണിക്കൂർ വീതം സ്ഥലം വൃത്തിയാക്കാനായി ചിലവിടുന്നു. എല്ലാ മൃഗങ്ങളെയും പോറ്റാൻ ഓരോ വർഷവും ആയിരക്കണക്കിന് രൂപയാണ് അവർ ചിലവഴിക്കുന്നത്. “ഞങ്ങൾ നേരത്തെ ഉണർന്ന് എല്ലാത്തിനും ഭക്ഷണം നൽകുന്നു. ഞങ്ങൾ ഇവിടെ ഇല്ലാത്തപ്പോൾ ഒരു കാവൽക്കാരനെ ഏർപ്പാടാക്കും. വീട്ടിലുടനീളം സിസിടിവിയുമുണ്ട്" ഹോപ്കിൻസ് പറഞ്ഞു. അദ്ദേഹത്തിന് മൃഗങ്ങളോടുള്ള സ്നേഹം മറ്റുള്ളവർക്കും പകർന്ന് കൊടുക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ആളുകളിൽ പാമ്പിനോടും ചിലന്തിയോടുമുള്ള ഭയം ഇല്ലാതാക്കാൻ അദ്ദേഹം പ്രവർത്തിക്കുന്നു.  "എനിക്കിതെല്ലാം വളരെ ഇഷ്ടമാണ്. ആരാണ് വിരസമായ ജീവിതം ആഗ്രഹിക്കുന്നത്?" അദ്ദേഹം പറഞ്ഞു.