'എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് ഇത്ര നല്ല പല്ലുകൾ? ജർമ്മനിയിൽ എന്റെ ഇന്ത്യക്കാരായ സഹപ്രവർത്തകരിൽ പലരുടെയും പല്ലുകൾ വളരെ നല്ലതാണെന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.'

ഇന്ത്യക്കാരുടെ ദന്തശുചിത്വത്തെ കുറിച്ച് പോസ്റ്റുമായി ജർമ്മൻകാരൻ. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ജർമ്മനിയിൽ നിന്നുള്ള ഒരാൾ പോസ്റ്റിട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യക്കാരിൽ പലർക്കും ഇത്ര നല്ല പല്ലുകൾ എന്നാണ് റെഡ്ഡിറ്റ് യൂസറുടെ ചോദ്യം. 

ഇന്ത്യക്കാരായ സഹപ്രവർത്തകരോടുള്ള ഇടപെടലിനെ തുടർന്നാണ് ചോദ്യം. 'എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് ഇത്ര നല്ല പല്ലുകൾ? ജർമ്മനിയിൽ എന്റെ ഇന്ത്യക്കാരായ സഹപ്രവർത്തകരിൽ പലരുടെയും പല്ലുകൾ വളരെ നല്ലതാണെന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരുടെ പല്ലുകൾ വെളുത്തതും നന്നായി സംരക്ഷിക്കുന്നതുമാണ്. ഒരിക്കലും വായ്‌നാറ്റം ഉണ്ടാകില്ല. കുറച്ചു നാളായി ഞാൻ ഇതേക്കുറിച്ച് ചിന്തിക്കുന്നു. ഇത് അവരുടെ ഭക്ഷണരീതി കാരണമാണോ? വ്യത്യസ്തമായ ദന്ത സംരക്ഷണ ശീലങ്ങൾ കാരണമാണോ? പരമ്പരാഗതമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ സാംസ്കാരികമായ രീതികളോ കാരണമാണോ?' എന്നാണ് പോസ്റ്റിൽ ചോദിച്ചിരിക്കുന്നത്. 

അധികം വൈകാതെ തന്നെ പോസ്റ്റ് റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അനേകങ്ങൾ പോസ്റ്റിന് കമന്റുകളും നൽകി. ഇന്ത്യക്കാർ മിക്കവാറും രാവിലെയും വൈകിട്ടും കൃത്യമായി പല്ല് തേക്കുന്നവരാണ് അല്ലേ? മാത്രമല്ല, രാവിലെ പല്ല് തേക്കാതെ മിക്കവാറും ആളുകൾ ഒന്നും കഴിക്കുകയുമില്ല. ഇതേക്കുറിച്ചൊക്കെയാണ് പലരും കമന്റുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. 

ഒരാളുടെ കമന്റ് ഇങ്ങനെ ആയിരുന്നു; ദിവസം രണ്ടുനേരം ബ്രഷ് ചെയ്യുക, നാവ് വൃത്തിയായി സൂക്ഷിക്കുക. പല്ല് തേക്കാതെ ഒന്നുംതന്നെ കഴിക്കരുത്. പാശ്ചാത്യ രാജ്യങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കക്കാരായ ആളുകൾ രാവിലെ പല്ല് തേക്കും മുമ്പ് തന്നെ പ്രഭാതഭക്ഷണം കഴിക്കുകയും അവരുടെ മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നത് എനിക്ക് വലിയൊരു കൾച്ചറൽ ഷോക്കായിരുന്നു. അങ്ങനെ ഒരു കാര്യം എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല എന്നായിരുന്നു. 

സമാനമായ കമന്റുകൾ തന്നെയാണ് പലരും കുറിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം