നിരവധിപ്പേരാണ് മെലിസയുടെ ഫോട്ടോയ്ക്ക് അത്തരം കമന്റുക​ളുമായി എത്തിയത്. 'ഇത്ര ചെറിയ മോതിരവുമായി എത്തിയപ്പോൾ എങ്ങനെ യെസ് പറയാൻ തോന്നി എന്നായിരുന്നു' ഒരാളുടെ കമന്റ്.

എൻ​ഗേജ്‍മെന്റ് റിങ്ങിന്റെ പേരിൽ വലിയ പരിഹാസവും ട്രോളും വിമർശനങ്ങളും ഏറ്റുവാങ്ങുകയാണ് ഒരു ഇൻഫ്ലുവൻസർ. ജർമ്മൻ ഇൻഫ്ലുവൻസറായ മെലിസ വിങ്ക്ലർ 'ഞാൻ യെസ് പറഞ്ഞു' എന്ന കാപ്ഷനോടുകൂടി ഷെയർ ചെയ്ത ചിത്രമാണ് വലിയ പരിഹാസമേറ്റുവാങ്ങിയത്. മോതിരത്തിന്റെ വലിപ്പം കുറഞ്ഞുവെന്ന് പറഞ്ഞാണ് പലരും മെലിസയേയും അവളുടെ പങ്കാളിയേയും കളിയാക്കിയത്. മോതിരത്തിന്റെ ചിത്രത്തോട് കൂടി പങ്കുവച്ച പോസ്റ്റ് ഇതിന്റെ പേരിൽ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു. ചിത്രത്തിൽ മെലിസയുടെ കയ്യിലിട്ടിരിക്കുന്ന ഒരു കൊച്ചുമോതിരം കാണാം. 'ഈ മോതിരവുമായി വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ എങ്ങനെ യെസ് പറയാൻ തോന്നി' എന്നാണ് മെലിസയോട് പലരും ചോദിച്ചത്.

ഫാഷൻ, ലൈഫ്‍സ്റ്റൈൽ കണ്ടന്റ് ക്രിയേറ്ററാണ് മെലിസ്സ. വിദേശത്ത് പലരും വലിയ മോതിരങ്ങൾ വിവാഹാഭ്യർത്ഥനയ്ക്കൊപ്പം നൽകുന്നത് വലിയ അഭിമാനമായും സ്റ്റാറ്റസ് സിംബലായും കണക്കാക്കാറുണ്ട്. അതേസമയം, പണമില്ലാത്തതിന്റെയും മറ്റും തെളിവായിട്ടാണ് പലരും ചെറിയ എൻ​ഗേജ്മെന്റ് മോതിരങ്ങളെ കാണുന്നത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. നിരവധിപ്പേരാണ് മെലിസയുടെ ഫോട്ടോയ്ക്ക് അത്തരം കമന്റുക​ളുമായി എത്തിയത്. 'ഇത്ര ചെറിയ മോതിരവുമായി എത്തിയപ്പോൾ എങ്ങനെ യെസ് പറയാൻ തോന്നി എന്നായിരുന്നു' ഒരാളുടെ കമന്റ്. 'ഇത് കുട്ടികൾ കളിക്കാനെടുക്കുന്ന വില കുറഞ്ഞ മോതിരം പോലെയുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമൻ‌റ്. 'ഇത്ര ചെറിയ മോതിരവുമായിട്ടാണ് വരുന്നതെങ്കിൽ ഞാൻ ഒരിക്കലും യെസ് പറയുമായിരുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

View post on Instagram

എന്നാൽ, അതേസമയം തന്നെ മെലിസയുടെ മോതിരം കണ്ട് അഭിനന്ദനങ്ങളുമായും മറ്റ് ചിലരെത്തി. ഇത്രയും സിംപിളായൊരു മോതിരം കണ്ടതിൽ‌ സന്തോഷം, വലിയ വലിയ മോതിരങ്ങൾ കണ്ട് മടുത്തുപോയിരുന്നു എന്നാണ് ചിലർ കമന്റ് നൽകിയത്. മറ്റ് ചിലർ പറഞ്ഞത് മോതിരത്തിന്റെ വലിപ്പത്തിലല്ല കാര്യം എന്നാണ്. മെലിസയും പിന്നീട് ഇതിനെല്ലാം വിശദീകരണവുമായി എത്തി. എൻ​ഗേജ്മെന്റിന്റെ പേരിൽ വൈറലാകുമെന്ന് കരുതിയില്ല, ഞാൻ സന്തോഷവതിയാണ് എന്നാണ് മെലിസ പറഞ്ഞത്. അതേസമയം, ഇത് വിലകൂടി ടിഫാനി മോതിരമാണ് എന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.