സാധാരണയായി മുൻകൂർ പണം വാങ്ങാറുണ്ടെങ്കിലും സ്ഥാപകയിലുള്ള വിശ്വാസം കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും കൃപ വ്യക്തമാക്കി. രണ്ട് മാസം പിന്നിട്ടപ്പോൾ സ്ഥാപക പെട്ടെന്ന് കരാർ അവസാനിപ്പിക്കുകയും തന്നെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ബ്ലോക്ക് ചെയ്യുകയുമായിരുന്നു.
ജോലി ചെയ്ത ശേഷം പ്രതിഫലം വാങ്ങിയെടുക്കുന്നത് കോർപ്പറേറ്റ് ലോകത്തെയും ഫ്രീലാൻസിങ് രംഗത്തെയും വലിയ വെല്ലുവിളികളിലൊന്നാണ്. അത്തരത്തിലൊരു ദുരനുഭവമാണ് മീഡിയ മാനേജറും സംരംഭകയുമായ കൃപ കോട്ടേച്ച സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. മൂന്ന് മാസത്തെ കരാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ കക്ഷികൾ കരാർ അവസാനിപ്പിക്കുകയും 50,000 രൂപ പ്രതിഫലം നൽകാതെ തന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തു എന്നാണ് കൃപയുടെ ആരോപണം.
'ഒരു ഇന്ത്യൻ സ്ഥാപകയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ നിർമ്മിക്കാൻ ഞാൻ സഹായിച്ചു. എന്നാൽ, ഇപ്പോൾ അവർ എന്റെ ഫീസായ 50,000 രൂപ തരില്ലെന്ന് പറയുന്നു. ഇതൊരു മൂന്ന് മാസത്തെ കരാറായിരുന്നു' കൃപ എക്സിൽ കുറിച്ചു. സാധാരണയായി മുൻകൂർ പണം വാങ്ങാറുണ്ടെങ്കിലും സ്ഥാപകയിലുള്ള വിശ്വാസം കൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും കൃപ വ്യക്തമാക്കി. രണ്ട് മാസം പിന്നിട്ടപ്പോൾ സ്ഥാപക പെട്ടെന്ന് കരാർ അവസാനിപ്പിക്കുകയും തന്നെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ബ്ലോക്ക് ചെയ്യുകയുമായിരുന്നു. താൻ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ ജോലി ചെയ്തു എന്നതിന് തെളിവുകളുണ്ടെന്നും കൃപ വ്യക്തമാക്കുന്നു.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളിൽ നിരവധിപ്പേരാണ് അഭിപ്രായങ്ങളുമായി എത്തിയത്. ഫ്രീലാൻസിങ്ങിന്റെ ഏറ്റവും ദയനീയമായ വശമാണിതെന്നും ഉപഭോക്താവിന്റെ അനുവാദമില്ലാതെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് സ്വന്തം പ്രതിച്ഛായയെ ബാധിക്കുമെന്നും ചിലർ ചൂണ്ടിക്കാണിച്ചു. വാട്സാപ്പിലോ അല്ലെങ്കിൽ ഇമെയിലിലോ എന്തെങ്കിലും തെളിവുണ്ടെങ്കിൽ ഒരു അഭിഭാഷകന്റെ സഹായത്തോടെ വക്കീൽ നോട്ടീസ് അയക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ നിയമനടപടികൾക്ക് പോകുന്നതിനേക്കാൾ നല്ലത് ആ തുക മറന്ന് പുതിയ പ്രൊജക്റ്റുകളിലേക്ക് കടക്കുകയാണെന്ന് നിർദ്ദേശിച്ചവരുമുണ്ട്. കൂടാതെ, സ്ഥാപനം MSME കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നോട്ടീസ് അയച്ചാൽ പണം നൽകാൻ നിർബന്ധിതരാകുമെന്നും ചിലർ കമന്റ് ചെയ്തു.
തുടർന്ന് വന്ന ഒരു എക്സ് പോസ്റ്റിൽ, ഇതുവരെ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നിയമപരമായ സഹായം തേടുന്നുണ്ടെന്നും കൃപ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ അവരെ കുറിച്ച് വെളിപ്പെടുത്തിയാൽ പോലും ആ സ്ഥാപകയ്ക്ക് യാതൊരു ഭയവുമില്ലെന്നും കൃപ കുറിച്ചു.
