വലിയ കാമുകനും എഴുത്തുകാരനും ഫിലോസഫറും ഒക്കെ ആയി അറിയപ്പെടുന്ന കാസനോവയെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും.130 -ലധികം പ്രണയിനികള്‍ക്കൊപ്പം താന്‍ ഉറങ്ങിയിട്ടുണ്ട് എന്നാണ് തന്‍റെ തന്നെ രചനകളില്‍ ഇയാള്‍ പറഞ്ഞിരിക്കുന്നത്. എന്നാൽ, കാസനോവ എന്നറിയപ്പെടുന്ന ജിയോവാനി യാക്കോപ്പോ കാസനോവ അത് മാത്രമായിരുന്നില്ല വൈദ്യരം​ഗത്ത് ആധികാരികമായി അറിവില്ലെങ്കിലും ധാരണകളുണ്ടായിരുന്ന ആളാണ് എന്നാണ് പറയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ സ്ത്രീകളെ അവരുടെ ആരോഗ്യപ്രശ്നങ്ങളിൽ ഉപദേശങ്ങൾ നൽകി സഹായിച്ചിരുന്നുവത്രെ അയാൾ. 

കാസനോവയുടെ തന്നെ ഓര്‍മ്മക്കുറിപ്പുകള്‍ വ്യക്തമാക്കുന്നത് കാസനോവ ഒരു പരാജയപ്പെട്ട ആരോഗ്യവിദഗ്ദ്ധനാണ് എന്നാണെന്ന് പുതിയ ചില എഴുത്തുകൾ വ്യക്തമാക്കുന്നു. ഇത് യൂറോപ്പില്‍ പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന വികലമായ ആരോഗ്യസംരക്ഷണ ധാരണകളെ കുറിച്ച് കൂടി വ്യക്തമാക്കുന്നുവെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാസനോവയുടെ 'സ്റ്റോറി ഓഫ് മൈ ലൈഫ്' എഴുതിയിരിക്കുന്നത് 1970 -കളിലാണ്. ഇതില്‍ യൂറോപ്പിലുടനീളമുള്ള യാത്രകളില്‍ താന്‍ കണ്ട രോഗങ്ങള്‍, മുറിവ്, ചികിത്സ എന്നിവയെ കുറിച്ചെല്ലാം പരാമര്‍ശിക്കുന്നു. അതില്‍ ദ്വന്ദയുദ്ധത്തില്‍ പറ്റിയ മുറിവുകള്‍, സ്മോള്‍ പോക്സ്, പ്ലേഗ് എന്നിവയെല്ലാം പെടുന്നു. 

മെഡിക്കൽ ചരിത്രകാരിയും സൈക്യാട്രിസ്റ്റുമായ ലിസെറ്റ ലവറ്റ് എഴുതിയ പുസ്‍തകം 'കാസനോവാസ് ഗൈഡ് ടു മെഡിസിന്‍' (Casanova's Guide to Medicine: 18th Century Medical Practice) എന്ന പുസ്‍തകം കാസനോവയുടെ എഴുത്തിലെ മെഡിക്കൽ ഭാ​ഗങ്ങളെ കുറിച്ചുള്ള വിശകലനമാണ്. കാസനോവ ജീവിതകാലം മുഴുവൻ വൈദ്യശാസ്ത്രത്തിൽ താൽപര്യം കാത്തുസൂക്ഷിക്കുകയും ഈ വിഷയം പഠിക്കാനുള്ള ആഗ്രഹം അമ്മ തടസപ്പെടുത്തിയതിന് ശേഷവും മെഡിക്കൽ പാഠപുസ്‍തകങ്ങൾ വായിക്കുകയും ചെയ്‍തുവെന്നാണ് ലവറ്റ് പറയുന്നത്. സ്ത്രീകളടക്കമുള്ള സുഹൃത്തുക്കള്‍ക്ക് മുഖക്കുരു മാറാന്‍ മുതല്‍ ഗര്‍ഭച്ഛിദ്രത്തിന് വരെ കാസനോവ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് ലവറ്റ് പറയുന്നു. 

കാസനോവ പലപ്പോഴും ദയയുള്ളവനാണെന്നും മിസ് ലവറ്റ് പറയുന്നുണ്ട്. സ്കിന്‍ കെയര്‍ ഉപദേശമായി ചില ഭക്ഷണങ്ങളും പാനീയങ്ങളും ഉപേക്ഷിക്കാനും കാസനോവ സ്ത്രീകളെ ഉപദേശിച്ചിരുന്നു എന്ന് പറയപ്പെടുന്നു. അതുപോലെ, കൂടുതൽ വിവാദപരമായി, ഗിയസ്റ്റിനിയ വൈനെന്ന അവിവാഹിതയായ സ്ത്രീ കാമുകനാല്‍ ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഉപദേശം നല്‍കിയത് കാസനോവ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഗര്‍ഭമലസിപ്പിക്കാനായി കാമുകനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതി എന്നായിരുന്നു ഉപദേശം. എന്നാല്‍, എന്തായാലും കാസനോവ ഉപദേശിച്ച ചികിത്സ ഫലിച്ചില്ല. വൈന്‍ ഒരു കോണ്‍വെന്‍റില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍, അന്നത്തെ ഇത്തരം ഉപദേശങ്ങളെ ഇന്നത്തെ കാലവുമായി കൂട്ടിവായിക്കരുത് എന്ന് ലവറ്റ് പറയുന്നു. 

ഗർഭനിരോധനത്തെക്കുറിച്ച് കാസനോവ സ്ത്രീകളെ ബോധവത്കരിക്കുകയും ചെയ്‍തിരുന്നു എന്ന് പറയപ്പെടുന്നു. താന്‍ അതുവരെ കൂടെ കഴിഞ്ഞിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയോട് ഗര്‍ഭനിരോധനമാര്‍ഗത്തെ കുറിച്ച് വിശദീകരിക്കുകയും അവള്‍ പൊട്ടിച്ചിരിക്കുകയും ചെയ്‍തതിനെ കുറിച്ചും കാസനോവ പരാമര്‍ശിച്ചിട്ടുണ്ടത്രെ. രക്തസ്രാവം, മെർക്കുറി തുടങ്ങിയ ചികിത്സകൾ ചില സാഹചര്യങ്ങളിൽ ഫലപ്രദമാകുമെന്ന് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നു. പലപ്പോഴും മുറിവുകളിൽ നിന്നും രക്തം ഒഴുക്കിക്കളയുകയും മെർക്കുറി കുഴമ്പ് അവിടെ വച്ചുകൊടുക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍, കാസനോവ അവയുടെ ഉപയോഗത്തിലെ അപകടങ്ങളെ കുറിച്ച് തിരിച്ചറിയുകയും പറയുകയും ചെയ്‍തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. 

അവസാന കാലങ്ങളില്‍ കാസനോവ കടുത്ത വിഷാദത്തിന്‍റെ പിടിയില്‍ ആയിരുന്നു. ആ സമയങ്ങളില്‍ ദിവസത്തില്‍ 10 മണിക്കൂര്‍ വരെ ഓര്‍മ്മക്കുറിപ്പ് എഴുതി ചെലവഴിക്കുമായിരുന്നു എന്നും ലവറ്റ് പറയുന്നു. 'അദ്ദേഹം വളരെ ബുദ്ധിമാനായ ഒരു മനുഷ്യനായിരുന്നു - ഈ ദിവസങ്ങളിലെ ആളുകൾക്ക് അത് ശരിക്കും അറിയില്ല. കാരണം അയാളുടെ ലൈംഗിക താൽപ്പര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്റ്റീരിയോടൈപ്പുകളിലായിരുന്നു അദ്ദേഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്' എന്നും അവര്‍ ടൈംസിനോട് പറഞ്ഞു.

'പതിനെട്ടാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രം ഒരു നല്ല ഇടമായി കണക്കാക്കപ്പെടുന്നു. പക്ഷേ, അത് വരണ്ടതായി തോന്നുന്നതിനാല്‍ തന്നെ വായിക്കപ്പെടാതെ പോകാം. പക്ഷേ, കാസനോവ എഴുതുന്ന കഥകള്‍ വളരെ തമാശ നിറഞ്ഞതും അതേസമയം ദാരുണമായതുമാണ്. അതിനാല്‍, മറ്റുള്ളവരെ കൊണ്ട് അത് വശീകരിച്ച് വായിപ്പിക്കാൻ കാസനോവയ്ക്ക് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നും ലവറ്റ് പറയുന്നു.