ഒരു ബസ് സ്റ്റോപ്പ് മുഴുവനായി അങ്ങ് പഴമായി മാറിയാലോ? ജപ്പാനിലെ നാഗസാക്കി പ്രവിശ്യയിലെ കൊനാഗായിലാണ് വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന ഈ 'പഴക്കൂട' ബസ് സ്റ്റോപ്പുകളുള്ളത്. 

കിലോമീറ്ററുകളോളം നീളുന്ന കടൽത്തീരം, മനോഹരമായ റോഡുകൾ... ഇതിനിടയിലൂടെ ഒരു യാത്ര പോകുമ്പോൾ വഴിയരികിൽ വലിയൊരു സ്ട്രോബെറി ഇരിക്കുന്നത് കണ്ടാൽ ആരും ഒന്ന് ബ്രേക്ക് ഇട്ടു പോകും. വെറുമൊരു സ്ട്രോബെറിയല്ല, നല്ല ഉഗ്രൻ തണ്ണിമത്തനും ഓറഞ്ചും തക്കാളിയുമൊക്കെ അവിടെ വരിവരിയായി ഇരിപ്പുണ്ട്. ജപ്പാനിലെ നാഗസാക്കിയിലുള്ള കൊനഗായ് എന്ന ഗ്രാമത്തിൽ എത്തിയാൽ ഈ കാഴ്ച കണ്ട് ആരും ഒന്ന് അമ്പരക്കും. സംഗതി മറ്റൊന്നുമല്ല, ആളുകൾക്ക് ബസ് കാത്തിരിക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള ബസ് സ്റ്റോപ്പുകളാണ് ഈ പഴങ്ങൾ!

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

1945-ൽ ആറ്റംബോംബ് ആക്രമണത്തിൽ തകർന്നുപോയ നഗരമാണ് നാഗസാക്കി. ആ കറുത്ത ദിനത്തിന് ശേഷം തകർന്നുപോയ പ്രദേശത്തെയും അവിടുത്തെ ജനങ്ങളെയും പുതിയൊരു പ്രതീക്ഷയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ബസ് സ്റ്റോപ്പുകൾ. 1990-ൽ നാഗസാക്കിയിൽ നടന്ന 'ട്രാവൽ എക്സ്പോ'യുടെ ഭാഗമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായാണ് ഇവ നിർമ്മിക്കപ്പെട്ടത്.

നാഗസാക്കിയിലെ ഹൈവേ 207-ലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന ഈ കാഴ്ചകൾ ഇന്ന് 'ടോക്കിമെക്കി ഫ്രൂട്ട് ഷേപ്പ്‌ഡ് ബസ് സ്‌റ്റോപ്പ് അവന്യൂ' എന്നാണ് അറിയപ്പെടുന്നത്. സ്ട്രോബെറി, തണ്ണിമത്തൻ, ഓറഞ്ച്, തക്കാളി, മസ്ക് മെലൺ എന്നിങ്ങനെ അഞ്ച് പഴവർഗ്ഗങ്ങളുടെ രൂപത്തിൽ ആകെ 16 സ്റ്റോപ്പുകളാണുള്ളത്. നാഗസാക്കിയിലെ മണ്ണും കാലാവസ്ഥയും പഴങ്ങളുടെ കൃഷിക്ക് ഏറെ അനുയോജ്യമാണ്. അതുകൊണ്ടുതന്നെ അവിടുത്തെ നാടൻ വിളകൾക്കുള്ള ആദരസൂചകമായിട്ടാണ് ഈ ഫ്രൂട്ട് തീം തിരഞ്ഞെടുത്തത്. ഇതിലൂടെ പ്രദേശത്തെ കൃഷിയെ പ്രോത്സാഹിപ്പിക്കാനും വിനോദസഞ്ചാരത്തിന് പുതിയൊരു മുഖം നൽകാനും അധികൃതർക്ക് സാധിച്ചു. പ്രദേശം സന്ദർശിക്കുന്നവർക്ക് സന്തോഷവും പുതുമയും നൽകുക എന്നതാണ് ഈ നിർമ്മിതിയിലൂടെ ലക്ഷ്യമിടുന്നത്.

View post on Instagram

ദൂരെ നിന്ന് നോക്കിയാൽ ഭീമാകാരമായ പഴങ്ങൾ ആരോ റോഡരികിൽ കൊണ്ടു വെച്ചിരിക്കുകയാണെന്നേ തോന്നു. ഓരോ പഴത്തിനുള്ളിലും യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യപ്രദമായ ബെഞ്ചുകളും വെളിച്ചം കടക്കാൻ ചെറിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു എക്സ്പോയ്ക്ക് വേണ്ടി തുടങ്ങിയ ഈ ബസ് സ്റ്റോപ്പ് ഇന്ന് ജപ്പാൻ ടൂറിസത്തിന്റെ തന്നെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.