ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ് കുന്നിന് മുകളിൽ ഒരു ഭീമാകാരൻ ലിം​ഗപ്രതിമ സ്ഥാപിക്കപ്പെട്ടതായി ആ ജർമ്മൻ ന​ഗരത്തിലുള്ളവർ കാണുന്നത്. നാട്ടുകാരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ട പ്രതിമ ഇപ്പോൾ ഒരു രാത്രിയിൽ അതുപോലെ തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. ഈ ജര്‍മ്മന്‍ പട്ടണത്തിലെ സാംസ്‌കാരിക സ്മാരകമായിപ്പോലും അറിയപ്പെടുന്ന 'ഹോള്‍സ്‌പെനിസ്' കാണാതെ പോയതില്‍ അന്തംവിട്ടിരിക്കുകയാണ് അവിടെയുള്ള പൊലീസും നാട്ടുകാരും. ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ് പ്രതിമ അപ്രത്യക്ഷമായ വിവരം അറിയുന്നത്. രാത്രിയില്‍ അതിനെന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. 

വാരാന്ത്യത്തിലാണ് രണ്ട് മീറ്റര്‍ ഉയരമുള്ള ഈ പ്രതിമ വെട്ടിമാറ്റിയതെന്ന് പ്രാദേശിക പത്രമായ ആല്‍ഗ്യൂവര്‍ സൈതുങ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 1,738 മീറ്റര്‍ ഉയരമുള്ള ഗ്രുയന്റന്‍ പര്‍വതത്തിന് മുകളിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. പ്രതിമ അറുത്തുമാറ്റിയ നിലയിലാണുള്ളത്. രാത്രിയില്‍ ആരുമില്ലാത്തപ്പോള്‍ ആരെങ്കിലും വന്ന് മുറിച്ചുമാറ്റി കൊണ്ടുപോയതാവണം എന്നാണ് അടുത്ത് ഒരു ഹട്ട് വാടകയ്‌ക്കെടുത്ത് താമസിക്കുന്ന സ്ത്രീ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസും പറയുന്നു. എന്നാല്‍, ഒരു കുറ്റകൃത്യം നടന്നതിന് തെളിവില്ല എന്ന് ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു. 

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലയുടെ മുകളില്‍ ഈ ഭീമന്‍ ലിംഗപ്രതിമ പ്രത്യക്ഷപ്പെട്ടത്. ഇത് ബവേറിയന്‍ ഗ്രാമമായ റെറ്റെന്‍ബെര്‍ഗിലേക്ക് ആളുകളെ ആകര്‍ഷിക്കുകയും ചെയ്തു. നിരവധിയാളുകള്‍ ഇതിന്റെയും ഇതോടൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്. എങ്കിലും ഇത് നിര്‍മ്മിച്ചതാരാണ് എന്നത് മാത്രം രഹസ്യമായി തുടര്‍ന്നു. നവംബര്‍ മാസത്തില്‍ ഈ ശില്‍പത്തിന് ചില തകരാറുകള്‍ സംഭവിച്ചത് സാമൂഹികമാധ്യമങ്ങളില്‍ ഏറെ തമാശകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, അധികം വൈകാതെ തന്നെ തകരാറുകള്‍ പരിഹരിക്കപ്പെട്ടു. മാസാവസാനം നഗരത്തിലെ ഒരു പ്രമുഖ മദ്യ നിര്‍മ്മാണശാല ശില്‍പത്തിന് ഒരു ബിയര്‍ വരെ സമര്‍പ്പിക്കുകയുണ്ടായി. 

ഈ പ്രതിമ ഒരു യുവാവിന് ജന്മദിനസമ്മാനം കിട്ടിയതാണെന്നും പറയപ്പെടുന്നു. എന്നാല്‍ അയാളുടെ കുടുംബം ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് 200 കിലോഗ്രാം വരുന്ന ശില്‍പം മലമുകളിലെത്തിച്ച് അവിടെ ഉപേക്ഷിച്ചതാണ് എന്ന് പ്രദേശവാസികള്‍ പറയുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലെത്രത്തോളം സത്യമുണ്ട് എന്ന് അറിവില്ല.

ഇതുപോലെ അമേരിക്കയിലെ യൂട്ടാ മരുഭൂമിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലോഹസ്തൂപം പ്രത്യക്ഷപ്പെടുകയും പിന്നാലെ ഇത് അപ്രത്യക്ഷമാവുകയും ചെയ്തതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.  

(ചിത്രം: BR24/Facebook)