ഒരു സ്ത്രീ 30,000 മുതൽ 40,000 രൂപ വരെ സമ്പാദിച്ചുതുടങ്ങിയാൽ അത് ഒരു കുടുംബത്തിന്റെ ജീവിതം എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് ഇത് തന്നെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ ചില ജോലികൾ പോലും ചിലപ്പോൾ ഒരു കുടുംബത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് യുവാവ്. ലിങ്ക്ഡ്ഇന്നിലാണ് സ്നാബിറ്റ് കമ്പനിയുടെ സീനിയർ ഡയറക്ടർ സായ് കിരൺ സിങ്കണമല കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഒരു സ്ത്രീ മാസം 30,000 മുതൽ 40,000 രൂപ വരെ സമ്പാദിച്ചുതുടങ്ങിയാൽ അത് ആ കുടുംബത്തിന്റെ തന്നെ ഭാവിയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഹൈദരാബാദ് സ്വദേശിയായ സായ് കിരൺ കുറച്ചു ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ കമ്പനിയിലെ എക്സ്പേർട്ടായ ഒരു സ്ത്രീയുമായി സംസാരിച്ച അനുഭവമാണ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. നാല് മാസമായി തങ്ങളോടൊപ്പം ജോലി ചെയ്യുന്ന ആ സ്ത്രീ പറഞ്ഞ കാര്യങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. 'തന്റെ കുട്ടിയെ ഒന്നരലക്ഷം രൂപ വാർഷിക ഫീസുള്ള സ്കൂളിൽ ചേർക്കാൻ തനിക്ക് സാധിച്ചതായി അവർ പറഞ്ഞു. അവരുടെ ഭർത്താവ് ഒരു ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തിന്റെ വരുമാനവും താൻ ഉണ്ടാക്കുന്ന തുകയും ഉൾപ്പടെ ഇപ്പോൾ അവരുടെ കുടുംബത്തിന്റെ പ്രതിമാസ വരുമാനം 80,000 മുതൽ 1 ലക്ഷം രൂപ വരെയാണ്' സായ് കിരൺ കുറിച്ചു.
ഒരു സ്ത്രീ 30,000 മുതൽ 40,000 രൂപ വരെ സമ്പാദിച്ചുതുടങ്ങിയാൽ അത് ഒരു കുടുംബത്തിന്റെ ജീവിതം എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് ഇത് തന്നെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച വിദ്യാഭ്യാസം, കൂടുതൽ സാമ്പത്തിക ഭദ്രത, ആത്മവിശ്വാസം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.
സായ് കിരണിന്റെ ഈ കുറിപ്പിന് താഴെ നിരവധി പേരാണ് അനുകൂല പ്രതികരണങ്ങളുമായി എത്തിയത്. 'തീർച്ചയായും. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ഈ വിഭാഗമാണ് വലിയ മാറ്റങ്ങൾക്ക് അർഹമായിട്ടുള്ളത്. സമൂഹത്തിന്റെ പുരോഗതിക്കായി ഇവിടെയാണ് പ്രധാനപ്പെട്ട മാറ്റങ്ങളും നിക്ഷേപങ്ങളും ഉണ്ടാകേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ഒരു സ്ത്രീ വരുമാനം കണ്ടെത്തിതുടങ്ങുമ്പോൾ, അതിന്റെ മാറ്റം ആ കുടുംബം മുഴുവൻ അനുഭവിക്കുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്.
