Asianet News MalayalamAsianet News Malayalam

ജിറാഫുകൾക്ക് ഇടിമിന്നലേറ്റ് മരിക്കാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം

ജിറാഫിനെ മിന്നലപകടങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള മൃഗമാക്കി മാറ്റുന്നത് അതിന്റെ ഉയരം മാത്രമല്ല. തലയ്ക്കു മുകളിൽ കാണപ്പെടുന്ന ചെറിയ കൊമ്പുകൾ പോലുള്ള കൂർപ്പുകൾ കൂടിയാണ്.  

giraffe's more likely to get hit by lightning during rainstorms, says study
Author
South Africa, First Published Sep 19, 2020, 11:07 AM IST

കഴിഞ്ഞ  ഫെബ്രുവരി 29 -ന്, ദക്ഷിണാഫ്രിക്കയിലെ റോക്ക്‌വുഡ് കൺസർവേഷനിൽ രണ്ടു ജിറാഫുകൾ ഇടിമിന്നലേറ്റ് മരിച്ചതോടെ അവിടത്തെ കൺസർവേഷൻ സയന്റിസ്റ്റുകൾ അതിൽ വിശേഷപ്പെട്ട ഒരു പഠനത്തിന് തുടക്കമിട്ടിരുന്നു. തുറസ്സായ ഇടങ്ങളിൽ വിഹരിക്കുന്ന മൃഗങ്ങളും ഇടിമിന്നലും തമ്മിലുള്ള ബന്ധമായിരുന്നു പഠനവിഷയം. ആ പഠനത്തിന്റെ ഫലങ്ങൾ ഏറെ കൗതുകകരമാണ്.

നോർത്ത് കോപ്പിലെ ഉണ്ടായ ഒരു പേമാരിക്കിടയിലാണ് കടുത്ത ഇടിമിന്നൽ ഉണ്ടാകുന്നതും, കൺസർവേഷനിൽ കഴിഞ്ഞിരുന്ന രണ്ടു ജിറാഫുകൾക്ക് മിന്നലേൽക്കുന്ന സാഹചര്യമുണ്ടായതും. സിസ്‌ക ഷീജൻ എന്ന ഒരു കൺസർവേഷൻ സയന്റിസ്റ്റ് ആണ് പഠനത്തിന് പിന്നിൽ.  ഉയരമുള്ളതുകാരണം ജിറാഫുകൾക്ക് മിന്നലേൽക്കാൻ സാധ്യത കൂടുതലാണ് എന്നുതന്നെയാണ് പൊതുബോധം എങ്കിലും, കൃത്യമായ ഡാറ്റ ബേസ്ഡ് പഠനങ്ങൾ ഒന്നും ഇതുവരെ വന്നിരുന്നില്ല. ജിറാഫിനെ മിന്നലപകടങ്ങൾക്ക് കൂടുതൽ സാധ്യതയുള്ള മൃഗമാക്കി മാറ്റുന്നത് അതിന്റെ ഉയരം മാത്രമല്ല. തലയ്ക്കു മുകളിൽ കാണപ്പെടുന്ന ചെറിയ കൊമ്പുകൾ പോലുള്ള കൂർപ്പുകൾ കൂടിയാണ്. ലൈറ്റനിംഗ് റോഡുകൾ പോലുള്ള അവ നല്ല മിന്നൽ സ്വീകരണികളാണ്. 

 

giraffe's more likely to get hit by lightning during rainstorms, says study

 

മിന്നൽ ഒരു മൃഗത്തെ നാലു തരത്തിൽ കൊല്ലാം. ഒന്ന്, നേരിട്ട് മിന്നലേറ്റ് ക്ഷണത്തിൽ മരിക്കാം. രണ്ട്, അടുത്തുള്ള മൃഗത്തിന് മിന്നലേൽക്കുമ്പോൾ സൈഡ് ഫ്ലാഷ് ഉണ്ടായി മിന്നലേൽക്കാം. മൂന്ന്, നിലത്ത് വന്നു പതിക്കുന്ന മിന്നലിന്റെ ഷോക്ക് തറയിലൂടെ വന്നു കൊള്ളാം, നാല്, മിന്നൽ ഏറ്റ ഏതെങ്കിലും വസ്തുവിൽ തൊട്ടുനിൽക്കുക വഴിയും മരണം സംഭവിക്കാം. 

ഷീജന്റെ പഠനം വ്യക്തമാക്കുന്നത് റോക്ക്‌വുഡിൽ മരണപ്പെട്ട രണ്ട് ജിറാഫുകളിൽ അഞ്ചുവയസ്സ് പ്രായമുള്ള മൂത്ത ജിറാഫ് തലയിൽ നേരിട്ട് ഇടിമിന്നൽ വന്നു കൊണ്ടാണ് മരിച്ചിട്ടുള്ളത് എന്നാണ്. ആ ജിറാഫിന്റെ ജഡം കിടന്നിരുന്നതിന് നാലഞ്ചടി അകലെയായി നാലുവയസ്സു പ്രായമുള്ള രണ്ടാമത്തെ ജിറാഫിന്റെ ജഡവും കിടന്നിരുന്നു.   തലയിൽ നേരിട്ട് മിന്നലേറ്റു എന്നത് തെളിയിക്കുന്ന തരത്തിൽ, മൂത്ത ജിറാഫിന്റെ തലയോട്ടിയിൽ വലിയ ഒരു പൊട്ടലും പോസ്റ്റ് മോർട്ടത്തിൽ കാണാനായിട്ടുണ്ട്. തുറസ്സായ സ്ഥലത്ത് ജിറാഫുകൾ വന്നു നിൽക്കുമ്പോൾ അവ ഈ ഇടിമിന്നലുകളെ തങ്ങളിലേക്ക് ആകർഷിക്കാൻ പോന്ന ആന്റിനകൾ പോലെയാണ് പ്രവർത്തിക്കുക. അതാണ് ഇവയ്ക്ക് ഇടിമിന്നൽ ഏൽക്കാനുള്ള ഒരു പ്രധാനകാരണം എന്നും പഠനത്തിൽ പറയുന്നുണ്ട്. ആഫ്രിക്കൻ ജേർണൽ ഓഫ് എക്കോളജിയിലാണ് ഷീജന്റെ പഠനം പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios