വളരെ ചെറുപ്പം തൊട്ടുതന്നെ അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂളിൽ വച്ച് അവൾ ഒരു മെന്റർ പ്രോ​ഗ്രാമിൽ പങ്കെടുത്തു. അവിടെ വച്ചാണ് മോന ഹംപിയെ കണ്ടുമുട്ടിയത്.

ഒരുപാട് കഷ്ടപ്പെട്ടും അധ്വാനിച്ചും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തും തങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന അനേകം മനുഷ്യരുണ്ട് ഈ ലോകത്ത്. സിവിൽ സർവീസ് പരീക്ഷകളിൽ അടക്കം പ്രതികൂല സാഹചര്യങ്ങളെ പിന്തള്ളി ഉന്നതവിജയം കരസ്ഥമാക്കിയ അനേകം പേരെ നാം കണ്ടതാണ്. ഈ പെൺകുട്ടിയും അതുപോലെ ഒരാളാണ്. അവൾ ജനിച്ചത് ജയിലിലാണ്. ഇപ്പോൾ അവൾ ഹാർവാർഡ് സർവകലാശാലയിൽ നിയമം പഠിക്കാനായി പോവുകയാണ്. 

യുഎസ്സിലെ ടെക്സസിലെ ഗാൽവെസ്റ്റൺ കൗണ്ടി ജയിലിലാണ് അറോറ സ്കൈ കാസ്റ്റ്നർ എന്ന പെൺകുട്ടി ജനിച്ചത്. ക്ലാസ്സിൽ മൂന്നാമതായിട്ടാണ് ഈ മിടുക്കി ഹൈസ്കൂൾ ബിരുദം നേടിയത്. പിന്നാലെ, നിയമം പഠിക്കുക എന്ന തന്റെ സ്വപ്നത്തെ പിന്തുടർന്ന് അവൾ ഇപ്പോൾ ഹാർഡ്‍വാർഡ് യൂണിവേഴ്സിറ്റിയിൽ ചേരാൻ പോവുകയാണ്. അവളുടെ അമ്മ ജയിലിൽ ആയിരുന്നു. ജയിലിൽ നിന്നും അവളെ പ്രസവിച്ച ഉടനെ അച്ഛനാണ് അവളെ കൊണ്ടുപോയത്. പിന്നീട് അച്ഛൻ തനിച്ച് തന്നെയാണ് അവളെ വളർത്തിയതും. 

വളരെ ചെറുപ്പം തൊട്ടുതന്നെ അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂളിൽ വച്ച് അവൾ ഒരു മെന്റർ പ്രോ​ഗ്രാമിൽ പങ്കെടുത്തു. അവിടെ വച്ചാണ് മോന ഹംപിയെ കണ്ടുമുട്ടിയത്. ഹംപിയായിരുന്നു മുന്നോട്ടുള്ള ജീവിതത്തിൽ അവളുടെ മെന്റർ. റിപ്പോർട്ടുകൾ പ്രകാരം, കാസ്റ്റ്നർ താൻ ജനിച്ച് 14 വയസ്സുള്ളപ്പോൾ ഒരിക്കൽ, ഒരേയൊരു തവണ അവളുടെ അമ്മയെ കണ്ടിരുന്നു. ഹാർവാർഡിലേക്കുള്ള അപേക്ഷ അയക്കുന്ന സമയത്ത് സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള തന്റെ ലേഖനം അവൾ തുടങ്ങിയത് 'ഞാൻ ജനിച്ചത് ജയിലിൽ ആയിരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ്. 

ഏതായാലും ജയിലിൽ ജനിച്ച ആ പെൺകുട്ടി ഇപ്പോൾ നിയമത്തിന്റെ വലിയ ലോകത്തിലേക്ക് ആത്മവിശ്വാസത്തോടെ പ്രവേശിച്ചിരിക്കയാണ്.