ആദ്യമായി ബോകോ ഹറമാണ് സ്ഥലത്തെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെങ്കില്‍ വിവിധ കൊള്ളസംഘങ്ങളും മറ്റും ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്.
നൈജീരിയൻ പട്ടണമായ ചിബോക്കിൽ നിന്നും ബോകോ ഹറം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഒരു പെൺകുട്ടിയെ ഏഴ് വർഷത്തിന് ശേഷം തിരികെയെത്തിച്ചു. വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അടുത്തേക്ക് തിരികെ എത്തിച്ചതായി ബോർനോ സ്റ്റേറ്റ് ഗവർണർ പറഞ്ഞു. ഈ പെൺകുട്ടിയുടെ കൂടെ പഠിക്കുന്ന ഇരുന്നൂറിലധികം കുട്ടികളും അന്ന് തട്ടിക്കൊണ്ടുപോയവരില്‍ പെടുന്നു.
2014 ഏപ്രിലിലാണ് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയത്. ഇത് വലിയ ആഗോളശ്രദ്ധ നേടിയിരുന്നു. ലോകത്താകമാനമുള്ള ആളുകള്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ #bringbackourgirls എന്നൊരു കാമ്പയിനും തുടങ്ങി.
ഗവർണർ ബാബഗാന സുലും പറഞ്ഞത്, പെൺകുട്ടിയും അവൾ തടവിലാക്കപ്പെട്ട സമയത്ത് വിവാഹം കഴിച്ചുവെന്ന് പറഞ്ഞ ഒരാളും 10 ദിവസം മുമ്പ് സൈന്യത്തിന് കീഴടങ്ങിയെന്നാണ്. പിന്നീട് അവളെ തിരിച്ചറിയാനും മാതാപിതാക്കളുടെ അടുത്ത് എത്തിക്കാനുമുള്ള നടപടികളുണ്ടായി.
270 പെൺകുട്ടികളെയാണ് ബോകോ ഹറം സംഘം തട്ടിക്കൊണ്ടുപോയതെങ്കിലും 2017 -ൽ 82 പേരെ മധ്യസ്ഥരുടെ സഹായത്തോടെ മോചിപ്പിച്ചു. 24 പേരെ വിട്ടയക്കുകയോ കണ്ടെത്തുകയോ ചെയ്തു. മറ്റു ചിലർ രക്ഷപ്പെട്ടു. പക്ഷേ ഏകദേശം 113 പെൺകുട്ടികളെ തീവ്രവാദി സംഘം ഇപ്പോഴും തടഞ്ഞുവച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
പെൺകുട്ടിയെ ബന്ധുക്കളുമായി വീണ്ടും ഒന്നിപ്പിക്കാനായത് ഇപ്പോഴും തടവിലുള്ള മറ്റുള്ളവരെ കണ്ടെത്തുമെന്ന പ്രതീക്ഷ ഉയർത്തിയതായി സുലും പറഞ്ഞു. സർക്കാർ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പെൺകുട്ടിക്ക് മാനസികപിന്തുണയും വൈദ്യസഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി ബോകോ ഹറമാണ് സ്ഥലത്തെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെങ്കില്‍ വിവിധ കൊള്ളസംഘങ്ങളും മറ്റും ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസമുണ്ടായ ഏറ്റവും പുതിയ ആക്രമണത്തിൽ, കടുന സംസ്ഥാനത്തെ ഒരു ബോർഡിംഗ് സ്കൂളിൽ നിന്ന് കൊള്ളക്കാർ സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി. വടക്കൻ നൈജീരിയയിൽ ഡിസംബറിന് ശേഷമുള്ള പത്താമത്തെ സ്കൂൾകുട്ടികളെ തട്ടിക്കൊണ്ടുപോകലിൽ ആയിരത്തിലധികം വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടുപോയത്.
വായിക്കാം: ബോകോ ഹറം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളുടെ നരകയാതനകൾ, ആ അനുഭവങ്ങളെഴുതിയ പുസ്തകം വരുന്നു
