Asianet News MalayalamAsianet News Malayalam

ഐഎസ്സിൽ ചേർന്ന അച്ഛനും അമ്മയും കൊല്ലപ്പെട്ടു, അനാഥയായ പെൺകുട്ടി ഒടുവിൽ സിറിയയിൽ നിന്നും യുഎസ്സിലേക്ക്...

ജൂലൈ 17 -നാണ് ആമിനയെ അവിടെ നിന്ന് മോചിപ്പിക്കുന്നത്. അവളെ ഇപ്പോൾ വടക്കുകിഴക്കൻ സിറിയയിലെ സുരക്ഷിതമായ ഒരു സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണ്. അവൾക്ക് അമേരിക്കയിലേയ്ക്ക് മടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

girl rescued from isis camp
Author
Syria, First Published Aug 4, 2021, 4:37 PM IST
  • Facebook
  • Twitter
  • Whatsapp

ആമിന മുഹമ്മദിന് എട്ടുവയസ്സാണ്. അമേരിക്കയിൽ ജനിച്ച അവൾ ഐഎസിന്റെ ഭരണത്തിന് കീഴിലാണ് വളർന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട അവൾക്കറിയുമായിരുന്നില്ല അവൾ താമസിക്കുന്നിടത്തെ ഭീകരത. എന്നിട്ടും പക്ഷേ അവൾ അനുഭവിച്ച ദുരിതങ്ങളും, വേദനകളും, ഒറ്റപ്പെടലും അവളുടെ മനസ്സിൽ ആഴത്തിൽ മുറിവുണ്ടാക്കി. എന്നാൽ ഇപ്പോൾ പുതിയൊരു ജീവിതം സ്വപ്നം കാണാൻ തുടങ്ങിയിരിക്കയാണ് അവൾ. സിറിയൻ തടങ്കൽ പാളയത്തിൽ നിന്ന് അവളെ മോചിപ്പിക്കാൻ ഒരു മുൻ നയതന്ത്രജ്ഞന് സാധിച്ചു. ഇപ്പോൾ അവളുടെ നാടായ യുഎസ്സിലേക്ക് തിരികെ പോകാനുള്ള കാത്തിരിപ്പിലാണ് ആമിന.    

ആമിനയുടെ അമ്മ ഏരിയൽ ബ്രാഡ്‌ലി ഒരു അമേരിക്കക്കാരിയായിരുന്നു. ദാരിദ്ര്യത്തിൽ വളർന്ന ബ്രാഡ്‌ലിയെ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ വിശ്വാസങ്ങളിൽ വളർത്താൻ അവളുടെ അമ്മ ശ്രമിച്ചു. എന്നാൽ, പ്രായമാകുന്തോറും അവൾ അതിൽ നിന്നകന്നു. 16 വയസ്സിൽ വീട്ടിൽ നിന്ന് ഒളിച്ചോടിയ ബ്രാഡ്‌ലി പിന്നീട് സാമൂഹിക സേവനത്തിൽ മുഴുകി. അവൾ തീർത്തും നിരീശ്വരവാദിയായി തീർന്നിരുന്നു അപ്പോഴേക്കും. ഒരു പ്രാദേശിക റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് ആമിനയുടെ പിതാവ് യാസിൻ മുഹമ്മദിനെ അവൾ പരിചയപ്പെടുന്നത്. അയാളുമായി അവൾ അടുക്കാൻ തുടങ്ങിയപ്പോൾ അവളുടെ സ്വഭാവത്തിലും വസ്ത്രധാരണത്തിലും മാറ്റം വരാൻ തുടങ്ങി. 'ഞാൻ അവളെ ആദ്യമായി കണ്ടപ്പോൾ, അവൾ ഒരു ക്രിസ്ത്യാനിയായിരുന്നു, പിന്നീട് അവൾ ഒരു സോഷ്യലിസ്റ്റായിരുന്നു, പിന്നീട് അവൾ ഒരു നിരീശ്വരവാദിയും പിന്നീട് ഒരു മുസ്ലീമും ആയി," ബ്രാഡ്‌ലിയുടെ ഒരു സുഹൃത്ത് പറഞ്ഞു.  

2011 ബ്രാഡ്‌ലി യാസിനെ വിവാഹം ചെയ്തു. പിന്നീട് ബ്രാഡ്‌ലി ക്രിസ്ത്യൻ മതം വിട്ട് ഇസ്ലാം മതം സ്വീകരിച്ചു. ടെന്നസിൽ 2011 ഡിസംബർ 8 -നാണ് ആമിന ജനിക്കുന്നത്. 2014 ൽ തീവ്രവാദ ഗ്രൂപ്പിൽ ചേരാനായി അമേരിക്ക ഉപേക്ഷിച്ചു സിറിയയിലേക്ക് പോയി. പിന്നീട് ആമിന ഐഎസിന്റെ കീഴിലാണ് വളർന്നത്. 2018 -ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു വ്യോമാക്രമണത്തിൽ അവളുടെ പിതാവ് കൊല്ലപ്പെട്ടു. അവളുടെ അമ്മയെ ഐഎസ് അനുയായിയായ ഓസ്ട്രേലിയക്കാരനായ താരേക് കംലെഹ് പുനർവിവാഹം ചെയ്തു. 2018 -ൽ അമ്മയും കൊല്ലപ്പെട്ടു.  അമ്മയുടെ മരണശേഷം, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ആളുകൾക്കുള്ള തടങ്കൽപ്പാളയത്തിലേക്ക് ആമിനയെ മാറ്റി. അവിടെ അവൾ അവളുടെ രണ്ടാനച്ഛന്റെ ഭാര്യമാരിൽ ഒരാളായ സോമാലിയക്കാരിയുടെ സംരക്ഷണയിൽ കഴിഞ്ഞു.  

ജൂലൈ 17 -നാണ് ആമിനയെ അവിടെ നിന്ന് മോചിപ്പിക്കുന്നത്. അവളെ ഇപ്പോൾ വടക്കുകിഴക്കൻ സിറിയയിലെ സുരക്ഷിതമായ ഒരു സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണ്. അവൾക്ക് അമേരിക്കയിലേയ്ക്ക് മടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ നയതന്ത്രജ്ഞൻ പീറ്റർ ഗാൽബ്രൈത്താണ് അവളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.  അദ്ദേഹത്തിനെ സഹായിച്ചത് മുൻപ് ഐഎസിന്റെ കീഴിൽ ജീവിച്ചിരുന്ന ഒരു കനേഡിയൻ സ്ത്രീയാണ്. ക്യാമ്പുകളിലെ കുട്ടികളുടെ ജീവിതം നരകതുല്യമാണെന്ന് അവർ പറയുന്നു. അവിടെ കളിചിരികളില്ല, കളിപ്പാട്ടങ്ങളില്ല. മറിച്ച് ബോംബുകളുടെയും, വെടിയുടെയും കാതടപ്പിക്കുന്ന ഒച്ചകൾ മാത്രമാണ്. അവിടത്തെ മിക്ക കുട്ടികളും അമ്മയെയോ, അച്ഛനെയോ അതോ രണ്ടുപേരെയോ നഷ്ടപ്പെട്ടവരാണ് എന്നവർ പറയുന്നു. കുട്ടിക്കാലം മുതലേ അനാഥത്വം അനുഭവിക്കുന്നവർ. അക്രമത്തിനും ദാരിദ്ര്യത്തിനും ദുരിതത്തിനും ഇടയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ. അവരുടെ മനസ്സിലും ശരീരത്തിനും ഏൽക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ് എന്നും അവർ കൂട്ടിച്ചേർത്തു. അവർ നിരന്തരമായ അപകടത്തെ നേരിടുന്നു. കഴിക്കാൻ ആഹാരമില്ലാതെ, വിദ്യാഭ്യാസമില്ലാത്ത അവരുടെ ജീവിതം വെറുതെ പാഴാകുന്നു.  

ഗൾബ്രൈത്തിനും കനേഡിയൻ വനിതയ്ക്കും പെൺകുട്ടിയെ മോചിപ്പിക്കാനായി 18 മാസത്തെ പരിശ്രമം വേണ്ടിവന്നു. ഇപ്പോൾ അവൾ തന്റെ യുഎസ് പൗരത്വം തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാവുകയാണ്. അമേരിക്കയിലെ അവളുടെ പുതിയ ജീവിതം നല്ലതാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഗാൽബ്രൈത്ത് പറഞ്ഞു. അവൾ മറ്റ് കുട്ടികളോടൊപ്പം കളിക്കുകയും, സ്കൂളിൽ പോവുകയും, കൗൺസിലിംഗിന് വിധേയമാവുകയും ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. അവളുടെ മാതാപിതാക്കളെ പോലെ ഇത്തരം തീരുമാനങ്ങൾ കൈകൊള്ളുന്നവർ അവളുടെ ജീവിതം അറിയുകയും, അവൾ എന്തിലൂടെയാണ് കടന്നുപോയതെന്ന് അറിയുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios