'പണം കിട്ടാത്തതിലല്ല അവൾ കരഞ്ഞത് ഈ ലോകം അവളെ പരാജയപ്പെടുത്തിയതു കൊണ്ടാണ്' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ ശിഖാർ പറയുന്നത്.
ദയവോടെ, കരുണയോടെ, അല്പം കൂടി പരിഗണനയോടെ മനുഷ്യർ ചുറ്റുമുള്ള മനുഷ്യരോട് പെരുമാറിയിരുന്നെങ്കിൽ എന്ന് തോന്നാറില്ലേ? ഈ ഹൃദയഭേദകമായ രംഗം കണ്ട ആർക്കും അത് തോന്നിക്കാണും. പൂക്കൾ വിൽക്കാൻ വന്ന പെൺകുട്ടിയുടെ തല്ലിയ ഓട്ടോ ഡ്രൈവറെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
കോട്ടയിൽ വച്ചാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറുടെ തല്ലുകൊണ്ട പെൺകുട്ടി ഇവിടെയുള്ള ഡിവൈഡറിന്റെ അരികിൽ നിന്നും കരയുന്നതും കാണാം. തന്റെ ഓട്ടോയ്ക്ക് പിന്നാലെ ഓടുകയും അതിന്റെ അകത്തിരിക്കുന്ന യാത്രക്കാരന് റോസാപ്പൂവ് വിൽക്കാൻ ശ്രമിക്കുകയും ചെയ്തതിനാലാണ് ഡ്രൈവർ പെൺകുട്ടിയെ അടിച്ചതെന്ന് പറയുന്നു.
'റൈഡ് വിത്ത് ശിഖാർ' എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, ഒരു ഓട്ടോറിക്ഷ കടന്നുപോയ ശേഷം പെൺകുട്ടി റോഡിലെ ഡിവൈഡറിൽ ഇരുന്ന് നിർത്താതെ കരയുന്നത് കാണാം. അതുവഴി പോവുകയായിരുന്ന, ശിഖാർ അവളെ ശ്രദ്ധിക്കുകയും വണ്ടി നിർത്തി, ആരെങ്കിലും അവളെ ഉപദ്രവിച്ചോ എന്ന് ചോദിക്കുകയും ആയിരുന്നു.
എന്നാൽ, പെൺകുട്ടി അപ്പോഴും കരയുകയും നിശബ്ദയായിരിക്കുകയും ചെയ്യുകയാണ്. അവൾ ശിഖാറിന് മറുപടിയൊന്നും നൽകിയില്ല. പിന്നീട്, വീഡിയോയിൽ തന്നെ അവൾ ഓട്ടോയിലിരിക്കുകയായിരുന്ന യാത്രക്കാരന് ഓട്ടോയുടെ പിന്നാലെ ഓടി പൂക്കൾ വിൽക്കാൻ ശ്രമിക്കവെ ഓട്ടോ ഡ്രൈവർ അവളെ തല്ലിയെന്ന് പറയുന്നുണ്ട്. ശിഖാർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും അവൾക്ക് സുഖമാണോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. റോസാപ്പൂക്കൾ താൻ വാങ്ങാം എന്നും പറഞ്ഞു. എന്നാൽ, അമ്പരന്നുപോയ പെൺകുട്ടി സംസാരിക്കാനോ ആ പണം സ്വീകരിക്കാനോ വിസമ്മതിക്കുകയായിരുന്നു.
'പണം കിട്ടാത്തതിലല്ല അവൾ കരഞ്ഞത് ഈ ലോകം അവളെ പരാജയപ്പെടുത്തിയതു കൊണ്ടാണ്' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ ശിഖാർ പറയുന്നത്. ഒപ്പം, 'നമുക്ക് മികച്ച മനുഷ്യരാകാം. ഇവിടെ ഇപ്പോഴും ദയ നിലനിൽക്കുന്നുണ്ടെന്ന് ആരെങ്കിലും വിശ്വസിക്കുന്നതിന് കാരണമാകാം' എന്നും കുറിച്ചിരിക്കുന്നത് കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഓട്ടോ ഡ്രൈവർ ചെയ്തത് വലിയ ക്രൂരതയാണ് എന്ന് പലരും കമന്റ് നൽകി. ഇപ്പോഴും തെരുവുകളിൽ കുട്ടികൾ ഇത്തരം ജോലികളിൽ ഏർപ്പെടേണ്ടി വരുന്നതിനെ കുറിച്ചും അത് അവസാനിപ്പിച്ച് ഈ കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകേണ്ടതിനെ കുറിച്ചും പലരും അഭിപ്രായപ്പെട്ടു. അവൾക്ക് അഭിമാനം തന്നെയാണ് വലുത്, അതിനാലാണ് പണം സ്വീകരിക്കാഞ്ഞത് എന്നും പലരും അഭിപ്രായപ്പെട്ടു.


