നിരവധി കുട്ടികൾ പ്രതിയായ ആളുടെ വീടിന്റെ പുറത്ത് കളിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് പുറത്തേക്ക് നോക്കിയ പ്രതി പുറത്ത് അനേകം നിഴലുകൾ കണ്ടതിനെ തുടർന്ന് അകത്തുപോയി തോക്കുമെടുത്ത് വരികയായിരുന്നു.

നിസാര കാര്യങ്ങൾക്ക് പോലും ആളുകൾ തോക്കെടുക്കുകയും മറ്റുള്ളവരെ കൊലപ്പെടുത്തുകയും ​ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്ന സ്ഥലമായി യുഎസ്സ് മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തി‌ടെ അത്തരത്തിലുള്ള അനേകം വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ വരുന്ന വാർത്ത ലൂസിയാനയിൽ ഒളിച്ചു കളിക്കുകയായിരുന്ന 14 -കാരിയെ അയൽക്കാരൻ തലയ്ക്ക് വെടിവച്ചു എന്നതാണ്. 

തലയ്ക്ക് പിറകിലേറ്റ പരിക്കുകളോടെ പെൺകുട്ടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്. കുട്ടിയുടെ അയൽക്കാരനും 58 -കാരനുമായ ഡേവിഡ് ഡോയ്‌ലിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വീടിന് പുറത്ത് നിഴൽ കണ്ടതിനാലാണ് താൻ വെടിവച്ചത് എന്നാണ് ഇയാൾ പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. 

ഞായറാഴ്ച രാവിലെയാണ് കുട്ടിക്ക് നേരെ വെടിവച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് ഫോൺ വരുന്നതും പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നതും. നിരവധി കുട്ടികൾ പ്രതിയായ ആളുടെ വീടിന്റെ പുറത്ത് കളിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് പുറത്തേക്ക് നോക്കിയ പ്രതി പുറത്ത് അനേകം നിഴലുകൾ കണ്ടതിനെ തുടർന്ന് അകത്തുപോയി തോക്കുമെടുത്ത് വരികയായിരുന്നു. പുറത്തേക്ക് വന്നപ്പോൾ തന്റെ വീടിന് പുറത്ത് കുറേപ്പേർ ഓടുന്നതായി കണ്ടു. ഉടനെ തന്നെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. അതിലൊന്നാണ് കുട്ടിയുടെ തലയ്ക്ക് പിന്നിലേറ്റത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

അടുത്തിടെ ഇതുപോലെ ഉള്ള നിരവധി സംഭവങ്ങളാണ് യുഎസ്സിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഏപ്രിൽ 18 -ന് ടെക്‌സാസിൽ, തെറ്റായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് 18 -കാരിക്ക് വെടിയേൽക്കുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

മിസൗറിയിൽ, റാൽഫ് യാൾ എന്ന 16 -കാരന് വെടികൊണ്ട് ​ഗുരുതരമായി പരിക്കേറ്റത് ഏപ്രിൽ 16 -ന്. വീട് മാറി കോളിം​ഗ് ബെൽ അടിച്ചതിനെ തുടർന്നാണ് 16 -കാരന് വെടിയേറ്റത്. 

നോർത്ത് കരോലിനയിൽ, ഏപ്രിൽ 18 -ന് ആറ് വയസ്സുകാരിയായ പെൺകുട്ടിക്കും അവളുടെ പിതാവിനും വെടിയേറ്റു. അവരുടെ ബാസ്‌ക്കറ്റ്ബോൾ പ്രതിയുടെ മുറ്റത്തേക്ക് വീണതിനെ തുടർന്നാണ് പ്രതി വെടിയുതിർത്തത്.