Asianet News MalayalamAsianet News Malayalam

മരിക്കുന്നതിന് തൊട്ടുമുമ്പ് സഹോദരന്മാർക്ക് രാഖി കെട്ടി പെൺകുട്ടി

പെൺകുട്ടിക്ക് 18 വയസിൽ താഴെയാണ് പ്രായം. അവളുടെ പരാതിയിൽ നരസിംഹുൽപേട്ട് പൊലീസ് അവളെ ഉപദ്രവിച്ചവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

girl trying to kill herself tied rakhi to brothers before dying
Author
First Published Aug 20, 2024, 1:29 PM IST | Last Updated Aug 20, 2024, 2:17 PM IST

മരിക്കുന്നതിന് തൊട്ടുമുമ്പ് ആശുപത്രിക്കിടക്കയിൽ വച്ച് സഹോദരന്മാർക്ക് രാഖി കെട്ടി പെൺകുട്ടി. തെലങ്കാനയിലാണ് ഹൃദയഭേദകമായ സംഭവമുണ്ടായത്. തെലങ്കാനയിലെ മഹബൂബാബാദ് സ്വദേശിയായ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ആശുപത്രിയിലായത്. 

ഡിപ്ലോമ ചെയ്യുകയായിരുന്നു പെണ്‍കുട്ടി. അവിടെ വച്ച് ഒരാൾ അവളോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ, അത് നിരസിച്ചതിനെ തുടർന്ന് അയാളും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി എന്ന് പൊലീസ് പറയുന്നു. ഇയാളുടെയും സുഹൃത്തുക്കളുടെയും ശല്ല്യം സഹിക്കാനാവാതെ ആ​ഗസ്ത് 15 -ന് പെൺകുട്ടി വിഷം കഴിക്കുകയായിരുന്നു. 

ഉടനെ തന്നെ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും അവസ്ഥ മോശമാവുകയും രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആശുപത്രി കിടക്കയിൽ വച്ച് പെൺകുട്ടി സഹോദരന്മാർക്ക് രാഖി കെട്ടാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അവൾ അവർക്ക് രാഖി കെട്ടിക്കൊടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പെൺകുട്ടി സഹോദരന്മാരുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്നതും കയ്യിൽ രാഖി കെട്ടിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. 

പെൺകുട്ടിക്ക് 18 വയസിൽ താഴെയാണ് പ്രായം. അവളുടെ പരാതിയിൽ നരസിംഹുൽപേട്ട് പൊലീസ് അവളെ ഉപദ്രവിച്ചവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.) 

Latest Videos
Follow Us:
Download App:
  • android
  • ios