ജന്മദിനത്തിന് ലക്ഷങ്ങൾ വിലയുള്ള ഗെയിമിംഗ് പിസി സമ്മാനിച്ചു. പിറ്റേന്ന് കാമുകനോട് ബ്രേക്കപ്പ് പറഞ്ഞ് യുവതി. സമ്മാനം നേടാനായി മാസങ്ങളായി യുവതി തന്നോട് പ്രണയം അഭിനയിക്കുകയായിരുന്നുവെന്ന് യുവാവ്.
കാമുകിക്ക് ലക്ഷങ്ങൾ വിലവരുന്ന സമ്മാനം നൽകിയതിന് തൊട്ടടുത്ത ദിവസം അവൾ യുവാവിനെ പറ്റിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. വർഷങ്ങളായി കാമുകി ആവശ്യപ്പെട്ടിരുന്ന, ഏകദേശം 3.1 ലക്ഷം രൂപ (£2500) വിലവരുന്ന ഹൈ-എൻഡ് ഗെയിമിംഗ് പിസി ജന്മദിന സമ്മാനമായി വാങ്ങി നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ബ്രേക്കപ്പ്. എന്നാൽ, ഈ വഞ്ചനയ്ക്ക് പിന്നിൽ കാമുകി മുൻകൂട്ടി തയ്യാറാക്കിയ വലിയൊരു പ്ലാൻ ഉണ്ടായിരുന്നുവെന്ന് യുവാവ് പിന്നീട് തിരിച്ചറിഞ്ഞുവെന്നാണ് പറയുന്നത്.
അപ്രതീക്ഷിതമായ ഈ ബ്രേക്കപ്പിൽ മാനസികമായി തകർന്ന യുവാവ്, നിയമോപദേശം തേടിക്കൊണ്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൂന്ന് വർഷമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും, ഇതിന് മുൻപ് ആരും തന്നെ ഇത്തരത്തിൽ സ്വാർത്ഥലാഭത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും യുവാവ് സങ്കടത്തോടെ കുറിച്ചു.
'അവളുടെ ജന്മദിനത്തിന് വലിയ തുക ചിലവഴിച്ചാണ് ഞാൻ ഗെയിമിംഗ് പിസി വാങ്ങി നൽകിയത്. എന്നാൽ, തൊട്ടടുത്ത ദിവസം അവൾ ബന്ധം അവസാനിപ്പിച്ചു. മാസങ്ങൾക്ക് മുൻപേ എന്നെ ഉപേക്ഷിക്കാൻ അവൾ പദ്ധതിയിട്ടിരുന്നതായി അവളുടെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ പിന്നീട് അറിഞ്ഞത്. ഞാൻ ഈ സമ്മാനം വാങ്ങി നൽകുമെന്ന് ഉറപ്പുള്ളതിനാലാണ് അവൾ ഇത്രയും നാൾ അഭിനയിച്ച് ഒപ്പം നിന്നത്. സമ്മാനം കിട്ടുന്നത് വരെ നാടകം തുടരുകയാണെന്ന് അവൾ സുഹൃത്തുക്കളോട് സമ്മതിക്കുന്ന ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും എനിക്ക് ലഭിച്ചിട്ടുണ്ട്' യുവാവ് വെളിപ്പെടുത്തി.
യുകെയിലെ നിയമപ്രകാരം ഒരാൾക്ക് മനഃപൂർവ്വം നൽകിയ സമ്മാനം പിന്നീട് തിരികെ ചോദിക്കാൻ നിയമപരമായ അവകാശമില്ല. അത് വാങ്ങിയ ആളുടെ സ്വന്തം സ്വത്തായി മാറും. എന്നാൽ, തന്നെ വഞ്ചിക്കാൻ വേണ്ടി മാത്രം കാമുകി പ്രണയം നടിച്ച സാഹചര്യത്തിൽ ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നാണ് യുവാവ് അന്വേഷിക്കുന്നത്. 'നിയമപരമായി ആ പിസി അവളുടേതാണെന്ന് അറിയാം. പക്ഷേ, അവൾ എന്റെ കാമുകി ആയിരുന്നില്ലെങ്കിൽ ഞാൻ അത്രയും വലിയൊരു തുക ചിലവഴിക്കില്ലായിരുന്നു. എന്നെ വഞ്ചിക്കാൻ മുൻകൂട്ടി പദ്ധതിയിട്ട്, സമ്മാനത്തിന് വേണ്ടി മാത്രം അവൾ നാടകം കളിച്ചതാണെന്ന വസ്തുതയ്ക്ക് നിയമത്തിൽ എന്തെങ്കിലും പ്രസക്തിയുണ്ടോ? എനിക്ക് ആ പിസി തിരികെ കിട്ടുമോ?' യുവാവ് ചോദിക്കുന്നു.
പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് കമന്റ് ബോക്സിൽ നടക്കുന്നത്. ഇതൊരു വലിയ ജീവിതപാഠമായി കണ്ട് പണം നഷ്ടപ്പെട്ടത് മറന്നേക്കൂ എന്ന് ചിലർ ഉപദേശിച്ചപ്പോൾ, കേസ് ജയിച്ചില്ലെങ്കിലും അവളെ കോടതി കയറ്റുന്നത് തന്നെ അവൾക്കുള്ള നല്ലൊരു ശിക്ഷയായിരിക്കുമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. 'അതിന്മേൽ അവൾക്ക് നിയമപരമായ അവകാശമുണ്ട്. എന്നാൽ അവൾ എങ്ങനെയുള്ളവളാണെന്ന് അവളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും അറിയിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ചിലപ്പോൾ ആ പിസിയേക്കാൾ അവൾക്ക് പ്രധാനം കുടുംബത്തിന്റെ മുന്നിലുള്ള അന്തസ്സായിരിക്കും.' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
