പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.
ട്വിറ്ററിൽ പലതരത്തിലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ചില പോസ്റ്റുകൾ വലിയ വിമർശനങ്ങൾക്ക് വഴി വെക്കാറുമുണ്ട്. അതുപോലെ ഒരു ട്വിറ്റർ യൂസർ ട്വിറ്ററിൽ കുറിച്ച പോസ്റ്റിന് വൻ വിമർശനമാണ് നേരിടേണ്ടി വന്നത്. സ്ത്രീവിരുദ്ധത നിറഞ്ഞ പോസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് അനേകം പേരാണ് ഇതിനെ വിമർശിച്ചത്. ട്വിറ്റർ യൂസറായ ആകാശ് പ്രസാപതിയാണ് പോസ്റ്റിട്ടത്. സ്ത്രീകളുടെ മദ്യപാനത്തെ കുറിച്ചായിരുന്നു പ്രസ്തുത പോസ്റ്റ്.
'ഇന്ന് പെൺകുട്ടികൾക്ക് അവരുടെ അച്ഛനെ പോലെ മദ്യപിക്കാനാവും, അമ്മയെ പോലെ പാചകം ചെയ്യാനാവില്ല' എന്നായിരുന്നു ഇയാൾ ട്വിറ്ററിൽ കുറിച്ചത്. മദ്യപാനം സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ, പുരുഷന്മാർക്ക് മദ്യപിക്കാം സ്ത്രീകൾ മദ്യപിക്കുന്നത് തെറ്റാണ് എന്നത് കുറേ കാലങ്ങളായി ആളുകൾ പറയുന്ന സ്ത്രീവിരുദ്ധതയാണ്. ഈ ചിന്താഗതിയെയാണ് ട്വിറ്ററിൽ പോസ്റ്റിന് പിന്നാലെ പലരും ചോദ്യം ചെയ്തത്.
പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. 'എനിക്ക് എന്റെ അമ്മയെ പോലെയും അമ്മമ്മയെ പോലെയും പാചകം ചെയ്യാനാവും അച്ഛനെ പോലെ മദ്യപിക്കാനും സാധിക്കും' എന്നായിരുന്നു ഒരാൾ ഇതിന് കമന്റായി കുറിച്ചത്. 'പാചകം സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ് എന്നാണല്ലോ വെപ്പ്, ഇതാണ് സമൂഹത്തിന്റെ മാറാത്ത പുരുഷാധിപത്യബോധം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
'പാചകം ചെയ്യുക എന്നത് പ്രാഥമികമായി കൈവരിച്ചിരിക്കേണ്ട ഒരു കഴിവാണ്. നിങ്ങളെ പോലെയുള്ള പുരുഷന്മാർക്ക് പാചകം ചെയ്യാനുള്ള കഴിവില്ല. മണ്ടത്തരങ്ങൾ പറയാനുള്ള കഴിവേ ഉള്ളൂ' എന്ന് മറ്റൊരാൾ കുറിച്ചു. ഇതുപോലെ അനവധി കമന്റുകളാണ് പോസ്റ്റിനെ തുടർന്ന് ഇയാൾക്ക് നേരിടേണ്ടി വന്നത്. ഇതാണ് സമൂഹത്തിന്റെ മാറാത്ത പുരുഷാധിപത്യബോധം എന്ന് തന്നെയാണ് പലരും കുറിച്ചത്.
