ശരീരം മുഴുവൻ കുത്തിനോവിക്കും വിധം ഉള്ള അസഹ്യമായ വേദനയിലാണ് കഴിഞ്ഞ 13 വർഷക്കാലം ഇവർ തള്ളി നീക്കിയത്. ദൈനംദിന കാര്യങ്ങൾ പോലും പലപ്പോഴും സ്വന്തമായി ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ഒക്കെ പ്രാണികളുടെ കടിയേൽക്കാത്ത ആരും ഉണ്ടാകില്ല. പ്രാണികൾ കടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്കപ്പുറത്തേക്ക് അവയുടെ ആക്രമണത്തെ ആരും അത്ര കാര്യമായും എടുക്കാറില്ല. എന്നാൽ, ചെറുപ്രാണികൾ ആണെന്ന് കരുതി അവയുടെ ആക്രമണത്തെ അത്ര നിസ്സാരമായി കാണേണ്ട എന്നാണ് ഈ യുവതിയുടെ ജീവിതം തെളിയിക്കുന്നത്. 13 വർഷങ്ങൾക്കു മുമ്പ് ഒരു ചെറിയ പ്രാണിയുടെ കടിയേറ്റ യുവതിക്ക് ഏറെക്കുറെ രണ്ട് കാലുകളും നഷ്ടപ്പെടും എന്ന അവസ്ഥ വരെയെത്തി. 40 -കാരിയായ ഈ സ്ത്രീ ഇന്നും അപ്രതീക്ഷിതമായി ശരീരത്തിനും മനസ്സിനും ഏറ്റ മുറിവിന്റെ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ല.

2009 -ലാണ് ബാസിൽഡൺ സ്വദേശിയായ ജോർജ ഓസ്റ്റിൻ എന്ന സ്ത്രീയ്ക്ക് തൻറെ വീട്ടുമുറ്റത്തെ പുൽത്തകടി വൃത്തിയാക്കുന്നതിനിടയിൽ നാട്ട് (gnat) എന്നറിയപ്പെടുന്ന ഒരു ചെറു പ്രാണിയുടെ കടിയേറ്റത്. കാഴ്ചയിൽ കൊതുകിന് സമാനമായ ചിറകുകളുള്ള ചെറുപ്രാണിയാണ് ഇവ. പ്രാണിയുടെ കടിയേറ്റെങ്കിലും ജോർജ അത് അത്ര കാര്യമായി എടുത്തില്ല. പക്ഷേ, അധികം വൈകാതെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം വരുന്ന ഒരു ചർമ്മരോഗം അവരിൽ പിടിപെട്ടു. പ്രാണിയുടെ കടിയേറ്റപ്പോൾ ശരീരത്തിൽ ഉണ്ടായ അണുബാധയിൽ നിന്നാണ് ഈ അപൂർവ്വ ചർമരോഗം പിടിപ്പെട്ടതെന്ന് ഡോക്ടർമാർ ജോർജയോട് പറഞ്ഞു. അപ്പോൾ മാത്രമാണ് താൻ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഭീകരാവസ്ഥയെ കുറിച്ച് അവൾ മനസ്സിലാക്കിയത്. അണുബാധ രൂക്ഷമായതോടെ അവളുടെ ഇരുകാലുകളും മുറിച്ചുമാറ്റേണ്ടി വരും എന്ന് വരെ ഡോക്ടർമാർ പറഞ്ഞു.

ശരീരം മുഴുവൻ കുത്തിനോവിക്കും വിധം ഉള്ള അസഹ്യമായ വേദനയിലാണ് കഴിഞ്ഞ 13 വർഷക്കാലം ഇവർ തള്ളി നീക്കിയത്. ദൈനംദിന കാര്യങ്ങൾ പോലും പലപ്പോഴും സ്വന്തമായി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും വേദനകൾക്കും ഒടുവിൽ ഇപ്പോൾ ഇവരുടെ ശരീരത്തിൽ നിന്നും അണുബാധയെ പൂർണമായും തുടച്ചുനീക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇവരെ ചികിത്സിച്ച ഡോക്ടർമാർ. ഈ ഡിസംബർ മാസത്തോടെയാണ് ഇവർ പൂർണമായും അണുബാധയിൽ നിന്നും മുക്തയായ വിവരം ഡോക്ടർമാർ ഇവരെ അറിയിച്ചത്. കടന്നുപോയ ദിനങ്ങളെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും ആകുന്നില്ലെന്നും താനിപ്പോൾ ചന്ദ്രനു മുകളിലാണെന്നും ആണ് ജോർജ് ദ മിററിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.