കഴിഞ്ഞ വർഷം ഡിസംബറിൽ ടാറ്റ, ഗോവയുമായി ഇരിക്കുന്ന ഒരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടുകയുണ്ടായി. അതിൽ ഗോവയെ "ഓഫീസ് കൂട്ടാളി" എന്നാണ് ടാറ്റ വിളിച്ചിരുന്നത്.

വ്യവസായിയായ രത്തൻ ടാറ്റ(Ratan Tata)യ്ക്ക് നായകളോടുള്ള സ്നേഹം പ്രസിദ്ധമാണ്. മുംബൈയിലെ ടാറ്റ ഗ്രൂപ്പിന്റെ ആഗോള ആസ്ഥാനമായ ബോംബെ ഹൗസിൽ തെരുവ് നായ്ക്കൾക്കായി അദ്ദേഹം ഒരു പ്രത്യേക അഭയകേന്ദ്രം നിർമ്മിച്ചിട്ടുണ്ട്. നിരവധി തെരുവ് നായ്ക്കൾ അവരുടെ ആസ്ഥാനത്തിന്റെ പരിസരത്ത് വിഹരിക്കുന്നു. എന്നാൽ, അക്കൂട്ടത്തിൽ രത്തൻ ടാറ്റയുടെ പ്രിയങ്കരനായി ഒരാൾ മാത്രമേയുള്ളൂ, ഗോവ(Goa). കറുപ്പും വെളുപ്പും ഇടകലർന്ന നിറമുള്ള അവൻ ബോംബെ ഹൗസിലെ നായകനാണ്.

രത്തൻ ടാറ്റയുടെ ഓഫീസിലാണ് ഗോവ താമസിക്കുന്നത് പോലും. മാത്രമല്ല, രത്തൻ ടാറ്റയുടെ ഓഫീസിൽ നടക്കുന്ന എല്ലാ മീറ്റിംഗുകളിലും അവനും പങ്കെടുക്കുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയുടെ സ്ഥാപകയായ കരിഷ്മ മേത്ത, രത്തൻ ടാറ്റയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം സോഷ്യൽ മീഡിയയിൽ അടുത്തിടെ പങ്കുവച്ചു. തന്റെ പോസ്റ്റിൽ, രത്തൻ ടാറ്റയ്‌ക്കൊപ്പമുള്ള ഈ നായയുടെ കഥയും അവർ പറയുന്നു. ടാറ്റയുടെ ഓഫീസ് സന്ദർശിച്ചപ്പോൾ, അദ്ദേഹത്തിന്റെ അടുത്തുള്ള കസേരയിൽ ഒരു നായ സുഖമായി കിടക്കുന്നത് അത്ഭുതത്തോടെ കരിഷ്മ കണ്ടു. അവർക്ക് നായകളെ ഭയമായിരുന്നു. "ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു. എനിക്ക് നായ്ക്കളെ ഭയമാണ്. എന്നാൽ അഭിമുഖത്തിനായി വർഷങ്ങളായി ഞാൻ കാത്തിരിക്കുന്ന ഒരാളാണ് എന്റെ മുൻപിൽ ഇരുന്നിരുന്നത്" അവർ ലിങ്ക്ഡ്ഇനിൽ എഴുതി. കരിഷ്മ നായയെ കണ്ട് വല്ലാതെ ഭയന്ന് പോയി. ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശാന്തനു നായിഡുവിനോട് അവർ രഹസ്യമായി തന്റെ ഭയത്തെ കുറിച്ച് പറഞ്ഞു. എന്നാൽ രത്തൻ ടാറ്റ അവൾ പറയുന്നത് കേട്ടു, അവർക്ക് ബുദ്ധിമുട്ടുണ്ടോ എന്ന് തിരക്കി.

ശാന്തനു അദ്ദേഹത്തോട് കരിഷമയുടെ നായ്ക്കളോടുള്ള പേടിയെക്കുറിച്ച് സൂചിപ്പിച്ചു. ഇത് കേട്ട് ടാറ്റ പുഞ്ചിരിച്ചു കൊണ്ട് തന്റെ ഓഫീസ് നിവാസിയായ ഗോവയോട് നിർദ്ദേശിച്ചു, "ഗോവാ, അവർക്ക് നിന്നെ പേടിയാണ്, ദയവായി ഒരു നല്ല കുട്ടിയായി ഇരിക്കൂ!" തുടർന്ന് അഭിമുഖം നടന്നു. എന്നാൽ, അത് തീരുന്നതു വരെയും ഗോവ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. “ഞാൻ കളിപറയുകയല്ല. 30-40 മിനിറ്റ് നേരം ഞാൻ അവിടെ ഉണ്ടായിരുന്നു. ഗോവ എന്റെ അടുത്തെങ്ങും വന്നില്ല! എനിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല" കരിഷ്മ കുറിച്ചു. പിന്നീട് ടാറ്റ അവരോട് ഗോവയുടെ കഥ പറയാൻ തുടങ്ങി. ഗോവ ഒരു തെരുവ് നായയാണെന്ന് ടാറ്റ അവരെ അറിയിച്ചു. ഗോവയെ അവർ ദത്തെടുത്തതാണെങ്കിലും, ഇപ്പോൾ അവനാണ് ഞങ്ങളെ ദത്തെടുത്തിരിക്കുന്നത് എന്നദ്ദേഹം കരിഷ്മയോട് പറഞ്ഞു. ടാറ്റ തന്റെ മീറ്റിംഗുകളിൽ തിരക്കിലായിരിക്കുമ്പോൾ ഗോവ ദിവസം മുഴുവൻ ഓഫീസിൽ ചെലവഴിക്കുന്നു.

View post on Instagram

കഴിഞ്ഞ വർഷം ഡിസംബറിൽ ടാറ്റ ഗോവയുമായി ഇരിക്കുന്ന ഒരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടുകയുണ്ടായി. അതിൽ ഗോവയെ "ഓഫീസ് കൂട്ടാളി" എന്നാണ് ടാറ്റ വിളിച്ചിരുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ ഒരു ചോദ്യത്തിന് മറുപടിയായി എന്തുകൊണ്ടാണ് നായയ്ക്ക് ഗോവ എന്ന് പേരിട്ടതെന്ന് രത്തൻ ടാറ്റ വെളിപ്പെടുത്തി. ഗോവയിൽ നിന്നാണ് അവനെ അവർക്ക് കിട്ടിയത്. ഗോവയിൽ എന്റെ സഹപ്രവർത്തകന്റെ കാറിൽ കയറി ബോംബെ ഹൗസിലേക്ക് വരുമ്പോൾ അവൻ ഒരു തെരുവ് നായ്ക്കുട്ടിയായിരുന്നു. ഗോവയിൽ നിന്ന് കിട്ടിയത് കൊണ്ടാണ് അവന് ഗോവ എന്ന് പേരിട്ടത് എന്നദ്ദേഹം വിശദീകരിച്ചു.