ഇന്ത്യയില്‍ പലപ്പോഴും നാം വഴിയരികില്‍ മൃഗങ്ങളെ കാണാറുണ്ട്. പലപ്പോഴും വണ്ടിയിടിച്ച് ജീവന്‍ നഷ്ടമാകുന്നവയെയും കാണാം. നാം പലപ്പോഴും അവ കണ്ടില്ലെന്ന് നടിച്ചോ മുഖം തിരിച്ചോ നടന്നു പോകാറാണ് പതിവ്. ഇവിടെ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തിൽ ഒരൽപം വ്യത്യസ്തനാവുകയാണ്. ഗോബിന്ദ് പ്രസാദ് പട്നായിക് എന്ന് പേരായ അദ്ദേഹം തെരുവ് കന്നുകാലികളെ സംരക്ഷിക്കാനുള്ള തീരുമാനം എടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തിരിക്കുകയാണ്. ഒഡീഷയിലെ പുരി ജില്ലയില്‍ ഈ അറുപത്തിയാറുകാരന്‍ ഒരു വെറ്ററിനറി ആശുപത്രിയും ഒരു ആശ്രമവും ഈ മൃഗങ്ങള്‍ക്കായി തുറന്നിരിക്കുന്നു. 

ശ്രീ ജഗന്നാഥ് ഗോ സേവാ സന്‍സ്ഥാന്‍ 2013 -ലാണ് ആരംഭിച്ചത്. കൂട്ടുകാര്‍ക്കൊപ്പമായിരുന്നു പട്നായിക് ഈ ആശുപത്രി തുടങ്ങിയത്. അതില്‍ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍, ഒരു ഐസിയു, ഇന്‍ഡോര്‍ ട്രീറ്റ്മെന്‍റ് എന്നിവയെല്ലാമുണ്ട്. 18 തരത്തിലെങ്കിലുമുള്ള കന്നുകാലികള്‍ ഇവിടെ ചികിത്സ നേടുന്നു. ഗവ. മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാണ്. അവര്‍ സൗജന്യമായിട്ടാണ് ഈ കന്നുകാലികളെ ചികിത്സിക്കുന്നത്. 

പക്ഷേ, ആശുപത്രി മാത്രം പോര, ഒരു അഭയസ്ഥാനം കൂടി അവര്‍ക്ക് വേണമെന്ന് തോന്നിയപ്പോള്‍ പട്നായിക് തന്‍റെ സുഹൃത്തിനെ സമീപിച്ചു. അഞ്ച് ഏക്കറില്‍ ഒരു അഗ്രോ കമ്പനി നടത്തുകയായിരുന്നു ആ സുഹൃത്ത്. അദ്ദേഹത്തിന്‍റെ വ്യവസായം പൂട്ടിയപ്പോള്‍ അവിടെ കന്നുകാലികള്‍ക്കായി ഒരു അഭയകേന്ദ്രം തുടങ്ങാന്‍ സ്ഥലം അനുവദിച്ച് കിട്ടുമോ എന്ന് അന്വേഷിച്ചു. സുഹൃത്ത് അത് അംഗീകരിക്കുകയായിരുന്നുവെന്ന് പട്നായിക് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം പട്നായിക് നിലാദ്രി ഗോ സേവ ആശ്രമം അവിടെ തുടങ്ങി. അവിടെ സ്ഥിരമായി കന്നുകാലികള്‍ക്കുള്ള തൊഴുത്തും സൌകര്യങ്ങളും ഒരുക്കി. 

എന്നാല്‍ 2019 -ലെ ഫാനി ചുഴലിക്കാറ്റില്‍ ഇത് തകരുകയുണ്ടായി. തന്‍റെ സമ്പാദ്യത്തില്‍ നിന്നും ഒമ്പത് ലക്ഷം രൂപയെടുത്ത് അദ്ദേഹം അത് പുതുക്കി പണിതു. ഇന്നവിടെ 74 തരത്തിലുള്ള 26 കാളകളുമുണ്ട്. പരിക്കേറ്റവയെ ചികിത്സയ്ക്ക് ശേഷമാണ് ആശ്രമത്തിലേക്ക് കൊണ്ടുവരുന്നത്. പോഷകസമൃദ്ധമായ കാലിത്തീറ്റയ്‌ക്കൊപ്പം മൃഗങ്ങൾക്ക് വിറ്റാമിനുകളും നൽകി വരുന്നു. മൃഗങ്ങളെ സ്ഥിരമായി പരിശോധിക്കുന്നതിനായി മൃഗഡോക്ടർമാർ ആശ്രമം സന്ദർശിക്കുകയും ചെയ്യുന്നു. കന്നുകാലികളുടെ തീറ്റയ്ക്കായി ആശ്രമഭൂമിയിൽ പുല്ല് നട്ടുവളർത്താനുള്ള ശ്രമങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്.

തന്‍റെ പെന്‍ഷനില്‍ നിന്നുമാണ് ഇതിനുള്ള ചെലവുകള്‍ പട്നായിക് കണ്ടെത്തുന്നത്. കൂടാതെ അദ്ദേഹത്തിന്‍റെ മകളും അദ്ദേഹത്തെ സഹായിക്കുന്നു. അവരാണ് വാടകയടക്കമുള്ള ചെലവുകളുടെ ഒരു വലിയ ഭാഗം നോക്കുന്നത്. പട്നായിക് ഓരോ ദിവസവും ആശ്രമം സന്ദര്‍ശിക്കുകയും അവിടെ സമയം ചെലവഴിക്കുകയും ചെയ്യുന്നു. കൂടാതെ, അവിടെയുള്ള മിക്ക കന്നുകാലികള്‍ക്കും അദ്ദേഹം പേരുകളും നല്‍കിയിട്ടുണ്ട്. 

(ആദ്യചിത്രം പ്രതീകാത്മകം)